ഇനി പാലായുടെ മണ്ണിലും മലയാളിയുടെ മനസിലും...! കര്‍മകാണ്ഡത്തിനു തുടക്കം കുറിച്ച മണ്ണില്‍ കെ.എം. മാണിക്ക്‌ അന്ത്യനിദ്ര

2019-04-12 02:31:45am |

പാലാ: പാലായുടെ മണ്ണ്‌ പ്രിയപുത്രനെ ഏറ്റുവാങ്ങി. കര്‍മകാണ്ഡത്തിനു തുടക്കം കുറിച്ച മണ്ണില്‍ കെ.എം. മാണിക്ക്‌ അന്ത്യനിദ്ര. "ഇല്ല, ഇല്ല, മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന അണികളുടെ നെഞ്ചുപൊട്ടിയുള്ള മുദ്രാവാക്യങ്ങള്‍ക്കിടെ, ഇന്നലെ വൈകിട്ട്‌ 6.45-നു പാലാ സെന്റ്‌ തോമസ്‌ കത്തീഡ്രലിലായിരുന്നു പൂര്‍ണ ഔദ്യോഗികബഹുമതികളോടെയുള്ള സംസ്‌ക്കാരച്ചടങ്ങുകള്‍.
കെ.എം. മാണിക്ക്‌ അന്ത്യോപചാരമര്‍പ്പിക്കാന്‍ പാലായിലെ വസതിയിലേക്കും കത്തീഡ്രലിലേക്കും പതിനായിരങ്ങള്‍ ഒഴുകിയെത്തി. ഉച്ചകഴിഞ്ഞ്‌ 3.10-നു കരിങ്ങോഴയ്‌ക്കല്‍ വസതിയില്‍നിന്ന്‌ അവസാനയാത്ര. കൊട്ടാരമറ്റം റോഡില്‍നിന്നു ഗവണ്‍മെന്റ്‌ ആശുപത്രി ജങ്‌ഷന്‍, കുരിശുപള്ളി, സ്‌റ്റേഡിയം, റിവര്‍വ്യൂ റോഡ്‌ വഴി കത്തീഡ്രലിലേക്കുള്ള അന്ത്യയാത്രയില്‍ പ്രിയനേതാവിനെ ഒരുനോക്കു കാണാന്‍ ജനസഞ്ചയം കാത്തുനിന്നു.

മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. എം. സൂസാപാക്യം, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ എന്നിവര്‍ സംസ്‌കാരശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ്‌ 1.48-നു വീട്ടുവളപ്പില്‍ പോലീസ്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി. രണ്ടിനു മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ക്കു തുടക്കമായി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പുഷ്‌പചക്രവുമായി അപ്പോഴും ബൈപാസ്‌ റോഡ്‌ നിറയെ ജനം കാത്തുനിന്നു.

കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാനസമിതി ഓഫീസില്‍നിന്ന്‌ ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു വിലാപയാത്ര പാലായിലേക്കു പുറപ്പെട്ടത്‌. മണര്‍കാട്‌, അയര്‍ക്കുന്നം, കൊങ്ങാണ്ടൂര്‍, കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളില്‍ കാത്തുനിന്നവരുടെ അന്ത്യാഞ്‌ജലി ഏറ്റുവാങ്ങി പാലായിലെ കരിങ്ങോഴയ്‌ക്കല്‍ വീട്ടിലെത്തുമ്പോള്‍ സമയം രാവിലെ 7.10. അപ്പോഴേക്കു വീടും പരിസരവും ജനസമുദ്രമായി മാറിയിരുന്നു. മന്ത്രി പി. തിലോത്തമന്‍, നേതാക്കളായ മുകുള്‍ വാസ്‌നിക്‌, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.വി. തോമസ്‌, പി.ജെ. കുര്യന്‍, നടന്‍ മമ്മൂട്ടി, ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ തുടങ്ങി വിവിധ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ വസതിയില്‍ അന്ത്യാഞ്‌ജലിയര്‍പ്പിച്ചു.

ഉച്ചയോടെ തിരിക്ക്‌ നിയന്ത്രണാതീതമായി. കെ.എം. മാണി സ്വന്തം സ്‌ഥലവും വിട്ടുകൊടുത്ത്‌ പൂര്‍ത്തിയാക്കിയ ബൈപാസ്‌ റോഡ്‌ ജനങ്ങളാല്‍ നിറഞ്ഞു. വസതിയിലെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ഭാര്യ കുട്ടിയമ്മയും മക്കളും അന്ത്യചുംബനമര്‍പ്പിച്ചതോടെ ഭൗതികശരീരം വഹിച്ച്‌ കത്തീഡ്രലിലേക്കു വിലാപയാത്ര ആരംഭിച്ചു. അവിടെ, വിടവാങ്ങിയ നേതാവിനു പോലീസ്‌ ഗണ്‍സല്യൂട്ട്‌ അര്‍പ്പിച്ചു. തുടര്‍ന്ന്‌, കേരളരാഷ്‌ട്രീയത്തിലെ അതികായന്‌ ആറടിമണ്ണില്‍ അന്ത്യനിദ്ര.