Latest News

കേരളത്തില്‍ ഇനി രക്ഷയില്ലെന്നു ജ്യോത്സ്യന്‍; ലോക്‌സഭാ സീറ്റിനായി ഹൈക്കമാന്‍ഡിന്റെ മനസ്‌ മാറ്റാന്‍ എം.എല്‍.എയുടെ പൂജയും മന്ത്രവാദവും; ആദിവാസി മന്ത്രവാദി ഇതിനകം നടത്തിയത് മൂന്നു മന്ത്രവാദങ്ങള്‍

2019-02-06 02:54:13am |

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ സീറ്റ്‌ തരപ്പെടുത്താന്‍ പൂജയും മന്ത്രവാദവുമായി തലസ്‌ഥാനജില്ലയിലെ ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എ! ഡല്‍ഹി രാഷ്‌ട്രീയം സ്വപ്‌നം കണ്ടുള്ള നീക്കങ്ങള്‍ ഫലിക്കാതായതോടെയാണു ഹൈക്കമാന്‍ഡിന്റെ മനസ്‌ മാറ്റാന്‍ കോട്ടൂരില്‍നിന്ന്‌ ആദിവാസി മന്ത്രവാദിയെ കൊണ്ടുവന്നത്‌. ഇതിനകം മൂന്നു മന്ത്രവാദങ്ങള്‍ നടത്തിക്കഴിഞ്ഞു.

സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ ഇനി വലിയ ഭാവിയില്ലെന്ന ജ്യോത്സ്യപ്രവചനമാണ്‌ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ നോട്ടമിടാന്‍ എം.എല്‍.എയെ പ്രേരിപ്പിച്ചത്‌. സമയം തീരെ മോശമാണെന്നും ഇനി സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്നുമായിരുന്നു ജ്യോത്സ്യന്റെ "വിധിയെഴുത്ത്‌". ഡല്‍ഹിയില്‍ ചില സാധ്യതകള്‍ തെളിയുന്നുണ്ടെന്നും ജ്യോത്സ്യന്‍ ആശ്വസിപ്പിച്ചു. സംസ്‌ഥാനരാഷ്‌ട്രീയത്തില്‍നിന്നു സമീപകാലത്തു പാര്‍ലമെന്റിലെത്തിയ ചില നേതാക്കള്‍ക്കു കോണ്‍ഗ്രസില്‍ ലഭിച്ച സ്‌ഥാനലബ്‌ധിയും എം.എല്‍.എയുടെ മനസില്‍ തെളിഞ്ഞെന്നാണു പാര്‍ട്ടിയിലെ അടക്കം പറച്ചില്‍.

ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണാന്‍ എം.എല്‍.എ. ശ്രമിച്ചെങ്കിലും നടന്നില്ല. എം.എല്‍.എയുടെ നീക്കം അദ്ദേഹത്തിന്റെ ഗ്രൂപ്പിലും പ്രതിസന്ധിയുണ്ടാക്കി. സ്വന്തം പാര്‍ട്ടിക്കാരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു മുമ്പും ആരോപണം നേരിട്ടിട്ടുള്ള ഈ നേതാവ്‌, ഡല്‍ഹി സ്വപ്‌നം കണ്ട്‌ ശശി തരൂര്‍ എം.പിക്കെതിരേ കരുക്കള്‍ നീക്കി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കയോഗത്തില്‍ എം.എല്‍.എയുടെ പ്രതിനിധികള്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടുപ്പക്കാരായ മണ്ഡലം, ബ്ലോക്ക്‌ പ്രസിഡന്റുമാരെയാണ്‌ ഇതിനായി നിയോഗിച്ചത്‌. മണ്ഡലത്തില്‍ എം.പിയെ കണികാണാനില്ല, അദ്ദേഹത്തിന്റെ ഓഫീസിനു ജനങ്ങളുമായി ബന്ധമില്ല തുടങ്ങിയ ആരോപണങ്ങള്‍ യോഗത്തില്‍ വാക്കേറ്റത്തിനു കാരണമായി.