Latest News

കറുത്ത അണ്ടർവെയറിൽ ലാളിത്യം കണ്ടവൻ, കുത്തുവാക്കുകൾ കേട്ടവൻ; ലുട്ടാപ്പി അടിച്ചമർത്തലിന്റെ ഇരയോ?; കുറിപ്പ്

2019-02-12 02:12:34am |

അടിച്ചമർത്തലിന്റേയും ഒറ്റപ്പെടുത്തലിന്റേയും ഇരയാണോ ലുട്ടാപ്പി? സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേ ദിസങ്ങളായി കറങ്ങിത്തിരിഞ്ഞു നടക്കുന്ന ‘ലുട്ടാപ്പി സ്നേഹത്തിന്’ വേറിട്ടൊരു ഭാഷ്യം ചമയ്ക്കുകയാണ് സന്ദീപ് ദാസ് എന്ന വ്യക്തി. കുട്ടൂസന്റേയും ഡാകിനിയുടേയും വിക്രമന്റേയും മുത്തുവിന്റേയും കുത്തുവാക്കുകൾ കേൾക്കുന്ന ലുട്ടാപ്പി സഹനത്തിന്റേയും ക്ഷമയുടേയും വേദനയുടേയും പ്രതീകമാണെന്ന് സന്ദീപ് പറയുന്നു. ഭക്ഷണം വസ്ത്രം താമസം പോലെയുള്ള പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഒരു കുട്ടിച്ചാത്തൻ ലുട്ടാപ്പിയെ പോലെ വേറെയുണ്ടാകില്ലെന്നും സന്ദീപ് സരസമായി കുറിക്കുന്നു. ഇത്രയേറെ നിന്ദിതനും പീഡിതനുമായ ലുട്ടാപ്പിയെ ജനങ്ങൾ സ്നേഹിച്ചു പോയതിൽ സ്വാഭാവികമായും ന്യായമുണ്ടെന്നും സന്ദീപ് പറയുന്നുണ്ട്.

സന്ദീപ് ദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്തുകൊണ്ടാണ് മലയാളികൾ ലുട്ടാപ്പിയെ ഇത്രയേറെ സ്നേഹിക്കുന്നത്?

ഈ ചോദ്യം കുറച്ചുദിവസങ്ങളായി മനസ്സിലുണ്ട്.ബാലരമയിൽ ധാരാളം കഥാപാത്രങ്ങളുണ്ടെങ്കിലും ലുട്ടാപ്പിയുടെ ജനപ്രീതി ഒന്നുവേറെത്തന്നെ.ലുട്ടാപ്പിയെ ബാലരമയിൽ നിന്ന് ഒഴിവാക്കുകയാണെന്ന സൂചന വന്നപ്പോൾ ആരാധകർ കൂട്ടത്തോടെ പ്രതിഷേധിച്ചു.'സേവ് ലുട്ടാപ്പി' എന്ന ബാനർ ന്യൂസിലൻ്റിൽ വരെ ഉയർന്നു !

ഈ സ്നേഹം വെറുതെ കിട്ടുന്നതല്ല.ലുട്ടാ­പ്പിയെപ്പോലെ അടിച്ചമർത്തപ്പെട്ട ഒരാൾ വേറെ ഉണ്ടാകുമോ?അടിച്ചമർത്തപ്പെട്ടവനോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം മാത്രം.ഈ പാവം കുട്ടിച്ചാത്തൻ്റെ വേദനകളിലേക്ക് ഒന്നു കടന്നുചെല്ലാം.

ഭക്ഷണം,വസ്ത്രം തുടങ്ങിയവയൊക്കെ ഒരാളുടെ പ്രാഥമിക ആവശ്യങ്ങളാണ്.കൂട്ടൂസൻ മന്ത്രവാദി പലപ്പോഴും ലുട്ടാപ്പിയ്ക്ക് സമയത്ത് ഭക്ഷണം കൊടുക്കാറില്ല.എല്ലാത്തരം മന്ത്രങ്ങളുമറിയുന്ന ആളാണ് കുട്ടൂസൻ.പക്ഷേ ലുട്ടാപ്പിയ്ക്ക് ഭക്ഷണം കൊടുക്കാൻ അയാൾ മന്ത്രങ്ങൾ ഉപയോഗിക്കാറേയില്ല.

