Latest News

മൂന്നു വര്‍ഷമായിട്ടും ഒരു ചലനവുമില്ല, രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി പിന്‍വാങ്ങുന്നു ; തിരക്കഥ തിരികെ ചോദിച്ച് കോടതിയില്‍ ഹര്‍ജി നല്‍കി

2018-10-11 03:10:10am |

uploads/news/2018/10/255885/randamoozham.jpg

കോഴിക്കോട്: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തുമെന്ന് പ്രതീക്ഷ ഉണര്‍ത്തിയ രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ തിരക്കഥ എംടി തിരികെ ചോദിച്ചതായി മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

തിരക്കഥ നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സിനിമ ഉണ്ടാകാത്ത സാഹചര്യത്തിലാണ് എംടി സിനിമയില്‍ നിന്നും പിന്‍വാങ്ങുന്നത്. തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും വ്യക്തമാക്കി. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാമൂഴം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു സംഭവമാകും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് കേട്ടിരുന്ന സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്.

പരസ്യ രംഗത്ത് നിന്നും സിനിമയുടെ വിശാല ലോകത്തേക്ക് എത്തിയിട്ടുള്ള ബി ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കിയ ഒടിയന് ശേഷം ഈ സിനിമയുടെ ജോലികളിലേക്ക് കടക്കുമെന്നായിരുന്നു നേരത്തേ പുറത്തു വന്ന വിവരം. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന സിനിമ മള്‍ട്ടിസ്റ്റാര്‍ ചിത്രമായും ഇന്ത്യയിലെ പ്രമുഖ നടന്മാരും വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദ്ധര്‍ അണിയറപ്രവര്‍ത്തകര്‍ ആകുമെന്നും ആയിരുന്നു വിവരം.

ഭീമന്റെ ആത്മസംഘര്‍ഷം പറയുന്ന കഥയില്‍ ഭീമനായി മോഹന്‍ലാലിനെയാണ് പരിഗണിച്ചിരുന്നത്. മഹാഭാരതം എന്ന പേരിലായിരുന്നു സിനിമ അനൗണ്‍സ് ചെയ്തിരുന്നതും. സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥ എംടി വാസുദേവന്‍ നായര്‍ നല്‍കി നാലു വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണജോലികള്‍ അനന്തമായി നീളുന്നതാണ് എംടിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്.

നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുകയു മടക്കി നല്‍കാനാണ് ഉദ്ദേശം. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല.