Latest News

എന്നെ നിങ്ങളുടെ കസ്റ്റഡിയില്‍ വധിക്കണം, പുറത്തിറങ്ങിയാല്‍ ഞാന്‍ ഇനിയും ആളുകളെ കൊല്ലും.. സീരിയല്‍ കില്ലറായ 26കാരന്റെ വാക്കുകള്‍ കേട്ട് ഞെട്ടിവിറച്ച് മുംബൈ പോലീസ്

2019-02-06 02:51:55am |

മുംബൈ: 'എന്നെ പോലീസ് കസ്റ്റഡിയില്‍ വധിക്കണം... അല്ലെങ്കില്‍ ഞാന്‍ പുറത്തുറങ്ങുമ്പോള്‍ ഇനിയും ആളുകളെ കൊല്ലും... സീരിയല്‍ കില്ലറായ 26കാരന്റെ വാക്കുകള്‍ കേട്ട് ശരിക്കും ഞെട്ടിയത് മുംബൈ പോലീസാണ്. ജനുവരി 21നാണ് വിത്തല്‍ ഭജാന്ത്രി എന്നയാളെ പോലീസ് അറസ്റ്റു ചെയ്തത് ബാന്ദ്രയില്‍ പല കാറ്ററിംഗ് യൂണിറ്റുകളിലായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. കര്‍ണാടകയിലെ ഗുര്‍ബര്‍ഗ ജില്ലയിലുള്ള അഫ്‌സല്‍പുരില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴാണ് ഭജാന്ത്രി തന്റെ നിലപാട് പോലീസിനെ അറിയിച്ചത്.

ഭജാന്ത്രിയുടെ പൂര്‍വ്വകാലം അന്വേഷിച്ച പോലീസ് കണ്ടത് ബാല്യകാലത്ത് അനുഭവിച്ച കൊടിയ പീഡനങ്ങളില്‍ മുറിവേറ്റ മനസ്സുമായി ജീവിച്ച യുവവിനെയായിരുന്നു.

ഇരകളെ തലയില്‍ വലിയ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുന്നതാണ് ഭജാന്ത്രിയുടെ രീതി. 2017 ഒക്‌ടോബര്‍ മുതല്‍ പോലീസ് ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അഞ്ചു പേരെ താന്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പോലീസിനൊട് സമ്മതിച്ചു. ഇതില്‍ നാലു മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. അവയില്‍ രണ്ടെണ്ണം ആകസ്മിക മരണങ്ങളായും ഒരെണ്ണം ദുരൂഹ മരണമായും പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നവയാണ്. ഈ കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞതില്‍ പോലീസിനും ആശ്വാസം.

2017 ഒക്‌ടോബര്‍ 13നാണ് ആദ്യ കൊലപാതകം ഭജാന്ത്രി നടത്തുന്നത്. മഹീമില്‍ വച്ചായിരുന്നു ഇത്. സഹപ്രവര്‍ത്തകനായ ജമുറ ഭജാന്ത്രിയേയും സുഹൃത്ത് സുരാജിനെയും അധിക്ഷേപിച്ചു സംസാരിച്ചു. പിന്നീട് സുരാജുമൊത്ത് മദ്യപിച്ചിരുന്ന ജമുറയെ ഭജാന്ത്രി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കുന്നതുവരെ തലയില്‍ ഇയാള്‍ ആഞ്ഞിടിച്ചുകൊണ്ടിരുന്നു. മഹീം കോസ്‌വേയില്‍ മൃതദേഹം ഉപേക്ഷിച്ച് ഭജാന്ത്രി കടന്നുകളയുകയും ചെയ്തു.

ഒരു മാസത്തിനുള്ളില്‍ ഭജാന്ത്രി രണ്ടാമത്തെ ഇരയേയും വകവരുത്തി. നവംബര്‍ ഏഴിനായിരുന്നു ഇത്. താനുമായി വഴക്കിട്ട ബംഗാളി തൊഴിലാളിയെ ആണ് കൊലപ്പെടുത്തി കടലില്‍ തള്ളിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാന്ദ്രയ്ക്കും മഹീമിനുമിടയ്ക്കാണ് ഈ കൊലപാതകം അരങ്ങേറിയത്.

എന്നാല്‍ എല്ലായ്‌പ്പോഴും അക്രമവാസന കാണിക്കുന്ന ആളല്ല ഭജാന്ത്രിയെന്ന് മുന്‍പ് ഇയാള്‍ താമസിച്ചിരുന്ന വാഡലയിലെ ഡോണ്‍ബോസ്‌കോ ഷെല്‍ട്ടറിലെ സുപ്പര്‍വൈസര്‍ ഗ്രേസ് ജോണ്‍ പറഞ്ഞു. പലപ്പോഴും ഭജാന്ത്രി ശാന്തനായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്നെ 'മമ്മി'യെന്നാണ് അയാള്‍ വിളിച്ചിരുന്നത്. 2005-06ല്‍ കുട്ടിയായിരിക്കേയാണ് ഭജാന്ത്രിയെ താന്‍ പരിചയപ്പെടുന്നത്. ദാദറിലെ തന്റെ വര്‍ക്കിംഗ് യൂണിറ്റില്‍ ജോലിക്ക് വന്നതായിരുന്നു ഭജാന്ത്രി. 2016ല്‍ വാഡ്‌ലയില്‍ തെരുവുകുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി തങ്ങള്‍ മേള സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനും ഭജാന്ത്രി എത്തിയിരുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും തൊഴില്‍പരമായി പരിശീലനം നേടണമെന്നും താന്‍ ഉപദേശിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു.

