വീണ്ടും ചാരക്കേസ്: ബ്രഹ്‌മോസില്‍ പാക്‌ ചാരന്‍, ഐ.എസ്‌.ഐയുടെ ‘ഹണിട്രാപ്പി’ല്‍ വീണു ? പിടിയിലായത് എന്‍.ഐ.ടിയില്‍നിന്നു സ്വര്‍ണമെഡലോടെ പാസായ എന്‍ജിനീയര്‍

2018-10-10 03:06:26am |

ന്യൂഡല്‍ഹി : അത്യാധുനിക ക്രൂസ്‌ മിസൈലായ ബ്രഹ്‌മോസിന്റെ സാങ്കേതികവിവരങ്ങള്‍ പാകിസ്‌താനു ചോര്‍ത്തിക്കൊടുത്തെന്ന സംശയത്തില്‍ മഹാരാഷ്‌ട്ര നാഗ്‌പുരിലെ ബ്രഹ്‌മോസ്‌ ഏറോസ്‌പേസ്‌ ലിമിറ്റഡിലെ എന്‍ജിനീയര്‍ പിടിയില്‍. ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയായ നിശാന്ത്‌ അഗര്‍വാളിനെയാണു യു.പി, മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡുകളും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്നു പിടികൂടിയത്‌. ഇയാള്‍ക്കെതിരേ ഔദ്യോഗിക രഹസ്യ സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഡി.ആര്‍.ഡി.ഒയുടെ കാണ്‍പുര്‍ ലാബറട്ടറിയിലെ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നു.

നിശാന്ത്‌ ഫെയ്‌സ്‌ബുക്കിലൂടെ പാകിസ്‌താനിലുള്ള ചില വിലാസക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കണ്ടെത്തിയിട്ടുണ്ട്‌. വനിതകളെ ഉപയോഗിച്ചുള്ള ഐ.എസ്‌.ഐയുടെ കെണിയില്‍ വീണതാണോ എന്നും എന്തൊക്കെ വിവരങ്ങളാണു കൈമാറിയതെന്നും അന്വേഷിക്കുകയാണെന്നു യു.പി: എ.ടി.എസ്‌. മേധാവി അസീം അരുണ്‍ പറഞ്ഞു. ഇയാളുടെ കമ്പ്യൂട്ടറുകളില്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവ പാക്‌, യു.എസ്‌. ചാരസംഘടനകള്‍ക്കു കൈമാറിയതായാണു സംശയം.

കുരുക്ഷേത്ര എന്‍.ഐ.ടിയില്‍നിന്നു സ്വര്‍ണമെഡലോടെ പാസായ നിശാന്ത്‌ നാലു വര്‍ഷം മുമ്പാണു ബ്രഹ്‌മോസ്‌ യൂണിറ്റില്‍ ചേര്‍ന്നത്‌. കഴിഞ്ഞ വര്‍ഷം ഡി.ആര്‍.ഡി.ഒയിലെ മികച്ച യുവശാസ്‌ത്രജ്‌ഞനുള്ള പുരസ്‌കാരം ലഭിച്ചു. ഘടകങ്ങള്‍ കൂട്ടിയിണക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്ന നിശാന്ത്‌ മിസൈലിന്റെ സാങ്കേതിക രഹസ്യങ്ങള്‍ കാര്യമായി അറിയാനിടയില്ലെന്നാണു നിഗമനം.

ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികസനത്തിന്റെ ചുമതലയുള്ള ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ), റഷ്യയുടെ മഷിനോസ്‌ട്രീയ മിലിട്ടറി ഇന്‍ഡസ്‌ട്രിയല്‍ കണ്‍സോര്‍ഷ്യം (എന്‍.പി.ഒ.എം) എന്നിവയുടെ സംയുക്‌ത സംരംഭമാണു ലോകത്തെ ഏറ്റവും വേഗമേറിയ ക്രൂസ്‌ മിസൈലായ ബ്രഹ്‌മോസ്‌. വാഹനത്തില്‍നിന്നും പോര്‍വിമാനത്തില്‍നിന്നും അന്തര്‍വാഹിനിയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്‌മോസിന്‌ 300 കി.മീ. പ്രഹരപരിധിയുണ്ട്‌. ബ്രഹ്‌മപുത്രാ നദിയുടെ രൗദ്രതയും മോസ്‌ക്വാ നദിയുടെ സൗകുമാര്യവും ചേര്‍ന്നതാണു ബ്രഹ്‌മോസ്‌ എന്ന പേര്‌. ബ്രഹ്‌മോസിനെ ചുറ്റിപ്പറ്റിയുള്ള ആദ്യത്തെ ചാരവൃത്തി ആരോപണമാണ്‌ ഇത്‌.