ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം ഒളിച്ചോടി, വീട്ടുകാരുടെ മതിപ്പില്ലാതായി ; ബന്ധുക്കള്‍ ബഹുമാനിക്കാന്‍ യുവതി കണ്ടെത്തിയ വിദ്യ കാര്‍ മോഷണം ; ആ വാഹനത്തില്‍ കാമുകനൊപ്പം സഹോദരന്റെ വിവാഹത്തിനെത്തി

2018-10-09 03:17:49am |

ഡല്‍ഹി: വീട്ടുകാരില്‍ നിന്നും മതിപ്പ് കിട്ടുന്നതിനായി ഡറാഡൂണുകാരിയായ യുവതി നടത്തിയത് കാര്‍മോഷണം. മോഷ്ടിച്ച കാറുമായി സഹോദരന്റെ വിവാഹം നടക്കുന്ന വീട്ടില്‍ എത്തിയ യുവതി കാമുകനൊപ്പമായിരുന്നു മോഷണം നടത്തിയത്. രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ നിന്നും മോഷ്ടിച്ച കാറുമായി വീട്ടിലെത്തുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയും ചെയ്തതിന് പിന്നാലെ രണ്ടു പേരും പോലീസ് പിടിയിലായി. ഇവരില്‍ നിന്നും ഒരു തോക്കും പിടിച്ചെടുത്തു.

ജാര്‍ഖണ്ഡ് സ്വദേശികളായ ഗസാല എന്ന സപ്ന, അവരുടെ സഹായി ന്യൂഡല്‍ഹി സ്വദേശി വംശ് വര്‍മ്മ, എന്നിവരാണ് പിടിയിലായത്. ഡറാഡൂണിലെ ടാക്‌സി ഡ്രൈവറായ ശുഭം ശര്‍മ്മയുടെ പരാതിയിലാണ് അറസ്റ്റ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ലജ്പത്ത് നഗറില്‍ നിന്നുമായിരുന്നു കാര്‍ മോഷണം പോയത്. ഒക്‌ടോബര്‍ 3 ന് മൂള്‍ചന്ദ് ഫ്‌ളൈ ഓവറില്‍ വെച്ച് തോക്കിന്‍ മുനയില്‍ തന്നെ നിര്‍ത്തി രണ്ടു സ്ത്രീകളും ഒരു പുരുഷനും കാര്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഡറാഡൂണില്‍ നിന്നും ഡല്‍ഹിയിലെ പാലത്തിലേക്ക് ഓട്ടം വിളിച്ച രണ്ടു യുവതികളും ഒരു പുരുഷനും തോക്കിന്‍ മുനയില്‍ നിര്‍ത്തി കാര്‍ തട്ടിയെടുത്തെന്നാണ് പരാതി.

പരാതിയില്‍ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ മോഷണത്തില്‍ പങ്കെടുത്തവരെന്ന് സംശയിക്കുന്ന യുവതിയും യുവാവും മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുന്നതായി പോലീസിന് വിവരം കിട്ടുകയും കേശപൂര്‍ മാന്‍ഡിയില്‍ വെച്ച് ഇവരെ പിടികൂടുകയുമായിരുന്നു. ബൈക്ക് യാത്രികര്‍ സപ്നയും വര്‍മ്മയുമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മോഷണത്തിനായി ഇരുവരും രഘുബീര്‍ നഗറില്‍ നിന്നായിരുന്നു തോക്കു വാങ്ങിയത്. മോഷണം പോയ ഒരു മോട്ടോര്‍ സൈക്കിളിലാണ് ഇരുവരേയും കണ്ടെത്തിയതും. വര്‍മ്മയില്‍ നിന്നും നാട്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു പിസ്റ്റളും കണ്ടെത്തി. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലില്‍ സപ്ന എല്ലാം സമ്മതിച്ചു.

ദരിദ്ര കുടുംബത്തില്‍ വളര്‍ന്ന സ്വപ്ന 2009 ല്‍ വിവാഹിതയായ ആളാണ്. എന്നാല്‍ ഭര്‍ത്താവുമായി നിരന്തരം വഴക്കിലായതോടെ അയാളെ ഉപേക്ഷിച്ച് വര്‍മ്മയ്‌ക്കൊപ്പം ഡെറാഡൂണില്‍ ജീവിച്ചു വരികയായിരുന്നു. ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ നടക്കുന്ന സഹോദരന്റെ വിവാഹത്തില്‍ വീട്ടുകാരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ കാര്‍ മോഷ്ടിച്ചതെന്നും ഇവര്‍ പറഞ്ഞു. കാമുകന്‍ വര്‍മ്മയ്ക്കും റൂര്‍ക്കീയില്‍ നിന്നുള്ള ഒരു സുഹൃത്ത് കാജലിനും ഒപ്പമാണ് മോഷണം നടത്തിയതെന്നും ഇതിനായി രഘുബീര്‍ നഗറില്‍ നിന്നും ഒരാളില്‍ നിന്നും പിസ്റ്റള്‍ വാങ്ങിയതായും സമ്മതിച്ചു.

കാര്‍ മോഷ്ടിച്ച ശേഷം തങ്ങള്‍ സംഗാം വിഹാറിലെ വര്‍മ്മയുടെ വീട്ടിലേക്കാണ് പോയതെന്നും അവിടെ ചെന്ന് കാറിന്റെ നമ്പര്‍പ്‌ളേറ്റ് മാറിയെന്നും അതിന് ശേഷം വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം രഘുബീറില്‍ തന്നെ കാര്‍ ഉപേക്ഷിച്ചതായും പറഞ്ഞു. കാറില്‍ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് വഴിയാണ് പോലീസ് വാഹനം കണ്ടെത്തിയത്.