Latest News

തന്ത്രി സ്ഥാനം നല്‍കിയത് പരശുരാമനെന്ന് താഴണ്‍ കുടുംബം; തന്ത്രിയെ മാറ്റിയ ചരിത്രമുണ്ടെന്ന് കടകംപള്ളി

2019-01-09 03:50:00am |

തിരുവനന്തപുരം: താഴമണ്‍ തന്ത്രി കുടുംബത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് കടകംപള്ളി തന്ത്രി കുടുംബത്തെ ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന് താഴമണ്‍ കുടുംബം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. താന്ത്രികാധികാരം ബി.സി 100ല്‍ പരശുരാമന്‍ തന്നതാണെന്നും തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നുമായിരുന്നു താഴമണ്‍ കുടുംബത്തിന്റെ വാദം.

ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം തന്ത്രിമാര്‍ക്ക് മാത്രമാണ്. അത് ശാസ്ത്രഗ്രക്ഷ ങ്ങള്‍ പ്രകാരവും കീഴ്‌വഴക്കങ്ങള്‍ പ്രകാരവുമാണ് പാലിച്ച് പോരുന്നത്. തന്ത്രി സ്വീകരിക്കുന്നത് ശമ്പളമല്ല, ദക്ഷിണ മാത്രമാണ്. അതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ല തന്ത്രിയെന്നും താഴമണ്‍ കുടുംബം വാദിക്കുന്നു.

ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ ശുദ്ധിക്രിയ ചെയ്തതിന് ദേവസം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.