Latest News

അംബാനി കുടുംബത്തില്‍ വീണ്ടും വിവാഹ ഒരുക്കം; ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹം മാര്‍ച്ച് 9 ന്; ഒരുങ്ങുന്നത് ഇഷയെ വെല്ലും ആഡംബര വിവഹം

2019-02-10 03:17:03am |

അംബാനി കുടുംബത്തില്‍ ഇതാ വീണ്ടും ഒരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മേത്തയുടേയും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇരുവരുടെയും വിവാഹം മാര്‍ച്ച് 9-നാണ്. 2018 ഡിസംബറില്‍ നടന്ന ഇഷ അംബാനിയുടെ ആഡംബര വിവാഹത്തിന് പിന്നാലെയാണ് അടുത്ത വിവാഹവും.

 

2018 ജൂണില്‍ അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിലായിരുന്നു ആകാശ്-ശ്ലോക വിവാഹനിശ്ചയം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ആകാശും ശ്ലോകയും സ്‌കൂള്‍ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്.

സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മോര്‍ട്ടിസിലാണ് ആകാശിന്റെ ബാച്ചിലര്‍ പാര്‍ട്ടി. ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള പാര്‍ട്ടിയില്‍ രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബോളിവുഡ് താര നിര ഉണ്ടാകും. 500 അതിഥികള്‍ക്കാണു സ്വിറ്റ്സര്‍ലന്‍ഡില്‍ പാര്‍ട്ടി. ആഡംബരത്തോടെയുള്ള ഇഷ അംബാനിയുടെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇറ്റലിയിലെ ലേക് കോമോയില്‍ നടന്ന വിവാഹനിശ്ചയവും, ഉദയ്പൂരില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ശേഷം ആന്റിലയിലായിരുന്നു വിവാഹചടങ്ങുകള്‍. ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദാണ് ഇഷയുടെ ഭര്‍ത്താവ്.