Latest News

അനുവാദം കൂടാതെ ജെറ്റ് എയര്‍വെയ്‌സില്‍ കടന്നു കൂടി പറന്നെത്തി; ഇനി വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ

2019-02-07 03:20:07am |

മുംബൈ: ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ അനുവാദം കൂടാതെ കയറിക്കൂടിയ ആളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ഹൃദയം കവരുന്നത്. ചാരനിറമുള്ള ഒരു വെള്ളിമൂങ്ങയായിരുന്നു ജെറ്റ് എയര്‍വേയ്സിന്റെ ബോയിംഗ് 777 എന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറിക്കൂടിയത്. മുംബയ് വിമാനത്താവളത്തിലായിരുന്നു സംഭവം.

ഫ്ലൈറ്റ് കമാന്ററിന്റെ ഇരിപ്പിടത്തിന് തൊട്ടടുത്താണ് കക്ഷി പറന്നു കയറി ഇരിപ്പ് ഉറപ്പിച്ചത്. അപ്പോഴാണ് അധികൃതര്‍ ഇത് ശ്രദ്ധിച്ചത്. തുടര്‍ന്ന് വിമാന അധികൃതര്‍ ഇതിനെ പിടികൂടുകയും വിമാനത്താവളത്തിലെ അഗ്നിസുരക്ഷാ വിഭാഗത്തിന് കൈമാറുകയുമായിരുന്നു. രാത്രിയില്‍ ഇരതേടാനിറങ്ങിയപ്പോള്‍ വിമാനത്തിന്റെ തുറന്നു കിടന്ന വാതിലിലൂടെയാണ് കക്ഷി അകത്ത് കടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ അധികൃതര്‍ ഇവനെ പിടികൂടാനെത്തിയപ്പോള്‍ യാതൊരുവിധ എതിര്‍പ്പും കാണിച്ചില്ലെന്ന് മാത്രമല്ല അനുസരണയുള്ള കുട്ടിയെ പോലെ ഇരുന്ന് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ കക്ഷിയുമായി സെല്‍ഫിയും എടുത്ത ശേഷമാണ് അഗ്നിസുരക്ഷാ സേനക്ക് കൈമാറിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ അധികൃതര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വച്ചു.

വെള്ളിമൂങ്ങയെ വളര്‍ത്തിയാല്‍ ഐശ്വര്യം വരുമെന്നാണ് വിശ്വാസം. ഈ വിശ്വാസം മുതലെടുത്ത് ചിലര്‍ ഇവയെ പിടികൂടി ലക്ഷങ്ങളാണ് വിലയായി വാങ്ങുന്നത്. എന്നാല്‍ നിയമപരമായി വെള്ളിമൂങ്ങകളെ പിടികൂടാനോ വില്‍ക്കാനോ പാടില്ല. വെള്ളിമൂങ്ങ എത്തിയതോടെ ജെറ്റ് എയര്‍വേയ്സ് കുറച്ച് നാളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് കരകയറുമെന്നും. ജെറ്റ് എയര്‍വേയ്സിന്റെ ഉടമയായ നരേഷ് ഗോയലിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ അവസാനിക്കുമെന്നുമായിരുന്നു കമന്റുകള്‍.