Latest News

നിധി കാട്ടിത്തരാമെന്ന് പറഞ്ഞ് വിജനമായ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി കണ്ണില്‍ മുളകുപൊടി വിതറും, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നിട്ട് കവര്‍ച്ച നടത്തും; സീരിയല്‍ കൊലയാളിയുടെ മൊഴി പോലീസിനെയും ഞെട്ടിക്കുന്നത്

2019-03-10 04:23:52am |

തെലങ്കാനയെ ഞെട്ടിച്ച ക്രൂരകൊലയാളി യൂസഫ് പാഷ അറസ്റ്റിലായി. മഹ്ബൂനഗര്‍ ജില്ലയിലെ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ അറസ്റ്റ് ചെയ്തത്. പണത്തിന് വേണ്ടി തന്റെ പതിനാറാമത്തെ വയസ്സിലാണ് ഇയാള്‍ കൊല ആരംഭിച്ചത്. 32 വയസ്സിനുള്ളില്‍ ഇയാള്‍ 12 കൊലപാതകങ്ങള്‍ ചെയ്തു. സ്‌കൂളിലെ തൂപ്പുകാരന്‍ ബാലരാജിനെ കൊന്നതിനാണ് യൂസഫിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രകാരനാണെന്ന് പറഞ്ഞാണ് ഇയാള്‍ മിക്ക ആളുകളുമായി പരിചയം സ്ഥാപിച്ചിരുന്നത്. ശേഷം അവരെ വിജമായ സ്ഥലത്തേക്ക് കൊണ്ടു പോകും. സ്വര്‍ണനാണയങ്ങള്‍ ഉള്ള നിധിശേഖരം കാണിച്ചു തരാമെന്നും തുച്ഛമായ വിലയ്ക്ക് മൃഗങ്ങളെയോ മറ്റു സാധനങ്ങളോ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടു പോകുന്നത്. തുടര്‍ന്ന് കണ്ണുകളില്‍ മുളക് പൊടി വിതറിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലും. അതിനു ശേഷം സ്വര്‍ണാഭരണങ്ങളും മൊബൈലും ഉള്‍പ്പെടെ വിലപിടിപ്പുള്ളതെല്ലാം കവരുകയും ചെയ്യും.

കുറഞ്ഞ ചെലവില്‍ ആടുകളെ വാങ്ങുന്ന സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞാണ് ബാലാരാജിനെ വിജനമായ സ്ഥലത്തേയ്ക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുപോയത്. അതിനു ശേഷം കൊലപെടുത്തി 14,000 രൂപയും മൊബൈല്‍ ഫോണുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു. ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാഷ അറസ്റ്റിലാകുന്നത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. ലൈംഗികപ്രവര്‍ത്തിനത്തിലൂടെയാണ് ഇവര്‍ പണം കണ്ടെത്തുന്നത്.