ഒരു കറുത്ത അണ്ടർവെയർ മാത്രം ധരിച്ചുകൊണ്ടാണ് ലുട്ടാപ്പി വർഷങ്ങളോളം ജീവിച്ചത്.മറ്റു കഥാപാത്രങ്ങളൊക്കെ(മായാവി ഒഴികെ) നല്ല സ്റ്റൈലായി വസ്ത്രം ധരിക്കുമ്പോഴായിരുന്നു ഇത്.ഒടുവിൽ ലുട്ടാപ്പിയ്ക്ക് ഒരു പച്ചക്കുപ്പായം കിട്ടി.പക്ഷേ അതിൻ്റെ തുണി പഴഞ്ചനായിരുന്നു ! പുതിയതൊന്ന് വാങ്ങിക്കൊടുക്കാൻ കുട്ടൂസൻ തയ്യാറുമായിരുന്നില്ല.

ലുട്ടാപ്പിയുടെ കുന്തം എപ്പോഴും കേടാണ്.ഒാവർലോഡ് കയറ്റുന്നതുകൊണ്ട് സംഭവിക്കുന്നതാണെങ്കിലും അതിൻ്റെ പഴി എപ്പോഴും ലുട്ടാപ്പിയ്ക്കായിരുന്നു.കുന്തമില്ലാത്തപ്പോൾ ഒരു ചെരിപ്പു പോലും ഇടാതെ കല്ലും മുള്ളും ചവിട്ടി ലുട്ടാപ്പി നടന്നിട്ടുണ്ട്.

ഒരു ചെരിപ്പ് വാങ്ങിത്തരാൻ പറഞ്ഞപ്പോൾ ''കടയിൽ നിന്ന് മോഷ്ടിക്കടാ'' എന്നായിരുന്നു ഡാകിനിയുടെ മറുപടി !

അടിസ്ഥാനപരമായി ലുട്ടാപ്പി ഒരു ഡ്രൈവറാണെങ്കിലും കുട്ടൂസനും ഡാകിനിയും ആ പാവത്തിനെക്കൊണ്ട് സകല ജോലികളും ചെയ്യിക്കാറുണ്ട്.പാചകം,തുണിയലക്കൽ,കുഴികുത്തൽ,കഷായമുണ്ടാക്കൽ,തെങ്ങുകയറ്റം മുതലായ പണികളൊക്കെ ലുട്ടാപ്പിയുടെ തലയിലാണ്.ചാരപ്പണി വരെ പുള്ളിക്കാരൻ കൈകാര്യം ചെയ്തിട്ടുണ്ട്.

ലുട്ടാപ്പിയുടെ ചെവിയിൽപ്പിടിച്ച് വേദനിപ്പിക്കുക എന്നത് കുട്ടൂസൻ്റെയും ഡാകിനിയുടെയും പ്രധാന വിനോദങ്ങളിലൊന്നാണ്.'കോമ്പല്ലൻ', 'മണ്ടൻ' , 'മാക്രി' , എന്നൊക്കെയാണ് ഇരുവരും ലുട്ടാപ്പിയെ വിളിക്കാറുള്ളത്.സ്നേഹത്തോടെ 'ലുട്ടൂ ' എന്നൊന്ന് വിളിച്ചാലെന്താ !?

കുട്ടൂസനുമായി എന്തോ അകന്ന ബന്ധമുള്ളതിൻ്റെ പേരിൽ കള്ളൻമാരായ വിക്രമനും മുത്തുവും വരെ ലുട്ടാപ്പിയെക്കൊണ്ട് അടിമപ്പണി ചെയ്യിക്കും.വായിൽത്തോന്നിയ പേരുകളെല്ലാം വിളിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും തികഞ്ഞ ബഹുമാനത്തോടെയാണ് ലുട്ടാപ്പി മറ്റുള്ളവരോട് ഇടപെടാറുള്ളത്.വല്ലാതെ സഹികെടുമ്പോൾ ഡാകിനിയെ 'തള്ളേ' എന്ന് വിളിക്കുമെന്ന് മാത്രമേയുള്ളൂ.

മനസ്സിൽ നന്മയുള്ളവനായിരുന്നു ലുട്ടാപ്പി.പക്ഷേ അമ്മാവനായ പുട്ടാലുവിൻ്റെ ഗുഹയിൽക്കയറി സാധനങ്ങൾ മോഷ്ടിക്കാൻ ലുട്ടാപ്പിയെ കുട്ടുസൻ എപ്പോഴും നിർബന്ധിക്കും.ഫലമോ,ആകെയുള്ള ഒരു അനന്തിരവനെ കണ്ടാൽ പുട്ടാലു കുനിച്ചുനിർത്തി കൂമ്പിനിടിയ്ക്കും എന്ന സ്ഥിതിയായി !

