ഒരു മണിയായാല്‍ ചോറൂണ് നിര്‍ബന്ധം, ആദ്യം കാണുന്ന വീട്ടില്‍ കയറും, ഉള്ള കറിയും കൂട്ടി തട്ടും, ഇത് സുരേഷ് ഗോപി സ്‌റ്റൈല്‍

2019-04-11 02:42:52am |

തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി താരപരിവേഷമുള്ള സുരേഷ് ഗോപി വന്നതു മുതല്‍ വാര്‍ത്തചാകരയാണ്. ആദ്യ ഘട്ടത്തില്‍ വിവാദം ഏറ്റുപിടിച്ചെങ്കിലും നിലവില്‍ മെല്ലെ ഒന്ന് കെട്ടടങ്ങിയ മട്ടാണ്. 'അയ്യന്റെ' പേരില്‍ വോട്ട് ചോദിച്ചതാണ് വിവാദമായത്. ഇപ്പോളിതാ സുരേഷ് ഗോപിയുടെ സ്വന്തം 'ഉച്ചയൂണ്' സ്‌റ്റൈലാണ് വൈറലാകുന്നത്.

പ്രചാരണം ഒക്കെ സത്യം. പക്ഷെ മണി ഒന്നായാല്‍ സുരേഷ് ഗോപിക്ക് ചോറുണ്ണണം. അത് നിര്‍ബന്ധം. പിന്നെ മറ്റൊന്നും നോക്കില്ല. ആദ്യം മുന്നില്‍ കാണുന്ന വീട്ടില്‍ കയറും. ഉള്ള കറിയും കൂട്ടി ചോറൂണ്.

കഴിഞ്ഞ ദിവസം നാട്ടിക നിയോജക മണ്ഡലത്തിലെ പര്യടനത്തിനിടെ തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വിബിന്റെ വീട്ടിലാണ് ഉച്ചയ്ക്ക് ചോറുണ്ണാന്‍ അപ്രതീക്ഷിത അതിഥി എത്തിയത്. സ്ഥാനാര്‍ത്ഥിയെ കാണാന്‍ വീടിന്റെ മുന്‍വശത്ത് തന്നെ വിബിന്റെ ഭാര്യ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചോദ്യം എത്തിയത്. ഊണിന് ചാളക്കറിയുണ്ടോ? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. അമ്പരന്ന അപര്‍ണ ഞണ്ടുകറിയുണ്ടെന്ന് മറുപടി നല്‍കി. എങ്കില്‍ കുറച്ച് ചോറാകാമെന്ന് പറഞ്ഞ് സുരേഷ് ഗോപി രപചരണ വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നെ ഞണ്ടുകറിയും കൂട്ടി ഉച്ചയൂണ്. ഭക്ഷണം കഴിഞ്ഞ് അപര്‍ണയോടും കുടുംബത്തോടും അയല്‍വാസികളോടുമൊപ്പം ഫോട്ടോയും എടുത്തതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.