അഭിനയം മാത്രമേ അറിയൂ, രാഷ്ട്രീയത്തിലേക്കില്ല, പിണറായി വിജയനൊപ്പം വേദി പങ്കിട്ട് മോഹൻലാൽ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട്, രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് നടൻ മോഹൻലാൽ. ‘തനിക്ക് അഭിനയം മാത്രമേ അറിയൂ. രാഷ്ട്രീയത്തിലേക്കില്ല. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയത്തെ മാത്രമാണ് ഉപാസിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹൻലാലും വേദി പങ്കിട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന ചർച്ചകൾക്കിടെയായിരുന്നു മോഹൻലാൽ സി.പി.എം നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്. പ്രസംഗത്തിൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ മോഹൻലാൽ, മറ്റ് രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമര്‍ശിച്ചില്ല. സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ചശേഷമുള്ള മോഹൻലാലിെൻറ ആദ്യപൊതുപരിപാടിയായിരുന്നു കോട്ടയത്തേത്. ഒന്നര മണിക്കൂറോളം ചടങ്ങിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ് മോഹൻലാൽ മടങ്ങിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്്ത മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാറിനെയും ആര്.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.