Latest News

"യുവതികളെ തടയാന്‍ പൊലീസുണ്ട്, പമ്പ കടന്നിങ്ങോട്ട് പോരാന്‍ കഴിയുകയില്ല"; പൊലീസ് മൈക്കിലൂടെ തന്നെ സന്നിധാനത്തുള്ള പ്രവര്‍ത്തകരെ നിയന്ത്രിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

2018-11-07 02:42:01am |

'യുവതികളെ തടയാന്‍ പൊലീസുണ്ട്, പമ്പ കടന്നിങ്ങോട്ട് പോരാന്‍ കഴിയുകയില്ല'; പൊലീസ് മൈക്കിലൂടെ തന്നെ സന്നിധാനത്തുള്ള പ്രവര്‍ത്തകരെ നിയന്ത്രിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ പോലീസ് തന്നെ തടയുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ആര്‍എസ്എശ് നേതാവത്സന്‍ തില്ലങ്കേരി. പോലീസ് നല്‍കിയ മൈക്കിലൂടെ തന്നെയാണ് തില്ലങ്കേരി പ്രവര്‍ത്തകരോട് ഇത്തരത്തില്‍ പ്രതികരിച്ചത്. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലയാളുകള്‍ കൂട്ടത്തില്‍ കുഴപ്പം ഉണ്ടാക്കണം എന്ന് തീരുമാനിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണ് പോവാന്‍ പാടില്ല. സമാധാനപരമായി, ശാന്തമായി ദര്‍ശനം നടത്തണം. പ്രായപരിധി പുറത്തുള്ളരെ ദര്‍ശനം നടത്താന്‍ സഹായിക്കണം. അല്ലാത്തവരെ തടയാനുള്ള സംവിധാനം ഇവിടെ ഉണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. പൊലീസ് ഉണ്ട്, നമ്മുടെ വളണ്ടിയര്‍മാരുണ്ട്. പമ്പ മുചല്‍ സംവിധാനങ്ങളുണ്ട്. പമ്പ കടന്നിങ്ങോട്ട് പോരാന്‍ സാധിക്കുകയില്ല.- വത്സന്‍ തില്ലങ്കേരി പറഞ്ഞു.

തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാര്‍ പാഞ്ഞടുത്തത്. ഇവര്‍ക്ക് 52 വയസ്സുണ്ട്. തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പോലീസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പമ്പയില്‍ നിന്നും പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്.

നേരത്തെ ചിത്തിര ആട്ട പൂജ ആഘോഷത്തിനായി നട തുറന്ന ശബരിമല സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള അഞ്ജുവെന്ന യുവതിയെ പൊലീസ് മടക്കിയയച്ചു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയ ഇവരെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് ഇവരെ മടക്കിയയച്ചത്.