Latest News

രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തി; "നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റടുത്ത് നടക്കില്ലെടാ ഇഡിയറ്റ്" എന്ന് താനും പറഞ്ഞുവെന്ന് പിസി ജോര്‍ജ്

2019-02-03 03:49:10am |

തിരുവനന്തപുരം: അറസ്റ്റിലായ അധോലോക നേതാവ് രവി പൂജാരി തന്നെ വിളിക്കുകയും തനിക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

രണ്ടാഴ്ച മുമ്പ് ആഫ്രിക്കയില്‍ നിന്നും തനിക്കൊരു നെറ്റ് കോള്‍ വന്നു. നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ്യം ചോദിച്ചത്. ഞാന്‍ കണ്ടില്ല, വായിക്കാനുള്ള സമയം കിട്ടിയില്ല, ക്ഷമിക്കണം എന്ന് താന്‍ പറഞ്ഞു. അപ്പോഴാണ് വിളിച്ചയാള്‍ താന്‍ രവി പൂജാരിയാണെന്ന് പറഞ്ഞത്. പിന്നീട് തന്നെയും രണ്ട് മക്കളില്‍ ഒരാളെയും തട്ടിക്കൊണ്ട് പോകുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോള്‍ നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയെറ്റെന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും പറഞ്ഞുവെന്ന് പിസി ജോര്‍ജ് പറഞ്ഞു.

രണ്ടാമതും ഇതേ നമ്പറില്‍ നിന്നും കോള്‍ വന്നു. ഇതോടെയാണ് കൊട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീകള്‍ക്കെതിരെ സംസാരിച്ചതിനാണെന്ന് തനിക്ക് വ്യക്തമായത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. പരാതി പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് പിസി പറഞ്ഞു.