Latest News

സമയരഥത്തില്‍ മാണി സാര്‍; സമയം കൂസാതെ ജനസാഗരം , 12 മണിക്കൂര്‍ വൈകി വിലാപയാത്ര, സംസ്‌കാര ശുശ്രൂഷ ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌

2019-04-11 02:44:09am |

കൊച്ചി/കോട്ടയം: കാത്തുനില്‍ക്കുന്നത്‌ എത്രപേരായാലും അവരെ അവഗണിച്ച്‌ ഒരുചുവട്‌ മുന്നോട്ടുവച്ചിരുന്നില്ല കെ.എം. മാണി. അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്‌ട്രീയജീവിതത്തില്‍ ചുവടുപിഴയ്‌ക്കാത്ത അതികായന്റെ അന്ത്യയാത്രയും അതിന്‌ അപവാദമായില്ല. കൊച്ചി മുതല്‍ പാലാ വരെ നീണ്ട വിലാപയാത്രയില്‍, തങ്ങളുടെ പ്രിയപ്പെട്ട മാണി സാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ കിലോമീറ്ററുകള്‍ തോറും കാത്തുനിന്നതു പതിനായിരങ്ങള്‍. അവരുടെയെല്ലാം ആദരാഞ്‌ജലി ഏറ്റുവാങ്ങി വിലാപയാത്ര ഇഴഞ്ഞുനീങ്ങിയപ്പോള്‍ മുന്‍നിശ്‌ചയിച്ച സമയക്രമമെല്ലാം തെറ്റി.
ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാനസമിതി ഓഫീസില്‍ എത്തേണ്ടിയിരുന്ന വിലാപയാത്ര അവിടെ എത്തിയപ്പോള്‍ രാത്രി 12:50. കേരളാ കോണ്‍ഗ്രസ്‌ പിറവിയെടുത്ത തിരുനക്കര മൈതാനത്തേക്കായിരുന്നു ആദ്യം. രാവിലെ മുതല്‍ അവിടെ കാത്തുനിന്നവര്‍ക്കിടയിലേക്ക്‌. ഇതാദ്യമായി അണികളെ അഭിവാദ്യം ചെയ്യാതെ, അവര്‍ക്കിടയില്‍ മാണി സാര്‍.
ഇന്നലെ രാവിലെ ഒന്‍പതിനു കൊച്ചിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന വിലാപയാത്ര പത്തേകാലോടെയാണു പുറപ്പെട്ടത്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ മരണവിവരം പുറത്തുവന്നപ്പോള്‍ മുതല്‍ ലേക്‌ഷോര്‍ ആശുപത്രിയിലേക്ക്‌ ആരംഭിച്ച ജനപ്രവാഹം ഇന്നലെ രാവിലെയും തുടര്‍ന്നു. രാവിലെ 9.45-നു വീണ്ടും പൊതുദര്‍ശനമാരംഭിച്ചു. കക്ഷിരാഷ്‌ട്രീയഭേദമന്യേ ഒട്ടേറെ പ്രമുഖനേതാക്കള്‍ ആശുപത്രിയില്‍ അന്ത്യാഞ്‌ജലിയര്‍പ്പിച്ചു. 10 മണി കഴിഞ്ഞതോടെ മൃതദേഹപേടകം പുഷ്‌പാലംകൃതമായ കെ.യു.ആര്‍.ടി.സി. വോള്‍വോ ബസിലേക്കു മാറ്റി. പത്തേകാലോടെ വിലാപയാത്ര ആരംഭിച്ചു.
ആശുപത്രിയില്‍നിന്ന്‌ അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയുള്ള തൃപ്പൂണിത്തുറയില്‍ എത്താന്‍ ഒരുമണിക്കൂറെടുത്തു. കടുത്തചൂട്‌ വകവയ്‌ക്കാതെ, പ്രിയനേതാവിന്‌ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജനം തിക്കിത്തിരക്കിയപ്പോള്‍, ഉച്ചകഴിഞ്ഞ്‌ രണ്ടോടെയാണ്‌ എറണാകുളം ജില്ലയുടെ അതിര്‍ത്തിയായ പൂത്തോട്ട കടന്ന്‌ വിലാപയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്‌. ഇവിടെവരെ ഏകദേശം 25 കിലോമീറ്റര്‍ താണ്ടാന്‍ നാലുമണിക്കൂര്‍ വേണ്ടിവന്നു. കേരളാ കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌, കെ.എം. മാണിയുടെ മകന്‍ ജോസ്‌ കെ. മാണി എം.പി, എം.എല്‍.എമാര്‍, മുതിര്‍ന്നനേതാക്കള്‍ എന്നിവര്‍ മൃതദേഹപേടകത്തിനൊപ്പം സഞ്ചരിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളും മറ്റൊരു വാഹനത്തില്‍ അനുഗമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും വാഹനവ്യൂഹം അകമ്പടിയായി. കോട്ടയം ജില്ലയില്‍ പ്രവേശിച്ച വിലാപയാത്ര കുലശേഖരമംഗലം, ഉദയനാപുരം വഴി വൈക്കത്ത്‌ എത്തി. അവിടെ ആദരാഞ്‌ജലിയര്‍പ്പിക്കാന്‍ ഒരുമണിക്കൂറിലേറെ വാഹനം നിര്‍ത്തിയിട്ടു. തുടര്‍ന്ന്‌, തലയോലപ്പറമ്പ്‌ വഴി കടുത്തുരുത്തിയിലേക്ക്‌ എത്തുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പാഞ്ചിറയിലെത്തി ആദരാഞ്‌ജലി അര്‍പ്പിച്ചു.
വൈകിട്ട്‌ അഞ്ചേമുക്കാലോടെ വിലാപയാത്ര പാര്‍ട്ടി തട്ടകമായ കടുത്തുരുത്തിയിലെത്തി. മുന്‍മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍, നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, കെ. രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുസ്ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ എന്നിവര്‍ കടുത്തുരുത്തിയില്‍ അന്ത്യാഞ്‌ജലിയര്‍പ്പിച്ചു. കോട്ടയത്ത്‌ മംഗളം ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌ അന്തിമോപചാരം അര്‍പ്പിച്ചു.
കുറുപ്പന്തറയിലും ഏറ്റുമാനൂരിലും കാത്തുനിന്ന മുഴുവന്‍പേര്‍ക്കും പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ അവസരം ലഭിച്ചില്ല. കേരളാ കോണ്‍ഗ്രസ്‌ പിറവിയെടുത്ത തിരുനക്കര മൈതാനത്ത്‌ വിലാപയാത്ര എത്തിയപ്പോള്‍ രാത്രി ഏറെ വൈകി. തുടര്‍ന്ന്‌, കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാനസമിതി ഓഫീസിലേക്ക്‌. അവിടെനിന്നു മണര്‍കാട്‌, മരങ്ങാട്ടുപിള്ളി വഴി വിലാപയാത്ര പാലായിലെ വസതിയിലെത്തുമ്പോള്‍ നേരം പുലരാറായിരുന്നു.

 കെ.എം. മാണിയുടെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടിനു പാലായിലെ കരിങ്ങോഴയ്‌ക്കല്‍ ഭവനത്തില്‍ ആരംഭിക്കും. കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ബസേലിയോസ്‌ മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്നു പാലാ കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്കുശേഷം ഭൗതികദേഹം കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.