Latest News

ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിന്; തന്ത്രി കണ്ഠരര് രാജീവര്

2018-10-07 08:54:17am |

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തന്ത്രി കണ്ഠരര് രാജീവര്. സുപ്രീംകോടതി വിധിക്ക് പിന്നില്‍ നിരവധി അടിയൊഴുക്കുകള്‍ ഉണ്ട്, കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിനാണ് ചൈതന്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്ത്രി ചോദിക്കുന്നു.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ തന്ത്രികുടുംബവും എന്‍എസ്എസും പന്തളം കൊട്ടാര പ്രതിനിധികളും ഒരുമിച്ച് പരസ്യപ്രതിഷേധത്തിനിറങ്ങിയിരുന്നു. ബിജെപിയും പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടുണ്ട്. പത്തനംതിട്ടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ നടത്തും.

ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ഒരുക്കിയ പ്രതിഷേധത്തില്‍ പലകാര്യങ്ങളിലും സംഘടനമായുള്ള ഭിന്നത മറന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാര പ്രതിനിധികളും യോഗക്ഷേമസഭയും പിന്തുണയുമായെത്തി.

അതേസമയം പട്ടാളത്തെ വിളിച്ചെങ്കിലും വിധി നടപ്പാക്കണമെന്ന നിലപാടാണ് സുബ്രഹ്മണ്യം സ്വാമിക്ക്. എന്നാല്‍ സുബ്രഹ്മണ്യം സ്വാമിയുടെ നിലപാട് തള്ളിയ സംസ്ഥാന നേതൃത്വം അടുത്ത കോര്‍കമ്മിറി കൂടുതല്‍ ശക്തമായ സമരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.