രണ്ടാമത്തെ കൊലയ്ക്കു ശേഷം ഭജാന്ത്രി അഫ്‌സല്‍പുരിലേക്ക് പോയി. അവിടെയാണ് അയാളുടെ ഏഴു സഹോദരങ്ങളും താമസിച്ചിരുന്നത്. അവിടെവച്ച് സഹോദരിയും അവരുടെ ഭര്‍ത്താവുമായി വഴക്കിട്ട ഭജാന്ത്രി ആ മാസം 27ന് തന്നെ സഹോദരി ഭര്‍ത്താവ് ദേവേന്ദ്ര പണ്ഡിറ്റിനെ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചുകൊന്നു. നാളുകള്‍ക്കു ശേഷം പണ്ഡിറ്റിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുകയും ഭജാന്ത്രിയെ ഡിസംബര്‍ ആറിന് അറസ്റ്റു ചെയ്യുകയുമായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട റിമാന്‍ഡിനുശേഷം 2018 ഡിസംബറില്‍ ഭജാന്ത്രി ജാമ്യത്തിലിറങ്ങി. നേരെ മുംബൈയിലേക്ക് പോയ ഭജാന്ത്രി അടുത്ത കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കി.

താന്‍ നടത്തിയ ആദ്യ രണ്ട് കൊലപാതകങ്ങള്‍ അറിയാവുന്ന സുഹൃത്ത് സൂരജ് അക്കാര്യം ആരൊടെങ്കിലും പറയുമോ എന്ന് ഭജാന്ത്രി ഭയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി നാലിന് കുറച്ചുജോലിയുണ്ടെന്ന് പറഞ്ഞ് സുരജിനെയും കൂട്ടി ബാന്ദ്ര പൈപ്പ്‌ലൈനില്‍ എത്തിയ ഭജാന്ത്രി അവിടെവച്ച് അയാളുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അയാളെ വധിച്ചു. പിന്നീട് സുരേന്ദ്ര കുമാര്‍ കനോജിയ എന്നയാളുമായി സൗഹൃദത്തിലാവുകയും പ്രകൃതിവിരുദ്ധ ബന്ധത്തിനു ശേഷം കൊലപ്പെടുത്തുകയും ചെയ്തു.

ബാന്ദ്ര സ്‌റ്റേഷനിലെ ഭീംസെന്‍ ഗെയ്ക്‌വാദ് എന്ന എസ്.ഐയ്ക്കായിരുന്നു സൂരജിന്റെ കൊലപാതകത്തില്‍ അന്വേഷണ ചുമതല. സൂരജിന്റെ നഗ്നമായ ശരീരം കിടന്നതില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് വസ്ത്രം പോലീസ് കണ്ടെടുത്തത്. മഹീമിലേക്കുള്ള വഴിയിലായിരുന്നു ഇത്. തുടര്‍ന്ന് മഹീമില്‍ എത്തിയ പോലീസ് സംഘത്തിന് പ്രതി കര്‍ണാടകയിലേക്ക് കടന്നതായി ബോധ്യപ്പെട്ടു. പ്രതിയെ പിന്തുടര്‍ന്ന് ഗുല്‍ബര്‍ഗയില്‍ എത്തിയ പോലീസിന് പണ്ഡിറ്റിന്റെ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ അവിടുത്തെ പോലീസ് കൈമാറി. പോലീസിനെ വെട്ടിച്ച് നടന്നിരുന്ന ഭജാന്ത്രിയെ ജനുവരി 19ന് ഹൈവേയിലൂടെ നടക്കവേ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ തന്നെ അഞ്ചു കൊലപാതകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഭജാന്ത്രി നല്‍കി. ചെറുപ്പത്തില്‍ ഛത്രപതി ശിവാജി ടെര്‍മിനസില്‍ തൊഴിലാളിയായി ചേര്‍ന്ന കാലത്ത് അനുഭവിച്ച പീഡനങ്ങളാണ് തന്നെ ഇത്തരത്തില്‍ ആക്കിയതെന്നാണ് ഇയാള്‍ പറയുന്നത്. 12ാം വയസ്സില്‍ അവിടെ ജോലി ചെയ്തിരുന്ന തന്നെ മുതിര്‍ന്ന തൊഴിലാളികള്‍ വിലകുറഞ്ഞ ലഹരിവസ്തുക്കള്‍ നല്‍കി മയക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. നിരവധി തവണ ഭജാന്ത്രി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് അയാളുടെ മനസ്സില്‍ വലിയ മുറിവായി മാറിയെന്നും പോലീസ് പറയുന്നു.

മറ്റുള്ളവരുമായി വഴക്കിടാത്ത സമയങ്ങളില്‍ മദ്യം കഴിച്ചശേഷം ഭജാന്ത്രി തന്നെ വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്ന് എതിരാളിയെ കൊലപ്പെടുത്തുകയും ചെയ്യും. ഇവരില്‍ ഏറെയും ഭജാന്ത്രിയുടെ ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്നെ വിട്ടയച്ചാല്‍ ഇനിയും ആളുകളെ കൊന്നുകൊണ്ടിരിക്കുമെന്നാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.