ഒടുവില്‍ കല്യാണിന്റെ ഒരു കോടിയുടെ തങ്കവും; ഹവാല, സ്വര്‍ണം, അനധികൃത സ്പിരിറ്റ് കോടാലി കവരുന്നത് ഇവ ; ഹവാല സംഘങ്ങള്‍ ഭയക്കുന്ന ഹൈവേ കൊള്ളക്കാരനിലേയ്ക്കുള്ള ശ്രീധരന്റെ വളര്‍ച്ച ചുമട്ടുതൊഴിലാളിയില്‍ നിന്നും

2019-01-12 02:05:40am |

കൊടകര (തൃശൂര്‍): കല്യാണ്‍ ജൂവലറിയുടെ ഒരുകോടിരൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിന്റെ ആരോപണം നേരിടുന്ന കൊടും കവര്‍ച്ചാ സംഘത്തിന്റെ തലവന്‍ ശ്രീധരന്‍ ഹൈവേ കൊള്ളക്കാരനിലേക്ക് വളര്‍ന്നത് ചുമട്ടു തൊഴിലാളിയില്‍ നിന്നും. കേരളത്തില്‍മാത്രം നാല്‍പതോളം കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ ഒമ്പത് കേസുകളും കര്‍ണാടകയില്‍ അരഡസന്‍ കേസുകളും ശ്രീധരനെതിരേ രജിസ്റ്റര്‍ ചെയ്തവയില്‍ ഉണ്ട്. പല കവര്‍ച്ചകളും പരാതിയായി പോലീസിന്റെ മുന്നില്‍ എത്താറുപോലുമില്ല.

ചുമട്ടുതൊഴിലാളിയില്‍നിന്ന് കുഴല്‍പ്പണ, ഹവാല സംഘങ്ങള്‍ ഭയക്കുന്ന െഹെവേ കൊള്ളക്കാരനിലേയ്ക്കുള്ള വളര്‍ച്ച, അതാണ് കൊടകരയ്ക്കുസമീപം മൂന്നുമുറി പഞ്ചായത്തിലെ കോടാലിയില്‍ ജനിച്ച ശ്രീധരന്റെ കഥ. കുടുംബം പുലര്‍ത്താന്‍ ചെറുപ്പത്തിലെ ചുമട്ടുതൊഴിലാളിയായതാണ് ശ്രീധരന്‍. നാട്ടിലെ ഐ.എന്‍.ടി.യു.സി. ചുമട്ടുതൊഴിലാളിയായി ഉപജീവനം കഴിച്ചിരുന്ന ശ്രീധരന്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന കോടാലി ശ്രീധരനായി വളര്‍ന്നു. ഹവാല പണം, സ്വര്‍ണാഭരണങ്ങള്‍, അനധികൃത സ്പിരിറ്റ് ഇതൊക്കെയാണ് കോടാലി ശ്രീധരന്‍ െകെവയ്ക്കുന്നതും കവരുന്നതും.

കോതമംഗലത്ത് കൊട്ടാരസദൃശ്യമായ വീട്ടില്‍ കഴിഞ്ഞിരുന്ന കോടാലി ശ്രീധരനെ പിടികൂടാന്‍ കഴിഞ്ഞ ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് സംഘം വീടു വളഞ്ഞെങ്കിലും വളര്‍ത്തുനായ്ക്കളുടെ കൂട്ടത്തെ കൂടുതുറന്നുവിട്ട് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തങ്ങളുടെ നീക്കംകേരള പോലീസിലെ ചിലര്‍ ഒറ്റികൊടുത്തതായി തമിഴ്‌നാട് പോലീസ് സംസ്ഥാന ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. 2016 ല്‍ മകന്‍ അരുണിനെ (32) ഗുണ്ടാസംഘം തട്ടികൊണ്ടുപോയി വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

പോലീസിനെപോലും അറിയിക്കാതെ ശ്രീധരന്‍ തന്റെ അനുയായികളോടൊപ്പം ഒളിത്താവളത്തിലെത്തി മകനെ മോചിപ്പിച്ചു. അതിര്‍ത്തിവിട്ടശേഷമാണ് തടവില്‍ പാര്‍പ്പിച്ചവര്‍ പോലും വിവരമറിഞ്ഞത്. കോതമംഗലത്തിന് പുറമെ തൃശൂരിലും കൊടകരയിലും കര്‍ണാടകയിലുമായി ശ്രീധരന് ഒരു ഡസനോളം ഒളിത്താവളങ്ങളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തൃശൂരില്‍ കോടാലിയിലെ വസതിയില്‍ നിന്ന് മൂന്നുവര്‍ഷം മുമ്പാണ് ശ്രീധരന്‍ കുടുംബസമേതം കോതമംഗലത്തേയ്ക്ക് മാറിയത്.

സാധാരണ ശ്രീധരനില്‍ നിന്നും കൊള്ളക്കാരനിലേക്കുള്ള വളര്‍ച്ചയില്‍ രാഷ്ട്രീയ-പോലീസ് ബന്ധങ്ങളുടെ പങ്ക് തള്ളിക്കളയാനാവില്ല. കല്യാണ്‍ ജൂവലറിയുടെ ഒരു കോടി വിലവരുന്ന സ്വര്‍ണം തട്ടിയെടുത്തതും െഹെവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന. കവര്‍ച്ചാ സംഘത്തിന്റെ നിര്‍ണായക സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തമിഴ്‌നാട്ടില്‍നിന്ന് സമാനമായ രീതിയില്‍ 3.9 കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കോയമ്പത്തൂരിനും വാളയാറിനുമിടയില്‍വച്ചാണ് കല്യാണ്‍ ജൂവലറിയുടെ വാഹനം ആക്രമിച്ച് ഒരുകോടി വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. ചാവടി പെട്രോള്‍ പമ്പിനടുത്തായി ജുവലറി ജീവനക്കാര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച ശേഷമാണ് സ്വര്‍ണവും കാറും തട്ടിയെടുത്തത്. വാളയാറിലെ ചെക്ക് പോസ്റ്റ് വഴി കടന്നു പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കൊള്ളസംഘത്തെ കുറിച്ച് സൂചന കിട്ടി.

തൃശൂരിലും പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. കൊള്ളസംഘത്തിലുണ്ടായിരുന്ന കോടാലി ശ്രീധരന്റെ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേരളത്തില്‍ തെരച്ചില്‍ തുടങ്ങി. ശ്രീധരന്റെ സംഘത്തില്‍പ്പെട്ട ഷംസുദ്ദീന്‍ എന്ന നാണിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ മലപ്പുറത്തും കോഴിക്കോടും ഉള്ള ഹവാല സംഘങ്ങളെ കാണിച്ചാണ് ഷംസുദ്ദീനെ തിരിച്ചറിഞ്ഞത്. കോയമ്പത്തൂര്‍ എസ്.പിയുടെ പ്രത്യേക സംഘം തൃശൂരിന് പുറമേ മലപ്പുറം , കോഴിക്കോട് എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. കവര്‍ച്ചക്കാര്‍ തട്ടിയെടുത്ത കാര്‍ മധൂക്കര സ്‌റ്റേഷന്‍ പരിധിയിലെ കറുപ്പിന്‍കരയെന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. കോടാലി ശ്രീധരന്‍ പ്രതിയായിട്ടുള്ള സമാന കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങളും ഇവിടെയായിരുന്നു ഉപേക്ഷിച്ചത്.