ശബരിമല സ്ത്രീ പ്രവേശനം: ഭക്ത എന്ന നിലയില്‍ അയ്യപ്പനെ കാണണമെന്ന് ബിന്ദു കൃഷ്ണ, പാര്‍ട്ടിയില്‍ നിന്ന് രൂക്ഷവിമര്‍ശനം

2018-10-06 03:17:57am |

കൊല്ലം: ശബരിമല സ്ത്രീപ്രവേശനത്തില്‍ അനുകൂല നിലപാട് പരസ്യമാക്കിയ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് രൂക്ഷ വിമര്‍ശനം. കൊല്ലം ഡിസിസി യോഗത്തിലാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിയുടെ നിലപാടിനെ തള്ളിയാണ് ബിന്ദു കൃഷ്ണ അനുകൂല നിലപാട് സ്വീകരിച്ചത്.

യോഗത്തില്‍ വാക്കേറ്റം ഉയര്‍ന്നതോടെ ഡിസിസി യോഗം അല്‍പസമയം നിര്‍ത്തിവെച്ചു. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ഒരു ഭക്ത എന്ന നിലയില്‍ ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താനെന്നും, സ്ത്രീ പുരുഷ വിവേചനം പാടില്ലെന്നും ബിന്ദു കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിന്ദു കൃഷ്ണ വ്യക്തമാക്കിയിരുന്നു.