Latest News

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിച്ചു; സംസാരിച്ച് പിരിയാം എന്ന പേരില്‍ വിളിച്ചുകൊണ്ട് പോയി യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

2018-11-03 03:25:13am |

യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. രക്ഷിതാക്കളുടെ നിര്‍ബന്ധത്തില്‍ വഴങ്ങി മറ്റൊരു വിവാഹത്തിന് യുവതി സമ്മതിച്ചതിനാണ് കാമുകന്‍ കൊടും ക്രൂരത ചെയ്തത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തില്‍ യുവതിയുടെ ബന്ധുകൂടിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂര്‍ കുംഭകോണം പാപനാശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന കുമാറിന്റെ മകളായ സ്വകാര്യ സ്‌കൂള്‍ അധ്യാപിക വസന്തപ്രിയ(25) ആണ് കൊലചെയ്യപ്പെട്ടത്. കടലൂര്‍ സ്വദേശിയായ കാമുകന്‍ നന്ദകുമാറാണ് വസന്തപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നന്ദകുമാറുമായുള്ള ബന്ധം വസന്തപ്രിയയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വസന്തപ്രിയ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. ഇതാണ് പ്രതിയെ പ്രകോപിതനാക്കിയത്.

വീട്ടുകാരെ എതിര്‍ത്ത് യാതൊരു തീരുമാനവും എടുക്കില്ലെന്ന് യുവതി നന്ദകുമാറിനെ അറിയിച്ചിരുന്നു. ഇതിനിടെ വസന്തപ്രിയ മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞ് വ്യാഴാഴ് വൈകുന്നേരം യുവതി പഠിപ്പിക്കുന്ന സ്‌കൂളില്‍ നന്ദകുമാര്‍ എത്തി. തുടര്‍ന്ന് വസന്തപ്രിയയെ വിളിച്ച് തനിക്ക് സംസാരിക്കണമെന്ന് അറിയിച്ചു. സംസാരിച്ച് പിരിയാം എന്ന് പറഞ്ഞ് വസന്തപ്രിയയെ പ്രതി ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് കുംഭകോണം ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കുപിതനായ നന്ദകുമാര്‍ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വസന്തപ്രിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.