Latest News

പൂവാലശല്യത്തിന് പരാതിപ്പെട്ടു: ഹൈദരാബാദില്‍ കൗമാരക്കാരിക്ക് നേരെ യുവാവിന്റെ ആക്രമണം; അരിവാളിനു വെട്ടേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

2019-02-07 03:02:00am |

ഹൈദരാബാദ്: ഏറെനാളായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചു. ഹൈദരാബാദിലാണ് കൗമാരക്കാരിക്ക് നേരെ 19കാരന്‍ അരിവാളുകൊണ്ട് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ജീവിക്കുന്നത്.

ഭര്‍കത്പുര സ്വദേശി ഭരത് എന്നയാളാണ് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിവരികയായിരുന്നു. ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്.

യുവാവിനെതിരെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി വിമണ്‍സ് ഹരാസ്‌മെന്റ് സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം യുവാവിനെ വിളിപ്പിച്ച് കൗണ്‍സിലിംഗും നല്‍കിയിരുന്നു. പോലീസിന് പരാതി നല്‍കിയതില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.