Latest News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചില്‍ ; വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് നിര്‍ണായക വേളയില്‍ തിരിഞ്ഞുകുത്തി

2019-02-07 03:02:24am |

ന്യൂഡല്‍ഹി: ശബരിമല കേസില്‍ ഭക്തരെ െകെവിട്ട് സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചില്‍. യുവതീപ്രവേശനം പ്രതിഷ്ഠാ സങ്കല്‍പ്പത്തിനു വിരുദ്ധമെന്ന വാദത്തില്‍നിന്നു പിന്മാറിയ ബോര്‍ഡ്, പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനു കീഴടങ്ങി. മുമ്പ് ഇതായിരുന്നില്ലല്ലോ പറഞ്ഞതെന്നു നേരത്തേ വിയോജനവിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇടപെട്ടെങ്കിലും ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാനിച്ച് നിലപാടു മാറ്റിയെന്നു ബോര്‍ഡ് വിശദീകരിച്ചു.

''ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിനു നിലനില്‍പ്പില്ല'' എന്നു പ്രഖ്യാപിച്ചു. ശബരിമലയുടെ കാര്യത്തില്‍ മാത്രമല്ല, ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം പാടേ ഒഴിവാക്കുന്ന പൊതുരീതിയുടെ കടയ്ക്കലും ബോര്‍ഡ് കത്തിവച്ചു. പ്രായത്തിന്റെയും ശാരീരികാവസ്ഥയുടെയും അടിസ്ഥാനത്തിലുള്ള പ്രവേശനവിലക്ക് മൗലികാവകാശ ലംഘനമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. വാദത്തിന് അവസരം ലഭിക്കാതിരുന്നവര്‍ക്ക് ഏഴു ദിവസത്തിനകം അവ എഴുതിനല്‍കാം. വിധി പിന്നീട്.

പുനഃപരിശോധന വേണ്ടെന്നാണു തീരുമാനമെങ്കില്‍ അതോടെ കേസിനു തീര്‍പ്പാകും. മറിച്ചായാല്‍ കേസ് നടപടികള്‍ ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടിവരും. കഴിഞ്ഞ തുലാമാസ പൂജയ്ക്കു മുമ്പു തുടങ്ങിയ സംഘര്‍ഷാവസ്ഥ 12 മുതല്‍ 17 വരെ നീളുന്ന കുംഭമാസ പൂജയില്‍ ആവര്‍ത്തിച്ചേക്കാം. 56 പുനഃപരിശോധനാ ഹര്‍ജികളടക്കം 65 ഹര്‍ജികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ആര്‍.എഫ്. നരിമാന്‍, ഡി.െവെ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചിനു മുന്നിലെത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട വാദത്തില്‍ എന്‍.എസ്.എസ്, തന്ത്രി, ബ്രാഹ്മണസഭ, ആചാരസംരക്ഷണ സമിതി തുടങ്ങിയവര്‍ യുവതീപ്രവേശനവിധിയില്‍ തിരുത്ത് ആവശ്യപ്പെട്ടു. സര്‍ക്കാരും മല കയറിയവരും കയറാന്‍ ശ്രമിച്ചവരുമായ യുവതികളും മറ്റും വിധി മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.

പലതവണ ചാഞ്ചാടിയപ്പോഴും വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ചിരുന്ന ബോര്‍ഡ് നിര്‍ണായക വേളയില്‍ തിരിഞ്ഞുകുത്തി. ദേവസ്വം ബോര്‍ഡ് എത്രവട്ടം നിലപാട് മാറ്റിയെന്ന് പ്രസിഡന്റ് എ. പത്മകുമാറിനു പോലും പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍. തന്റെ വീട്ടില്‍നിന്നു സ്ത്രീകളാരും ശബരിമലയ്ക്കു പോകില്ലെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നുമുള്ള ആദ്യ പ്രതികരണം സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. വിശ്വാസികള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ കണ്ണിലെ കരടായി. മുഖ്യമന്ത്രി വിളിച്ചുവരുത്തി വിരട്ടി. പാര്‍ട്ടിയില്‍പ്പോലും നിലനില്‍പ്പുണ്ടാകില്ലെന്നു വന്നതോടെ പത്മകുമാറിന്റെ കീഴടങ്ങല്‍ പൂര്‍ണമായി. അതു ബോര്‍ഡിന്റെ നിലപാടായി ഇന്നലെ സുപ്രീം കോടതിയിലെത്തി.