"ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്" അവതാരകന്‍ ഒടുവില്‍ കുറ്റവിമുക്തന്‍; വൈകിയെത്തിയ നീതിയെങ്കിലും സന്തോഷമെന്ന് ഷുഹൈബ് ഇല്യാസി

2018-10-06 03:22:11am |

ന്യുഡല്‍ഹി: ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ടെലിവിഷന്‍ അവതാരകന്‍ ഷുഹൈബ് ഇല്യാസിക്ക് 18 വര്‍ഷത്തിനു ശേഷം മോചനം. ഇല്യാസിയെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കി. രാജ്യം ഏറെ ആകാംഷയോടെ കണ്ടിരുന്ന 'ഇന്ത്യസ് മോസ്റ്റ് വാണ്ടഡ്' പരിപാടിയുടെ അവതാരകന് പരിപാടിയെ വെല്ലുന്ന ത്രില്ലര്‍ കഥയാണ് ജീവതത്തില്‍ നേരിടേണ്ടിവന്നത്.

2000 ജനുവരി 11നാണ് ഇല്യാസിയുടെ ആദ്യഭാര്യ അന്‍ജുവിനെ വീടിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്‍ജുവിനെ ഇല്യാസി സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അമ്മയും സഹോദരിയും മൊഴി കൊടുത്തതോടെ ഇല്യാസിക്ക് വില്ലന്‍ പരിവേഷമായി. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. മാര്‍ച്ച് 28ന് ഇല്യാസിയെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. സെക്ഷന്‍ 304ബി (സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം) കുറ്റമാണ് ചുമത്തിയിരുന്നതെങ്കിലും 302 പ്രകാരം കൊലപാതക കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അന്‍ജുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിചാരണയില്‍ ഇല്യാസിയെ കുറ്റക്കാരനായി കണ്ടെത്തി 2017 ഡിസംബര്‍ 20നാണ് വിചാരണ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി. അന്‍ജുവിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധിവന്നു. വിധി ചോദ്യം ചെയ്ത് ഇല്യാസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

അതേസമയം, വൈകിയെത്തിയ നീതിയാണെങ്കിലുംവിധിയില്‍ സന്തോഷമുണ്ടെന്ന് ഇല്യാസി പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നതായി മകള്‍ ആലിയ പറഞ്ഞു. പിതാവിനെ താന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഏറെ സന്തോഷമുണ്ട്. ഇക്കാലമത്രയും തങ്ങള്‍ ഏറെ അനുഭവിച്ചു. പിതാവിനെ ഏറെ വിശ്വസിക്കുന്നു. വിധിപകര്‍പ്പ് പുറത്തുവരുന്നതുവരെ കൂടുതലായി ഒന്നും പറയാനില്ലെന്നും മകള്‍ പറഞ്ഞു.