Latest News

യുവാവിനെ കാറിനുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാര്‍ അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ആശാന്‍?

2018-11-07 02:32:53am |

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന 32 കാരനെ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാര്‍ ഒളിവില്‍. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഹരികുമാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്നകാരണത്താല്‍ ഡി.വൈ.എസ്.പി യെ സസ്‌പെന്‍ഡുചെയ്തതിനു പിന്നാലെ നിരവധി പരാതികളാണ് പുറത്തുവരുന്നത്.

ചൊവ്വാഴ്ച രാത്രി പത്തിന് കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തിറങ്ങവെ സനലിന്റെ ബൈക്ക് ഡിവൈ.എസ്.പിയുടെ കാറിന് മുന്‍പിലായതിനാല്‍ കാറെടുത്തു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഡിവൈ.എസ്.പി നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് എസ്.ഐ സന്തോഷ്‌കുമാറിനോട് ഉടന്‍ കൊടങ്ങാവിളയിലേക്ക് എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സനലുമായി ഡിവൈ.എസ്.പി വാക്‌പോര് നടത്തുകയും സനലിന്റെ കൈപിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം എതിരേ വന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.

ഈ സമയം അവിടെ എത്തിയ നെയ്യാറ്റിന്‍കര എസ്.ഐ സന്തോഷ്‌കുമാര്‍ സനലിനെ കയറ്റിയ ആംബുലന്‍സുമായി നേരെ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. സ്‌റ്റേഷനില്‍ എത്തിച്ച സനല്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് വീണ്ടും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിമദ്ധ്യേയാണ് സനല്‍ മരിച്ചത്. കാറിനടിയില്‍പ്പെട്ട സനലിനെ അപകട സ്ഥലത്തു നിന്നും ഉടന്‍ തന്നെ മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും
ആശാനാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. പ്രദേശത്തെ മണല്‍വ്യാപാരി ജോസില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ കഌപ്പിംഗ് അടക്കമുള്ള തെളിവുകള്‍ സഹിതം ഹരികുമാറിനെതിരേ കെ.കെ.സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. വിജിലന്‍സ് ഉഴപ്പിയപ്പോള്‍ പരാതി ഹൈക്കോടതിയിലെത്തി. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈ.എസ്.പി വീണ്ടും കുരുക്കില്‍പെട്ടത്.

ഇതടക്കം നിരവധി പരാതികളാണ് ഹരികുമാറിനെതിരേ സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഹരികുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ഇന്റലിജന്‍സ് വിഭാഗം ശുപാര്‍ശ നല്‍കിയിരുന്നു. പക്ഷേ, സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖനേതാവാണ് ഹരികുമാറിനെതിരായ നടപടികള്‍ ഒഴിവാക്കി, നെയ്യാറ്റിന്‍കരയില്‍ തുടരാന്‍ സാഹചര്യമൊരുക്കിയത്. സനല്‍ കൊലചെയ്യപ്പെട്ട കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടില്‍ കഴിഞ്ഞ ഡിവൈ.എസ്.പി ഒരു വര്‍ഷമായി നിത്യസന്ദര്‍ശകനായിരുന്നു.

ബിനുവിന്റെ അയല്‍വാസിയാണ് ഒരുലക്ഷം കൈക്കൂലി നല്‍കിയ ജോസ്. പാറശ്ശാല എസ്.ഐ ആയിരുന്നപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും അവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നെന്നും ഹരികുമാറിനെതിരേ പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് സി.ഐ അന്വേഷിച്ച് നടപടിയെടുത്തിരുന്നു. ഫോര്‍ട്ട് സി.ഐ ആയിരുന്നപ്പോള്‍ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലില്‍ നിന്നിറക്കിവിട്ടതിന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.