Latest News

ആര്‍എസ്പിയ്ക്ക് അഭിമാനം, സിപിഎമ്മിനു് ജയം അനിവാര്യം ; കൊല്ലത്ത് ​പ്രേമചന്ദ്രനും ബാലഗോപാലും വരും ; ആനന്ദബോസിന് പിന്നാലെ ബിജെപി

2019-01-19 03:45:39am |

കൊല്ലം : ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എല്‍ഡിഎഫും യുഡിഎഫും മത്സരം തുടങ്ങുന്നത് കൊല്ലത്ത് നിന്നും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എൻ.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍ഡിഎഫ് കെ എന്‍ ബാലഗോപാലിനെ മത്സരിപ്പിച്ചേക്കാന്‍ ധാരണ. കൊല്ലത്തെ മുൻ കളക്ടർകൂടിയായ സി.വി.ആനന്ദബോസിനെ ഇറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

വെള്ളിയാഴ്ച കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസാണ് പ്രേമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പിന്നാലെ ബാലഗോപാലിന്റെ സ്ഥാനാർഥിത്വം സി.പി.എം. നേതൃത്വവും ഉറപ്പിച്ചു. സി.വി.ആനന്ദബോസിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. നേതാക്കൾ ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ സമ്മതം മൂളിയിട്ടില്ല.

മറ്റെല്ലാ മണ്ഡലങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുമ്പോളാണ് കൊല്ലത്ത് ചിത്രം തെളിയുന്നത്. തീരുമാനങ്ങളില്‍ അട്ടിമറികള്‍ സംഭവിച്ചില്ലെങ്കിൽ എൻ.കെ.പ്രേമചന്ദ്രനും കെ.എൻ.ബാലഗോപാലുമാകും തമ്മിലാകും കൊല്ലത്തെ പ്രധാനപോര്. സി.പി.എമ്മിന് അഭിമാനപ്രശ്നമാണ് ഈ തിരഞ്ഞെടുപ്പ്. രണ്ടുതവണ തുടർച്ചയായി ജയിക്കുകയും തോല്‍ക്കുകയും ചെയ്ത കൊല്ലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ഇറങ്ങുന്നത്.

ആര്‍എസ്പിയ്ക്കും വിജയിക്കേണ്ടത് അനിവാര്യമാണ്. 2014 ല്‍ പൊളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബിയെയാണ് പ്രേമചന്ദ്രന്‍ തോല്‍പ്പിച്ചത്. ഇത്തവണ രാജ്യസഭാംഗം എന്ന നിലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള കെ എന്‍ ബാലഗോപാലില്‍ നിന്നും മികച്ച മത്സരമാകും പ്രേമചന്ദ്രന് നേരിടേണ്ടി വരിക. സി.പി.എം. ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായ കെ.എൻ.ബാലഗോപാല്‍ മണ്ഡലത്തില്‍ പരിചിതനാണെങ്കിലും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ​കൂടി പ്രേമചന്ദ്രന്‍ പേരെടുത്തിരിക്കുകയാണ്.

ഇരുമുന്നണികളും തങ്ങള്‍ക്ക് കൊല്ലത്ത കിട്ടിയത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി ഇവരാണെന്ന് കരുതുമ്പോള്‍ ബിജെപി ഒപ്പം നില്‍ക്കാന്‍ പറ്റിയ ആളെ തേടിയെത്തിയിരിക്കുന്നത് സി വി ആനന്ദബോസിലാണ്. അദ്ദേഹം ബി.ജെ.പി. സ്ഥാനാർഥിയാകുമെന്നാണ് രാഷ്ടീയകേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. ആനന്ദബോസിനെ ബിജെപി കേന്ദ്രങ്ങള്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അറിവ്. ആനന്ദബോസ് കൂടി കളത്തിലെത്തുന്നതോടെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ വരുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നായി കൊല്ലം മാറും.