Latest News

ഡി.വൈ.എസ്.പിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു

2018-11-07 02:40:49am |

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സനലിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എത്തിച്ച മൃതദേഹവുമായി രണ്ടര മണിക്കൂറോളം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വൈകുന്നേരം നാലരയ്ക്ക് ആരംഭിച്ച ഉപരോധം ആറരയോടെയാണ് അവസാനിച്ചത്. ആര്‍.ഡി.ഒ നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സനലിനെ ഡി.വൈ.എസ്.പി ഹരികുമാര്‍ മറ്റൊരു കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. ഡി.വൈ.എസ്.പിയെ ഉടന്‍ അറസ്റ്റ് ചെയ്യും. സനലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി പരിഗണിക്കും തുടങ്ങിയ ഉറപ്പുകള്‍ ആര്‍.ഡി.ഒ നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ആറരയോടെ ഉപരോധം അവസാനിച്ചതിനെ തുടര്‍ന്ന് സനലിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

രണ്ട് പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധയായ മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനല്‍. സംഭവത്തില്‍ ഡി.വൈ.എസ്.പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നെയ്യാറ്റിന്‍കരയിലെ കിടങ്ങാവിളയിലാണ് സംഭവം നടന്നത്.

കാറ് മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സനലിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മറ്റൊരു കാറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. റോഡില്‍ വീണ സനല്‍ തല്‍ക്ഷണം കാറിടിച്ച് മരിച്ചു.