Latest News

സവാദിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി; പാളിയത് മകള്‍ ഉറക്കമുണര്‍ന്നതോടെ; രണ്ട് വട്ടം പിഴച്ച കൊലപാതകം പിന്നീട് നടത്തിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം

2018-10-09 02:45:17am |

താനൂര്‍: മലപ്പുറം താനൂരില്‍ മത്സ്യതൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന് ശേഷം. സവാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ കൊലപാതകത്തിനിടെ മകള്‍ ഉണര്‍ന്നതോടെയാണ് ഇത് സാധിക്കാതെ വന്നത്.

മുഖ്യപ്രതി ബഷീര്‍ ഇന്നലെ താനൂര്‍ എസ്.ഐക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. ബഷീറും സവാദിന്റെ ഭാര്യയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ സവാദ് സമ്മതിക്കില്ലെന്ന് മനസിലായതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.

മൂന്ന് മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി സവാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സവാദ് ഭക്ഷണം കഴിച്ചില്ല. മറ്റൊരു ദിവസം രാത്രിയില്‍ കൊലപാതകത്തിന് ശ്രമിച്ചെങ്കിലും അതും നടന്നില്ല. പിന്നീടാണ് കൃത്യമായി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയത്. കൊലപാതകത്തിനായി രണ്ട് ദിവസത്തെ അവധിക്ക് വിദേശത്ത് നിന്നും ബഷീര്‍ എത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. മാത്രമല്ല ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൊലപാതകത്തിന് ശേഷം സവാദിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സാവദിന്റെ തലക്കടിക്കുന്ന ശബ്ദം കേട്ട് ഒപ്പം ഉറങ്ങിക്കിടന്ന മകള്‍ ഉണര്‍ന്നതോടെ പദ്ധതി പൊളിയുകയായിരുന്നു. മരക്കഷ്ണം കൊണ്ട് രണ്ട് പ്രാവശ്യമാണ് സാവദിന്റെ തലയ്ക്കടിച്ചത്.

പിന്നീട് മകളെ ഭാര്യ സൗജത്ത് മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് മരണം ഉറപ്പാക്കാന്‍ സൗജത്ത് സവാദിന്റെ കഴുത്ത് മുറിച്ചു. സംഭവം പാളിയതോടെ സൗജത്ത് പിടിയിലായിരുന്നു. ബഷീറിന് സവാദിന്റെ വീട്ടില്‍ എത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തേക്ക് പോയ ബഷീര്‍ ഇന്നലെയാണ് കീഴടങ്ങിയത്. പത്രമാധ്യമങ്ങളിലടക്കം ചിത്രം ഉള്‍പ്പെടെ പ്രചരിച്ചതോടെ ജോലിയില്‍ തുടരാന്‍ കഴിയാതെ വന്നതോടെയാണ് ബഷീര്‍ കീഴടങ്ങിയത്.

ചെന്നൈ വിമാനത്താവളത്തിലെത്തി, അവിടെനിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തി. തുടർന്ന് ടാക്സി കാറിലാണ് താനൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യംചെയ്യലിനു ശേഷം പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. വിഷം കൊടുത്തു കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരിഭ്രമമില്ലാതെ കയറിവന്നു, സ്വയം പരിചയപ്പെടുത്തി

താനൂർ ∙ ക്ലീൻ ഷേവിൽ രാവിലെ പൊലീസ് സ്റ്റേഷനിൽ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തിൽ പൊലീസിനു മനസ്സിലായില്ല. ‘ഞാൻ ബഷീറാണ്, സവാദിനെ കൊന്ന...’ എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്. ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്. മാധ്യമസംഘത്തിനു മുന്നിലും ‌പതറാതെ ബഷീർ സംഭവങ്ങൾ വിവരിച്ചു. ഭക്ഷണത്തിലെ രുചിവ്യത്യാസം സവാദ് തിരിച്ചറിഞ്ഞതോടെ വിഷം നൽകി കൊല്ലാനുള്ള ശ്രമം പാളി.

പിന്നീടാണ് ആക്രമണത്തിന് തീരുമാനിച്ചത്. കൊല നടത്താൻ ദുബായിൽനിന്ന് മംഗളൂരുവിൽ എത്തി അവിടെനിന്ന് കാർ വാടകയ്ക്കെടുത്താണ് നാട്ടിലെത്തിയത്. ബഷീർ കീഴടങ്ങിയതറിഞ്ഞ് വൻ ജനക്കൂട്ടമാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കും തെളിവെടുപ്പിനും കൊണ്ടുപോകാൻ പോലും പൊലീസ് ഏറെ ബുദ്ധിമുട്ടി. സവാദ് താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ ‌ഉറക്കഗുളികകൾ കണ്ടെടുത്തു.