Latest News

തലസ്ഥാനം നടുങ്ങി; ക്രൂരമായ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ! തുമ്പായത് പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തൽ; വിദേശത്തേക്കു പറക്കാനിരിക്കെ ദാരുണാന്ത്യം

2019-03-15 02:26:44am |

തിരുവനന്തപുരം∙ തലസ്ഥാന നഗരത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടപ്പാക്കിയതു കൃത്യമായി ആസൂത്രണം ചെയ്ത്. കൊഞ്ചിറവിള ക്ഷേത്രോൽസവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു ഗിരീഷിന്റെ സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിനുള്ള പക പോക്കലായിരുന്നു അനന്തുവിന്റെ കൊലപാതകം.

കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തിൽ മദ്യവും ലഹരിമരുന്നുമായി ഒത്തുചേർന്ന എട്ടംഗ സംഘമാണു പദ്ധതി തയാറാക്കിയതെന്നു പൊലീസ് അറിയിച്ചു. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവരാണ് ഒത്തുകൂടിയത്. ഇതിലൊരാളുടെ പിറന്നാൾ ഇവിടെ ആഘോഷിച്ച ശേഷമാണു കൊലപാതക പദ്ധതിയിലേക്കു കടന്നത്. 

എതിർസംഘത്തിലെ അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു നൽകിയ വിവരമനുസരിച്ച് ഇവർ ബൈക്കുകളിൽ അങ്ങോട്ടേക്കു പുറപ്പെട്ടു. തന്റെ ബൈക്ക് റോഡിൽ വച്ച് ഒരു ബേക്കറിയിലേക്ക് അനന്തു പോയപ്പോൾ വിഷ്ണു ആ ബൈക്കിൽ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു ബലമായി തങ്ങളുടെ ബൈക്കിൽ നടുവിലായി ഇരുത്തി. കണ്ടുനിന്ന ചിലർ തടയാൻ നോക്കിയപ്പോൾ വിരട്ടിയ ശേഷം ഇവർ സ്ഥലംവിട്ടു. നേരെ തങ്ങളുടെ ഒളിസങ്കേതത്തിൽ എത്തിച്ച് ഇവർ സംഘം ചേർന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.

മാംസം അറുത്തെടുത്തും; മൊബൈലിൽ പകർത്തി

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌ു കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണു കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌ു മൊഴി നൽകി. അനന്തു രക്തം വാർന്ന‌ു പിടയുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌ു സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു. വിഷ‌്ണു ഉൾപ്പെടെ എട്ട‌ു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്. അറസ്റ്റിലായ അഞ്ചുപ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒരു കൂസലുമില്ലാതെയാണ് പ്രതികൾ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്.

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന് ഉപയോഗിച്ചതാണിവ. കൊലയാളിസംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. ഹാപ്പി ബർത്ത്ഡേ ഗാനം ആരോ ആലപിക്കുന്നതും കേൾക്കാം. 

തകർന്നതു കുടുംബത്തിന്റെ പ്രതീക്ഷ

ഏതാനും ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ കുടുംബത്തിനു കൈത്താങ്ങാകാൻ അനന്തു ജോലി തേടി വിദേശത്തേക്കു പറന്നേനെ. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ സഹായത്താൽ അവിടെ ജോലി തരപ്പെടുത്തുന്നതിനുള്ള ചില കാര്യങ്ങൾ ശരിയാക്കാൻ കരമനയിൽ പോയി മടങ്ങുംവഴിയാണ് അനന്തുവിനെ അക്രമിസംഘം കടത്തിക്കൊണ്ടു പോയത്. ഓട്ടോ ഡ്രൈവറായ അച്ഛൻ ഗിരീഷിന്റെ ഏക വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന അഭിഷേക് സഹോദരനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു.