കൂട്ടൂസൻ്റെ മന്ത്രവാദങ്ങൾ പലപ്പോഴും ലുട്ടാപ്പിയുടെ ദേഹത്തായിരുന്നു.ആമയായും എലിയായും ഒക്കെ പലവട്ടം ലുട്ടാപ്പി മാറി.എന്തിന്,വി.സി.ഡിയുടെ രൂപം വരെ സ്വീകരിച്ചു ! അതിൻ്റെ നന്ദിയൊന്നും കുട്ടൂസനില്ലായിരുന്നു.തരംകിട്ടിയാൽ അയാൾ വേറെ കുട്ടിച്ചാത്തൻമാരെ തേടിപ്പോകുമായിരുന്നു.

ഉറങ്ങിക്കിടക്കുന്ന മായാവിയെ ലുട്ടാപ്പി പലവട്ടം പിടികൂടി കൂട്ടൂസനെ ഏൽപ്പിച്ചിട്ടുണ്ട്.എന്നിട്ടും മായാവിയുടെ രക്ഷപ്പെടലുകളുടെ ഉത്തരവാദിത്വം എന്നും ലുട്ടാപ്പിയുടെ തലയിലായിരുന്നു.ഡാകിനി പലവട്ടം അത് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.നിന്നെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന് കൂട്ടൂസൻ ലുട്ടാപ്പിയോട് തുറന്നടിച്ചിട്ടുണ്ട്.

ഒരിക്കൽ കുട്ടൂസൻ സുഹൃത്തായ കുന്തകൻ മന്ത്രവാദിയുടെ അടുത്തേക്ക് ലുട്ടാപ്പിയെ പറഞ്ഞുവിടുകയുണ്ടായി.പുതിയൊരു കുന്തം കിട്ടുന്നതിനുവേണ്ടിയായിരുന്നു അത്.കയറിയിരിക്കുന്നവരെ അദൃശ്യരാക്കുന്ന കുന്തമാണ് ലുട്ടാപ്പിയ്ക്ക് കുന്തകൻ സമ്മാനിച്ചത്.കൂടെ ഒരു വിശദീകരണവും-

''ഇതിൽക്കയറി ഇരുന്നാൽ നിൻ്റെ പേട്ടുമോന്ത ആരും കാണില്ലല്ലോ....''

ചുരുക്കിപ്പറഞ്ഞാൽ ചാഞ്ഞുക്കിടക്കുന്ന മരമാണ് ലുട്ടാപ്പി.വഴിയേ പോകുന്ന ആർക്കും നെഞ്ചത്തുകയറാം....!

ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കലും വിജയിക്കാത്ത ദൗത്യവുമായി നടക്കുന്ന കുട്ടൂസനും ഡാകിനിയ്ക്കും ലുട്ടാപ്പി വഴികാട്ടിയായി.അവന് പരാതികളില്ലായിരുന്നു.വായിൽനിന്ന് തീ വരുത്തുന്നത് പോലുള്ള അത്ഭുത സിദ്ധികളുണ്ടായിട്ടും ലുട്ടാപ്പി അത് ദുരുപയോഗം ചെയ്യാതെ ഒതുങ്ങിക്കൂടി.

ഇത്രയേറെ നിന്ദിതനും പീഡിതനുമായ ലുട്ടാപ്പിയെ എങ്ങനെ സ്നേഹിച്ചുപോകാതിരിക്കും?

പൊതുവേ ഹീറോസിൻ്റെ സ്റ്റിക്കറുകളാണ് ബാലരമ സമ്മാനമായി തരാറുള്ളത്.പക്ഷേ വില്ലൻ്റെ സാരഥിയായ ലുട്ടാപ്പി പലവട്ടം സ്റ്റിക്കറുകളിൽ നിറഞ്ഞുനിന്നു.മനസ്സിൽ നന്മയുള്ള വില്ലൻ ! ചേക്കിലെ മാധവനൊക്കെ പിന്നെയല്ലേ വന്നത് !

കുട്ടിക്കാലത്ത് ബാലരമ ആർത്തിയോടെ വായിച്ചവരാണ് നമ്മളിൽ ഭൂരിഭാഗവും.നമ്മുടെ ബാല്യം അവിസ്മരണീയമാക്കിയത് ലുട്ടാപ്പിയാണ്.അതുകൊണ്ട് നമ്മുടെ പയ്യന് ഒരു പ്രശ്നം വന്നാൽ നമ്മൾ കട്ടയ്ക്ക് കൂടെ നിൽക്കും.അതേ ഇവിടെ സംഭവിച്ചിട്ടുള്ളൂ.

ലുട്ടാപ്പി അനശ്വരനായി നിലകൊള്ളട്ടെ...

Written by-Sandeep Das