Latest News

ചൈത്ര നിര്‍വ്വഹിച്ചത് അവരുടെ ജോലി മാത്രമാണെന്ന് മനോജ് ഏബ്രറാമിന്റെ റിപ്പോര്‍ട്ട്; പാര്‍ട്ടി ഓഫീസ് റെയ്ഡ് വിവരം ചോര്‍ത്തിയത് ഡി.വൈ. എസ്.പി. ? പോലീസ് എത്തുംമുമ്പ് പ്രതികളെ മാറ്റി

2019-01-29 02:54:21am |

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചൈത്ര തെരേസാ ജോണിനെതിരേ വാളെടുത്ത് സി.പി.എം. നേതൃത്വം.

എന്നാല്‍ ചൈത്ര നിര്‍വ്വഹിച്ചത് അവരുടെ ജോലി മാത്രമാണെന്നാണ് എ.ഡി.ജി.പി: മനോജ് ഏബ്രഹാം കൈമാറിയ റിപ്പോര്‍ട്ടില്‍. പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ഡി.സി.പിക്കെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് സി.പി.എം. തിരുവനന്തപുരംജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേത്തുടര്‍ന്നാണ് അന്വേഷണത്തിന് എ.ഡി.ജി.പി: മനോജ് ഏബ്രഹാമിനെ ചുമതലയേല്‍പിച്ചത്. മുഖം നോക്കാതെ നടപടിയെടുത്ത വനിതാ ഡി.സി.പിക്കെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നു നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കും.

കഴിഞ്ഞ 22-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനു നേരേ അമ്പതോളം ഡി. ​വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതായിരുന്നു പ്രകോപനം. അക്രമത്തേത്തുടര്‍ന്ന് കഴിഞ്ഞ 24-നു രാത്രി ഡി.സി.പി: ചൈത്രയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. നിലവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാല്‍ പകരം ചുമതലയിലായിരുന്നു ചൈത്ര. റെയ്ഡിനേത്തുടര്‍ന്ന് ഇവരെ തിരികെ വനിതാ സെല്ലിന്റെ ചുമതലയിലേക്കു മാറ്റി. എന്നാല്‍, ചൈത്രയ്‌ക്കെതിരേ വകുപ്പുതലത്തില്‍ കടുത്തനടപടിതന്നെ വേണമെന്ന നിലപാടിലാണു സി.പി.എം. നേതൃത്വം.

പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തേത്തുടര്‍ന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാല്‍, പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല. പോലീസ് എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് പ്രതികളെ പാര്‍ട്ടി ഓഫീസില്‍നിന്നു മാറ്റിയതായാണു സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ച വിവരം. റെയ്ഡ് വിവരം ചോര്‍ത്തിയത് ഒരു ഡിെവെ.എസ്.പിയാണെന്നും ഇന്റലിജന്‍സിനു സൂചന ലഭിച്ചു. പാര്‍ട്ടി ഓഫീസില്‍ പരിശോധനയ്ക്ക് അനുമതി തേടാത്ത ഡി.സി.പിയുടെ നടപടി ഉന്നതോദ്യോഗസ്ഥരെ ചൊടിപ്പിച്ചു. പരിശോധനയില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതിരുന്നതു ഡി.സി.പിക്കെതിരായ സി.പി.എം. നീക്കത്തിന് ഊര്‍ജം പകര്‍ന്നു.

സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികള്‍ സി.പി.എം. ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരപ്രകാരമാണു പരിശോധന നടത്തിയതെന്നാണു ചൈത്രയുടെ വിശദീകരണം. ജൂനിയര്‍ ഓഫീസറായ ചൈത്രയ്‌ക്കെതിരേ നടപടിയുണ്ടായല്‍ പോലീസിന്റെ മനോവീര്യം തകരുമെന്നാണ് ഐ.പി.എസ്. അസോസിയേഷന്റെ നിലപാട്. പ്രതിപക്ഷവും പ്രശ്‌നം ഏറ്റെടുത്ത സാഹചര്യത്തില്‍ ചൈത്രയ്‌ക്കെതിരേ കൂടുതല്‍ നടപടിയുണ്ടാകില്ലെന്നാണു സൂചന. എന്നാല്‍, സംഭവത്തില്‍ എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്തനടപടി വേണമെന്ന നിലപാടിലാണു സി.പി.എം. ജില്ലാനേതൃത്വം. ഡി.സി.പിക്കു തലസ്ഥാനത്തു പ്രവര്‍ത്തനപരിചയമില്ലാത്തതും ഉന്നതോദ്യോഗസ്ഥരുടെ ഇടപെടലില്‍ വീഴ്ചയുണ്ടായതും റെയ്ഡിനു കാരണമായെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലുള്ളതായാണു സൂചന.