Latest News

ഇരകളെ വലയിലാക്കാന്‍ മതരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഇഫ്‌താര്‍ മീറ്റ്, പലിശയെ ഖുര്‍ആന്‍ വിലക്കിയതിനെക്കുറിച്ചും ഇസ്ലാമിക ബാങ്കിങ്ങിനെക്കുറിച്ചും വാചാലയായി, നൗഹീരയുടെ വാഗ്ദാനങ്ങളില്‍ ഇരകളുടെ കോടികള്‍ നഷ്ടപ്പെട്ടതെങ്ങിനെ ?

2019-01-23 02:55:14am |

കോഴിക്കോട്‌ : പലിശയെ എതിര്‍ക്കുന്ന മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചു വന്‍ തട്ടിപ്പു നടത്തിയ ഹീര ഗോള്‍ഡ്‌ എക്‌സിം എന്ന സ്‌ഥാപനം കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളില്‍നിന്നുമാത്രം തട്ടിയെടുത്തത്‌ 25 കോടിയോളം രൂപയെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പലിശയ്‌ക്കു പകരം ലാഭവിഹിതമായിരുന്നു വാഗ്‌ദാനം. മതരംഗത്തെ പ്രമുഖര്‍ കൂടി പങ്കെടുത്ത ഇഫ്‌താര്‍ മീറ്റുകളായിരുന്നു ഇവരുടെ പ്രചാരണത്തിന്റെ മുഖ്യ വേദി.

കോഴിക്കോട്‌ ഫ്രാന്‍സിസ്‌ റോഡില്‍ ഇടിയങ്ങരയില്‍ ഹീര ഓഫീസിലെ മാനേജരായിരുന്ന മുംബൈ സ്വദേശി മുഹമ്മദ്‌ ഒമര്‍ ബക്കയ്ലയെയ്‌ ഷെട്ടിയെ ചോദ്യം ചെയ്‌തതില്‍നിന്നാണു രണ്ടു ജില്ലയില്‍ നിന്നു മാത്രം 25 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന വിവരം ലഭിച്ചത്‌. ഹീര ഗ്രൂപ്പ്‌ എം.ഡിയും ഹൈദരാബാദ്‌ സ്വദേശിനിയുമായ നൗഹീര ഷെയ്‌ഖ്‌ നേരിട്ടെത്തിയാണു കോഴിക്കോട്ട്‌ അതിവിപുലമായ ഇഫ്‌താര്‍ മീറ്റുകള്‍ നടത്തിയിരുന്നത്‌.

Nowhera Shaikh

കോഴിക്കോട്ടെയും കണ്ണൂരിലെയും പ്രമുഖരെ ക്ഷണിച്ച പരിപാടിയില്‍ പലിശയെ ഖുര്‍ആന്‍ വിലക്കിയതിനെക്കുറിച്ചും ഇസ്ലാമിക ബാങ്കിങ്ങിനെക്കുറിച്ചും കച്ചവടത്തിലെ ലാഭം വീതിച്ചുനല്‍കുന്ന പുതിയ നിക്ഷേപത്തെക്കുറിച്ചും ദൈവവിശ്വാസത്തില്‍ അധിഷ്‌ഠിതമായ സുരക്ഷിത ബിസിനസിനെക്കുറിച്ചുമൊക്കെ നൗഹീര വാചാലയായി. മുസ്ലിം മാനേജ്‌മെന്റ്‌ നടത്തുന്ന ഒരു പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയും ആളുകളെ ആകര്‍ഷിച്ചു.

പി.എഫില്‍നിന്നു വായ്‌പയെടുത്തും ചിട്ടിപിടിച്ചുമൊക്കെ ലക്ഷങ്ങള്‍ നിക്ഷേപിച്ചവരും വഞ്ചിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്‌. ആദ്യമാദ്യം വന്‍ ലാഭവിഹിതം കിട്ടിയവര്‍ കൂടുതല്‍ പണം നിക്ഷേപിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിലേക്കു കണ്ണികളാക്കി. നിക്ഷേപകര്‍ക്കു 2018 മേയ്‌ വരെ വാഗ്‌ദാനം ചെയ്‌ത നിരക്കില്‍ പണം നല്‍കിയിരുന്നു. കോടികള്‍ സമാഹരിച്ചു മുങ്ങുക എന്ന ആസൂത്രിതലക്ഷ്യമായിരുന്നു പിന്നിലെന്നു തിരിച്ചറിയാന്‍ വൈകി.
മാനേജരെ ചെമ്മങ്ങാടു പോലീസാണു ചോദ്യം ചെയ്‌തത്‌. അറസ്‌റ്റിലായ ഇയാള്‍ ജാമ്യം നേടി മുംബൈയ്‌ക്കു മടങ്ങി.

Nowhera Shaikh

മൊത്തം 2.42 കോടി രൂപ നഷ്‌ടപ്പെട്ടെന്ന 17 പരാതികളാണു കിട്ടിയത്‌. ഇതില്‍ 70 ലക്ഷം രൂപ ഒരു തലശേരി സ്വദേശിയുടേതാണ്‌. അന്വേഷണത്തിന്റെ രൂപം തീരുമാനിക്കുന്നതനുസരിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനും വിവരങ്ങള്‍ കൈമാറും.