Latest News

ആന്‍ലിയയുടെ മരണം: പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കള്ളമൊഴി നല്‍കി കൂട്ടുനിന്നെന്നു പിതാവ്‌, ജസ്‌റ്റിന്‍ കീഴടങ്ങിയിട്ടും അനുനയശ്രമങ്ങളുമായി വൈദികനെത്തി

2019-01-24 02:24:29am |

കൊച്ചി: എം.എസ്‌സി നഴ്‌സിങ്‌ വിദ്യാര്‍ഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആന്‍ലിയയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കൂട്ടുനിന്നെന്നും കള്ളമൊഴി നല്‍കിയെന്നും പിതാവ്‌.

കേസില്‍ ചാവക്കാട്‌ കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ്‌ തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വടക്കൂട്ട്‌ വി.എം. ജസ്‌റ്റി(29)നെ കോടതി റിമാന്‍ഡ്‌ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ വൈദികനെതിരേ ആരോപണവുമായി ആന്‍ലിയയുടെ പിതാവ്‌ ഫോര്‍ട്ട്‌ കൊച്ചി നസ്രേത്ത്‌ പാറയ്‌ക്കല്‍ ഹൈജിനസ്‌ (അജി പാറയ്‌ക്കല്‍) എത്തിയത്‌.

കഴിഞ്ഞ ഓഗസ്‌റ്റ്‌ 28-നു രാത്രി പെരിയാര്‍ പുഴയിലാണ്‌ ആന്‍ലിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ബംഗളൂരുവില്‍ നടക്കുന്ന പരീക്ഷയ്‌ക്കായി ജസ്‌റ്റിനാണ്‌ ഓഗസ്‌റ്റ്‌ 25-ന്‌ ഉച്ചയ്‌ക്ക്‌ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആന്‍ലിയയെ കൊണ്ടുവിട്ടത്‌.

അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന പരാതി ജസ്‌റ്റിന്‍ പോലീസിനു നല്‍കി. മൃതദേഹം കണ്ടെടുത്തപ്പോള്‍ ആത്മഹത്യയാണെന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു. കൊലപാതകമാണെന്ന്‌ ആന്‍ലിയയുടെ മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍, വൈദികന്റെ മൊഴിയെ കൂട്ടുപിടിച്ച്‌ തൃശൂര്‍ ലോക്കല്‍ പോലീസ്‌ അറസ്‌റ്റിനു തുനിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെ ശനിയാഴ്‌ച കേസ്‌ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നെന്നും പിതാവ്‌ പറയുന്നു. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണു ജസ്‌റ്റിന്‍.

uploads/news/2019/01/282523/aji-parakkal.jpg

ഹൈജിനസ്‌ (അജി പാറയ്‌ക്കല്‍) പത്രസമ്മേളനത്തില്‍

ക്രൈംബ്രാഞ്ച്‌ ഇന്ന്‌ ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങിയേക്കും. ജസ്‌റ്റിന്‍ കീഴടങ്ങിയതിനു പിന്നാലെയും അനുനയശ്രമങ്ങളുമായി വൈദികനെത്തിയെന്നും പിതാവ്‌ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അജി പാറയ്‌ക്കല്‍ പറഞ്ഞു.

ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2016 ഡിസംബർ 26ന് ആയിരുന്നു ആൻലിയയുടെ വിവാഹം. ദുബായിൽ ആറു വർഷമായി സീനിയർ അക്കൗണ്ടന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ജസ്റ്റിൻ ആൻലിയയെ വിവാഹം കഴിച്ചത്. വിവാഹ സമയം 70 - പവൻ സ്വർണാഭരണങ്ങളും പോക്കറ്റ് മണിയും നൽകിയിരുന്നു. വിവാഹ ചടങ്ങുകളും കെങ്കേമമായാണ് നടത്തിയത്.

നഴ്‌സിംഗ് ട്യൂട്ടറായി ജോലി ചെയ്യണമെന്ന ആഗ്രഹമുള്ളതിനാൽ വിവാഹ ശേഷം നഴ്‌സിംഗ് ഉപരി പഠനത്തിന് അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിൻ അംഗീകരിച്ചിരുന്നുവെങ്കിലും വിവാഹശേഷം അതിനു തയാറാവാതെ ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ ജോലിക്കു പോകാൻ നിർബന്ധിക്കുകയുമായിരുന്നു. എന്നാൽ തുടർ പഠനം ആഗ്രഹിച്ചിരുന്ന ആൻലിയ ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ എഴുതാൻ തയാറാകാതിരുന്നതിനാൽ ജോലി ലഭിച്ചില്ല. തുടർന്ന് ആൻലിയയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. അതിനിടെ താൽക്കാലികം മാത്രമായിരുന്ന ജസ്റ്റിന്റെ ജോലി നഷ്ടപ്പെട്ടു.

