അവന്‍ ശുദ്ധനാണ്, അത് ആരാധകരെ രസിപ്പിക്കാന്‍ പറഞ്ഞത്: വിവാദ പരാമര്‍ശങ്ങളില്‍ ഹാര്‍ദികിനെ ചേര്‍ത്തു പിടിച്ച് അച്ഛന്‍

2019-01-12 02:09:45am |

മുംബൈ: സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായ സാഹചര്യത്തില്‍ ഇന്ത്യന്‍ താരം ഹാര്‍ദ്ദികിനെ പിന്തുണച്ച് പിതാവ് ഹിമാന്‍ഷു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രസ്താവനകള്‍ കൂടുതല്‍ വിവാദമാകുകയും ബിസിസിഐ നടപടി നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മൗനം വെടിഞ്ഞ് പിതാവ് തന്നെ രംഗത്തെത്തിയത്.

അവനൊരു ശുദ്ധനാണെന്നും, കരണ്‍ ജോഹറിന്റെ എന്റര്‍ടെയിന്‍മെന്റ് ഷോയില്‍ ആരാധകരെ രസിപ്പിക്കുക മാത്രമായിരുന്നു ഹാര്‍ദികിന്റെ ലക്ഷ്യമെന്നും, പാണ്ഡ്യയുടെ പ്രസ്താവനകള്‍ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നുമാണ് ഹിമാന്‍ഷു പ്രതികരിച്ചത്. അവന്റെ പ്രസ്താവനകളില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട, ആ പരാമര്‍ശങ്ങള്‍ നെഗറ്റീവായോ, സീരിയസായോ കാണേണ്ടതില്ലെന്നും ഹിമാന്‍ഷു പറഞ്ഞു.

സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓസീസ് പര്യടനത്തില്‍ നിന്നും ഇരുവരെയും ബിസിസിഐ തിരികെ വിളിച്ചു. ഉടന്‍ നാട്ടിലേക്ക് മടങ്ങാന്‍ താരങ്ങളോട് ആവശ്യപ്പെട്ടതായി ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് അറിയിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച ആരംഭിക്കുന്ന ഏകദിന മത്സരത്തിനുള്ള ടീമിലേക്ക് ഇവരെ പരിഗണിക്കരുതെന്ന് ബിസിസിഐ ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ഇതേതുടര്‍ന്ന് ഇവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

അച്ചടക്ക നടപടിയുടെ ഭാഗമായി ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതി ശുപാര്‍ശ ചെയ്തിരുന്നു. കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇരുവര്‍ക്കും ബിസിസിഐ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാകുന്ന തീരുമാനം. വിവാദ പരാമര്‍ശത്തില്‍ പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസിന് ബിസിസിഐക്ക് പാണ്ഡ്യ നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെന്ന് വിനോദ് റായ് പ്രതികരിച്ചു. ഇതേതുടര്‍ന്നാണ് രണ്ട് ഏകദിനങ്ങളില്‍ വിലക്കിന് സമിതി ശുപാര്‍ശ ചെയ്തത്.

ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍ദിക് ട്വിറ്ററിലൂടെ നടത്തിയ ക്ഷമാപണത്തില്‍ കരണ്‍ ജോഹറിന്റെ അഭിമുഖത്തിനിടെ ആവേശം കുടിപ്പോയപ്പോള്‍ നടത്തിയതാണ് പ്രസ്തുത പരാമര്‍ശങ്ങളെന്ന് ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. ടിവി ഷോയില്‍ തന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പരിപാടിയില്‍ ഹാര്‍ദികും കെഎല്‍ രാഹുലും തുറന്നു പറഞ്ഞിരുന്നു. ഹാര്‍ദികും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചില്‍.