കുഞ്ചാക്കോ ബോബനു നേരെ വധശ്രമം; എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യുവാവ് വധഭീഷണിയും അസഭ്യവര്‍ഷവും നടത്തി

കണ്ണൂര്‍: നടന് കുഞ്ചാക്കോ ബോബനു നേരെ വധശ്രമം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ അഞ്ചിന് രാത്രിയാണ് സംഭവം. ഷൂട്ടിങ്ങിനായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്.
സംഭവത്തില എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. നടനു നേരെ അസഭ്യ വര്‍ഷം നടത്തിയ യുവാവ് കൈയില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് മറ്റ് യാത്രികര്‍ ഓടി എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലെത്തിയതിനു ശേഷമാണ് കുഞ്ചാക്കോ ബോബന് പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതി പറഞ്ഞത്. കണ്ണൂര്‍ റെയില്‍വേ എസ്ഐ നടന് താമസിച്ച ഹോട്ടലിലെത്തി മൊഴി രേഖപ്പെടുത്തി. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് എറണാകുളം റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിയുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.