ഇതോടെ മൂന്നു മാസത്തിനു ശേഷം ഇരുവരും നാട്ടിലേക്കു മടങ്ങി. ഇതിനിടെ ആൻലിയ ഗർഭിണിയാവുകയും ചെയ്തുരുന്നു. തൃശൂരിലെ വീട്ടിലെത്തിയതോടെ മാനസികവും ശാരീരികവുമായ പീഡനം ഇരട്ടിയായി. ഗർഭിണിയായിരുന്നിട്ടുകൂടി മതിയായ ശുശ്രൂഷയും ഭക്ഷണവും നൽകാതെ പീഡനം തുടരുന്നതിനിടെ മാനസിക രോഗിയായി ചിത്രീകരിച്ച് ചികിത്സ നടത്തുന്നതിനും ജസ്റ്റിനും കുടുംബവും തയാറായി. അതിനിടക്ക് ജസ്റ്റിന് എറണാകുളത്ത് ജോലി കിട്ടിയതിനെത്തുടർന്ന് താമസം ആൻലിയയുടെ എറണാകുളത്തെ ഫ്‌ളാറ്റിലേക്ക് മാറ്റി. അവിടേയും പീഡനം തുടർന്നു.

ഏതാനും മാസത്തിനു ശേഷം തൃശൂരിലെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും പ്രവസവം അടുക്കാറായിരുന്നു. ജനുവരി രണ്ടിന് സിസേറിയനിലൂടെ ആൻലിയ ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. നാട്ടിലെത്തിയ വേളയിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് മകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ജീവിതമാകുമ്പോൾ അതൊക്കെയുണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു മാതാപിതാക്കള്‍.

 

കുഞ്ഞുണ്ടായ ശേഷവും ആൻലിയയോടുള്ള സമീപനത്തിൽ ഒരു മാറ്റവും വരുത്തിയില്ലെന്നു മാത്രമല്ല, കൂടുതൽ പണവും മറ്റും ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു. മർദനത്തിനും ഇരയായി. അപ്പോഴും ഉപരിപഠനമെന്ന ആഗ്രഹം ആൻലിയ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആൻലിയയുടെ ആഗ്രഹപ്രകാരമെന്ന മട്ടിൽ എം.എസ്.സി നഴ്‌സിംഗ് വിദൂര പഠനത്തിന് ബംഗളൂരുവിൽ പ്രവേശനം തരപ്പെടുത്തി അവിടെ ഹോസ്റ്റലിൽ ആക്കി. കുട്ടിയിൽനിന്ന് ആൻലിയയെ അകറ്റാൻ കൂടിയുള്ള തന്ത്രമായിരുന്നു ഇത്. കുട്ടിയുടെ ചിത്രവും വീഡിയോയും ദിവസവും അയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആൻലിയ ബംഗളൂരുവിലേക്ക് പോയത്. എന്നാൽ കുട്ടിയുടെ ഒരു ചിത്രം പോലും അയക്കാൻ ജസ്റ്റിൻ തയാറായില്ല. പിന്നീട് ഓണ അവധിക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ആൻലിയ കുട്ടിയെ കാണുന്നതിന് തൃശൂരിലെ വീട്ടിലെത്തിയത് .

ഇത് ജസ്റ്റിനും കുടുംബാംഗങ്ങൾക്കും ഇഷ്ടമായില്ല. പഴയതു പോലുള്ള പീഡനം തുടർന്നപ്പോൾ 27-ന് മടങ്ങാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആൻലിയ പിറ്റേ ദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാൻ തയാറായി. രാത്രി എട്ടരക്കായിരുന്നു ബംഗളൂരുവിലേക്കുള്ള ട്രെയിനെങ്കിലും ജസ്റ്റിൻ ആൻലിയയെ ഉച്ചക്കു തന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി സ്ഥലം വിട്ടു. പിന്നീട് ആൻലിയയെ കണ്ടിട്ടില്ലെന്നാണ് ജസ്റ്റിനും കുടുംബവും പറയുന്നത്.

ആൻലിയയുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ആൾ മിസ്സിംഗ് ആണെന്നും കാണിച്ച് ജസ്റ്റിന്റെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ മാത്യു റെയിൽവേ പോലീസിന് പരാതി നൽകിയതായും പറയുന്നു . അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് നാലു ദിവസത്തിനു ശേഷം പറവൂർ വടക്കേക്കരയിൽ പുഴയിൽനിന്ന് ഒരു മൃതദേഹം കണ്ടുകിട്ടിയത്. അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു.