Latest News

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് കെ.വി തോമസ്; ലിസ്റ്റില്‍ തന്റെ പേര് മാത്രം

2019-03-10 04:22:47am |

കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് പ്രഖ്യാപിച്ച് സിറ്റിംഗ് എം.പി കെ.വി തോമസ്. തന്റെ പേര് മാത്രമാണ് കേരള ഘടകം ഹൈക്കമാന്‍ഡിന് അയച്ചിരിക്കുന്നതെന്ന് കെ.വി തോമസ് അവകാശപ്പെട്ടു. എറണാകുളം ഡി.സി.സി പ്രസിഡന്റില്‍ നിന്നും കെ.പി.സി.സിയില്‍ നിന്നും താന്‍ അറിഞ്ഞതും ഇത് തന്നെയാണ്. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മികച്ച വിജയം നേടുമെന്നും കെ.വി തോമസ് പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറിയും രാജ്യസഭാ മുന്‍ എം.പിയുമായ പി. രാജീവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയതോടെ ഇത്തവണ എറണാകുളത്ത് മത്സരം കടുക്കുമെന്നാണ് യു.ഡി.എഫിന്റെയും വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പി. രാജീവ് പ്രചരണം തുടങ്ങി. എം.കെ സാനുവിന്റെയും ലീലാവതി ടീച്ചറിന്റെയും വീടുകള്‍ സന്ദര്‍ശിച്ചാണ് രാജീവ് പ്രചരണം തുടങ്ങിയത്.

അതേസമയം പി. രാജീവിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആക്കിയതോടെ കെ.വി തോമസിന് പകരം ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.