പൊലീസിനു വീഴ്ച പറ്റിയെന്ന് കുടുംബം

തട്ടിക്കൊണ്ടു പോയെന്ന പരാതി ലഭിച്ചിട്ടും വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിയെന്നു കുടുംബാംഗങ്ങൾ ആരോപിക്കുന്നു. പൊലീസ് പരാതി ഗൗരവത്തോടെ എടുത്തില്ല. പിന്നീട് അസിസ്റ്റന്റ് കമ്മിഷണർ തലത്തിൽ ഇടപെട്ടപ്പോഴാണു പൊലീസ് ഉണർന്നത്. അനന്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. പിറ്റേന്ന് അനന്തുവിന്റെ ബൈക്ക് ഇവർ കണ്ടെത്തിയതാണു നിർണായകമായത്. കരമനയ്ക്കു സമീപം ദേശീയപാതയ്ക്കരികിൽ ഇങ്ങനെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം ഉള്ളതായിപ്പോലും പൊലീസിന് അറിയില്ലായിരുന്നെന്നും ആക്ഷേപമുണ്ട്.

ഇപ്പോൾ അറസ്റ്റിലായ അഞ്ചു പ്രതികളിൽ ഒരാളിന്റെ വെളുപ്പെടുത്തലാണ്  കൊലപാതകകേസിൽ തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. പ്രതികളിലെ ഒരാൾ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ അടുത്ത സുഹൃത്ത് വഴി പൊലീസിനെ വിവരമറിയിച്ചു. ഇതിനെ തുടർന്നു പൊലീസ് ചില സ്ഥലങ്ങളിൽ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ തെറ്റായ വിവരം നൽകിയതാണെന്നു പൊലീസ് കരുതി. എന്നാൽ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജോലിയ്ക്കായി വിദേശത്തേക്കു പറക്കാനിരിക്കെ ദാരുണാന്ത്യം

തിരുവനന്തപുരം∙ ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ കുടുംബത്തിന് കൈത്താങ്ങാകാൻ അനന്തു ജോലി തേടി വിദേശത്തേക്ക് പറന്നേനെ. വിദേശത്ത് ജോലി നോക്കുന്ന അടുത്ത ബന്ധുവിന്റെ സഹായത്താൽ അവിടെ ജോലി തരപ്പെടുത്തുന്നതിന് ബയോഡേറ്റ തയ്യാറാക്കുന്നതിന് കരമനയിൽ പോയി മടങ്ങും വഴിയാണ് ബൈക്കിലെത്തിയ സംഘം അനന്തുവിനെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. അനന്തുവിന്റെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊഞ്ചിറവിള പ്രദേശം.

ജംഗ്ഷനിൽ നിന്നു വീട്ടിലേക്കുള്ള ഇടവഴിയിൽ ചിരിക്കുന്ന മുഖത്തോടെയുള്ള അനന്തുവിന്റെ ചിത്രം പതിച്ചിട്ടുണ്ട്. അൽ‌പ ദൂരം അകലെയുള്ള അനന്തുവിന്റെ വീടിലുള്ളവർ കരഞ്ഞു കുഴഞ്ഞ അവസ്ഥയിലാണ്. ഓട്ടോഡ്രൈവറായ അച്ഛൻ ഗിരീശന്റെ വരുമാനത്തിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഐടിഐയിൽ നിന്ന് പമ്പ് ഓപ്പറേറ്റർ കോഴ്സ് പാസായ അനന്തു വിദേശത്ത് ജോലി തേടി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുവരെയുളള ഇടവേളയിൽ മിൽമയിൽ താൽക്കാലിക ജോലിക്ക് അപേക്ഷിക്കാനും കൂടി വേണ്ടിയാണ് ബയോഡേറ്റ തയ്യാറാക്കാൻ കരമനയിൽ പോയതെന്ന് ബന്ധുക്കൾ പറയുന്നു. പണി പൂർത്തിയാകാത്ത വീട് മോടി പിടിപ്പിക്കണം.

എട്ടാം ക്ളാസിൽ പഠിക്കുന്ന അനുജന് മികച്ച പഠന സൗകര്യമൊരുക്കണം– ഇതൊക്കെയായിരുന്നു അനന്തുവിന്റെ മോഹങ്ങൾ.  കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛൻ ഗിരീശൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്. ആശ്വസിപ്പിക്കാനെത്തുന്നവർ പറയുന്ന വാക്കുകൾ കാതുകളിലെത്തുന്നോയെന്ന് സംശയം. എല്ലാത്തിനും മൂളൽ മാത്രം മറുപടി. വീടിനകത്തെ സ്ഥിതി അതിനേക്കാൾ ഹൃദയ ഭേദകം.   തളർന്നു കിടക്കുകയാണ് അമ്മയും സഹോദരനും. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ അനന്തുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഞായറാഴ്ച തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.