Latest News

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന പോലീസ് വാദം തള്ളി പിതാവ് ഉണ്ണി

2019-01-22 02:05:43am |

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന പോലീസ് വാദം തള്ളി പിതാവ് ഉണ്ണി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് പറയുന്ന എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല. പോലീസിന് അറിയാത്ത ഇടപാടുകള്‍ കൂടി ഉണ്ട്. ബാലഭാസ്‌കര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഉണ്ണി വെളിപ്പെടുത്തി. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ബാലഭാസ്‌കര്‍ ഈ ഡോക്ടര്‍ക്ക് എട്ട് ലക്ഷം രൂപ നല്‍കിയിരുന്നു. ഈ തുക ബാങ്ക് അക്കൗണ്ട് വഴി തന്നെ മടക്കി നല്‍കിയെന്നാണ് ഡോക്ടറുടെ മറുപടി. ഇതിന് ആധാരമായ രേഖകളും ഡോക്ടര്‍ സമര്‍പ്പിച്ചതായി പോലീസ് വ്യക്തമാക്കി. ഇതുവരെയുള്ള പരിശോധനയില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പോലീസ് നിലപാട് തള്ളി പിതാവ് ഉണ്ണി രംഗത്ത് വന്നത്. അതേസമയം ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. എം.ടി.എം കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ സഹായിച്ചതിനാണ് ക്രിമിനല്‍ കേസ്. ഒറ്റപ്പാലം, ചെറുതുരുത്തി പോലീസ് സ്‌റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുള്ളത്. അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജുനാണെന്നും ബാലഭാസ്‌കറാണെന്നും വ്യത്യസ്ത മൊഴികള്‍ വന്നിരുന്നു.