Latest News

ചൈത്രയുടേത് ‘സുരേഷ്‌ ഗോപിക്ക്‌ പഠിക്കാനുള്ള’ എടുത്തുചാട്ടമെന്ന് പോലീസിലെ ഒരു വിഭാഗം, ധീരമായ നടപടിയെന്ന് മറുഭാഗം; ‘ചൈത്രയ്‌ക്കൊപ്പം’ സൈബര്‍തര്‍ക്കം അരങ്ങുതകര്‍ക്കുന്നു

2019-01-30 02:56:03am |

കൊച്ചി : പോലീസ്‌ സ്‌റ്റേഷന്‌ കല്ലെറിഞ്ഞ കേസില്‍ പ്രതികളെ കണ്ടെത്താന്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌ത ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിലപാടിനെതിരേ സേനയിലും രണ്ടു തട്ട്‌. ചൈത്രയെ അനുകൂലിച്ച്‌ ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ വകതിരിവില്ലാത്ത പ്രവര്‍ത്തിയെന്നാണ്‌ മറുവിഭാഗത്തിന്റെ ആക്ഷേപം. ഇതുസംബന്ധിച്ച്‌ പോലീസ്‌ വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളിലും ഇടത്‌ അനുകൂല-പ്രതികൂല വിഭാഗങ്ങളിലും സൈബര്‍തര്‍ക്കം അരങ്ങുതകര്‍ക്കുകയാണ്‌.

കമ്മിഷണര്‍ സിനിമയിലെ "സുരേഷ്‌ ഗോപിക്ക്‌ പഠിക്കാനുള്ള" എടുത്തുചാട്ടമാണ്‌ ചൈത്രയുടേതെന്നാണ്‌ ഇടത്‌ അനുകൂല പോലീസ്‌ വിഭാഗത്തിന്റെ ആരോപണം. പുതുതായി സേനയിലെത്തിയതിന്റെ ആവേശമാണിത്‌. കാര്യങ്ങള്‍ വിശദമായി പരിശോധിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു ചൈത്രയുടേത്‌. ഫോണ്‍ സംഭാഷണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിശോധന നടത്തിയതെന്നായിരുന്നു ചൈത്രയുടെ വിശദീകരണം. എന്നാല്‍, സൈബര്‍ സെല്ലിന്റെ സഹായം ഉള്‍പ്പെടെ സ്വീകരിക്കാമെന്നിരിക്കെ ഇതിനു നില്‍ക്കാതെ പാര്‍ട്ടി ഓഫീസ്‌ പെട്ടെന്ന്‌ റെയ്‌ഡ്‌ ചെയ്‌തത്‌ പക്വതയില്ലായ്‌മയാണെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ധീരമായ നടപടിയെന്നാണ്‌ ചൈത്രയുടെ നിലപാടിനെ മറുഭാഗം പ്രകീര്‍ത്തിക്കുന്നത്‌. സംശയമുണ്ടെങ്കില്‍ പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്താന്‍ എന്തിനു മടിക്കുന്നു എന്നും ഇവര്‍ ചോദ്യമുയര്‍ത്തുന്നു. പാര്‍ട്ടി ഓഫീസുകള്‍ പരിശോധിക്കുന്നത്‌ കൃത്യമായ മുന്‍കരുതലോടെ വേണമെന്ന പ്രചരണവും ഒരു വിഭാഗം അടിച്ചുവിടുന്നുണ്ട്‌.

അതേസമയം സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നല്ലൊരുപങ്കും ചൈത്രയ്‌ക്കു പിന്തുണ നല്‍കുന്നുണ്ട്‌. സൈബര്‍ സഖാക്കള്‍ മറു ആരോപണവുമായി എത്തുന്നുണ്ടെങ്കിലും ധീരമായ നിലപാടെടുത്ത പോലീസ്‌ ഉദ്യോഗസ്‌ഥയ്‌ക്ക്‌ അഭിനന്ദനം, ചൈത്രയ്‌ക്കൊപ്പം എന്നിങ്ങനെയുള്ള പോസ്‌റ്റുകളുമായി നിരവധിപേരാണ്‌ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്‌. മുമ്പ്‌ മൂന്നാര്‍ സബ്‌ കലക്‌ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കലക്‌ടറായിരുന്ന ടി.വി. അനുപമയും സര്‍ക്കാരിനും, സി.പി.എമ്മുമായി കൊമ്പുകോര്‍ത്ത്‌ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇവരുടെ നിലപാടുകള്‍ക്ക്‌ വലിയ പിന്തുണയാണു ലഭിച്ചത്‌.

'വിരട്ടലും കണ്ണുരുട്ടലും' പേടിക്കാത്ത അച്‌ഛന്റെ മകള്‍

കോഴിക്കോട്‌: സ്വര്‍ണക്കള്ളക്കടത്തുകാരുടെ പേടിസ്വപ്‌നമായിരുന്ന അച്‌ഛന്റെ മകള്‍. ഭീഷണികളെ കൂസാതെ ജോലി ചെയ്യുന്ന പാരമ്പര്യം ചൈത്ര തെരേസ ജോണിനു ജന്മസിദ്ധം. ഇന്ത്യന്‍ റവന്യു സര്‍വീസിലെ 1983 ബാച്ച്‌ ഉദ്യോഗസ്‌ഥന്‍ ഡോ. ജോണ്‍ ജോസഫാണു ചൈത്രയുടെ പിതാവ്‌. കോഴിക്കോട്‌ ഈസ്‌റ്റ്‌ഹില്‍ സ്വദേശി. കസ്‌റ്റംസിലും റവന്യു ഇന്റലിജന്‍സിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ്‌ മലബാര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തുകള്‍ പലതവണ പിടികൂടി മാഫിയയ്‌ക്കു തലവേദന സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്‌. ബജറ്റ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

കേന്ദ്രീയ വിദ്യാലയയിലായിരുന്നു ചൈത്രയുടെ സ്‌കൂള്‍ പഠനം. പിന്നീട്‌ ബംഗളുരു ക്രൈസ്‌റ്റ്‌ കോളജില്‍നിന്നു ബിരുദവും ഹൈദരാബാദ്‌ കേന്ദ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റും നേടി. 2012 ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക്‌ സര്‍വീസില്‍ പ്രവേശിച്ച ചൈത്രയുടെ സ്വപ്‌നങ്ങള്‍ അതിലും വലുതായിരുന്നു.

സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ 111-ാം റാങ്ക്‌ കരസ്‌ഥമാക്കി 2016 ഐ.പി.എസ്‌. ബാച്ചില്‍ കേരള കേഡര്‍ ഉദ്യോഗസ്‌ഥയായി. വയനാട്ടിലായിരുന്നു പരിശീലനകാലം. പിന്നീട്‌ തലശേരി എസ്‌.പിയായി പ്രവര്‍ത്തിച്ചു. ക്രമസമാധാനച്ചുമതലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച ഉദ്യോഗസ്‌ഥയെന്ന പേരും സമ്പാദിച്ചു. വെറ്ററിനറി വകുപ്പില്‍ ജോയിന്റ്‌ ഡയറക്‌ടറായി വിരമിച്ച ഡോ. മേരി ഏബ്രഹാമാണു മാതാവ്‌. ഏക സഹോദരന്‍ ഡോ. അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിക്‌സ്‌ പി.ജി. വിദ്യാര്‍ഥി.