Latest News

ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ കാണാതായി; കൊണ്ടുവിട്ട ഓട്ടോഡ്രൈവര്‍ സഹോദരനുമായുള്ള തര്‍ക്കത്തിനിടെ വീടിനടുത്ത് കുത്തേറ്റുമരിച്ചു ; ഏഴുമാസം ഗര്‍ഭിണിയായ ഭാര്യക്കു വെട്ടേറ്റു

2019-01-16 03:37:40am |

എടത്വാ(ആലപ്പുഴ): ഓട്ടോറിക്ഷയില്‍ പോയ പെണ്‍കുട്ടി തിരിച്ചുവരാത്തതിനെച്ചൊല്ലി സഹോദരനുമായുണ്ടായ തര്‍ക്കത്തിനിടെ ഡ്രൈവര്‍ വീടിനു സമീപം കുത്തേറ്റു മരിച്ചു. ഇദ്ദേഹത്തിന്റെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യക്കു വെട്ടേറ്റു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. തലവടി കളങ്ങര അമ്പ്രയില്‍ പുത്തന്‍പറമ്പില്‍ അനില്‍(40)ആണു മരിച്ചത്.

സഹോദരന്‍ കെവിന്‍ (19), സുഹൃത്ത് ഇരുപ്പൂട്ടില്‍ച്ചിറ അമല്‍ (അപ്പു-22) എന്നിവരെയാണ് എസ്.ഐഃ സിസില്‍ ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലേക്കെന്നു പറഞ്ഞു രാത്രി ഒന്‍പതിനാണു പെണ്‍കുട്ടി ഓട്ടോയില്‍ പോയത്. വളരെ െവെകിയിട്ടും വീട്ടിലെത്താത്തതിനാല്‍ സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യംചെയ്യുകയായിരുന്നു.

തിരിച്ച് അമ്പ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞെങ്കിലും ഇരുവരും വിശ്വസിച്ചില്ല. തുടര്‍ന്നു വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കൊണ്ടു വന്ന് ഇടതുതോളിലും വലതു നെഞ്ചിലും കുത്തുകയായിരുന്നു. അനിലിന്റെ അലര്‍ച്ചകേട്ട് ഓടിയെത്തിയപ്പോഴാണു ഭാര്യ സന്ധ്യക്കു വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കള്ള വഴിമധ്യേയാണ് ഡ്രൈവര്‍ മരിച്ചത്. ഇതിനിടെ, പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെ തിരികെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളെ െസെബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സംഭവസ്ഥലത്തു പരിശോധന നടത്തി.