ശബരിമല വിഷയത്തില്‍ തന്റെ പേരില്‍ സംഘപരിവാര്‍ വ്യാജപ്രചരണം; ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വമെന്ന് ശ്രീകുമാരന്‍ തമ്പി

2019-01-12 02:10:35am |

കോട്ടയം: ശബരിമല യുവതീ പ്രവേശനത്തില്‍ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജപ്രചരണം. ഏറ്റവുമൊടുവില്‍ ശബരിമല ദര്‍ശനം നടത്തിയ യുവതി വേഷം മാറിയാണ് ദര്‍ശനം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനെതിരെ ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പോസ്റ്റില്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് വ്യാജപ്രചരണം നടക്കുന്നത്. ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടിയെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ചിത്രം സഹിതം പ്രചരണം നടക്കുന്നത്.

താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണമെന്നും ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം എന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരള സര്‍ക്കാര്‍ എന്ന വാക്കോ താന്‍ പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ച് ഇവര്‍ എന്ത് നേടാന്‍ പോകുന്നു. ബംഗാളും ത്രിപുരയും ആവര്‍ത്തിക്കുമെന്ന് സ്വപ്നം കാണ്ടേന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട .നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല . എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല ...പ്രിയ സുഹൃത്തുക്കളോട് ഞാൻ ആവർത്തിക്കട്ടെ .....മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ .

നേരത്തെ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനെ വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഫെയ്‌സ്ബുക്കില്‍ അസഭ്യം പറയുകയും പിന്നീട് മാപ്പ് പറഞ്ഞ് തടിയുരുകയും ചെയ്തിരുന്നു.