Latest News

കെ.എം. മാണി എങ്ങനെയാണ് മാണി സാര്‍ ആയത്: മാണിയുടെ ബ്രില്യന്‍സ് നേരില്‍ കണ്ട അനുഭവം തുറന്നു പറയുന്ന കുറിപ്പ്

2019-04-12 02:36:42am |

അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയെക്കുറിച്ച് ജെഎസ് അടൂര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കെ.എം.മാണി എങ്ങനെയാണ് മാണി സാര്‍ ആയതെന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. മാണിയുമായി അടുത്തിഴപഴകിയപ്പോള്‍ നേരിട്ട് കണ്ട ആ ബ്രില്യന്‍സ് കുറിപ്പില്‍ തുറന്നു പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ശ്രീ കെ എം മാണി എങ്ങേനെയാണ് മാണി സാറാകുന്നത്?

കേരളത്തിൽ കെ എം മാണി എന്ന പൊതു ബിംബത്തെ കുറിച്ച് വായിച്ചും ടി വി കണ്ടും കേരള കോൺഗ്രസിലെ പടലപിണക്കങ്ങളും ഗ്രൂപ് വഴക്കുകളും, പിളരും തോരും വളരുന്നു എന്ന ഭാഷ്യങ്ങളും ,മുന്നണി സമ്മർദ്ദ തന്ത്രങ്ങളും, അഴിമതി ആരോപണങ്ങളും ഒക്കെയായി അറിയാത്തവർ ആരും കാണില്ല.. കാരണം കേരള രാഷ്ട്രീയത്തിൽ മരണം വരെ നിറഞ്ഞു നിന്ന് രാഷ്ട്രീയത്തിന്റെ പല തലങ്ങളിൽ ആയാസ രഹിതമായി വ്യക്തി മുദ്ര പതിപ്പിച്ച ,എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ചു ഒരായുസ്സിന്റെ ഒട്ടു മുക്കാലും ജന പ്രതിനിധിആയവർ അധികമില്ല. ശ്രീ കെ എം മാണിയുടെ പരിചയവും അവഗാഹവും നിയമസഭാ, മന്ത്രി റിക്കാർഡുള്ളവർ ഇന്ത്യയിൽ മാത്രമല്ല ലോകത്തു തന്നെ കുറവാണ്. ശ്രീ മാണിയെ കുറിച്ചുള്ള പൊതു ധാരണകൾ സമ്മിശ്രമാണ്. പലർക്കും ഉള്ളത് ഒരു ഗ്രഡ്‌ജിങ്‌ അഡ്മിറേഷനാണ്. ചിലർക്ക് ഓർമ്മ ബാർ കോഴ വിവാദങ്ങളും 'നോട്ടെണ്ണൽ യന്ത്ര' വുമാണ്. ചിലർക്ക് കേരള കൊണ്ഗ്രെസ്സ് കുടുംബത്തിൽ ഒതുക്കിയതിലും അത് തന്നിലേക്ക് മാത്രമാക്കിയതിലുമുള്ള ഈർഷ്യ . മറ്റ് ചിലർക്ക് കേരള കൊണ്ഗ്രെസ്സ് ഒര് ബിഷപ്പ് ബദ്ധ പാർട്ടിമാത്രമായി എന്ന പ്രശ്നം. പക്ഷെ സർവോപരി പാലാക്കാർ ഒരിക്കലും കെ എം മാണിയെ വെടിഞ്ഞില്ല. മാണിക്ക് ലോകം പാലായിൽ നിന്നു തുടങ്ങി ഊര് ചുറ്റി പാലായിൽ തന്നെ അവസാനിക്കുന്നതായിരുന്നു എല്ലാം. പാലാ വിട്ടുള്ള ഒരു കളിക്കും മാണി പോയില്ല .

പക്ഷെ എനിക്ക് പറയാനുള്ളത് ശ്രീ കെ എം മാണി എന്ന എനിക്ക് പരിചയമുള്ള എന്റെ അച്ചന്റെ അതെ പ്രായമുള്ള ആ മനുഷ്യനെകുറിച്ചാണ്. പലപ്പോഴും നമ്മൾ അറിയുന്ന പൊതു ബിംബങ്ങൾ പത്ര മാധ്യമങ്ങളിലൂടെ ധാരണകളിലൂടെയും പ്രതിഛായ നിർമ്മിതിയിലൂടെയും തെറ്റി ധാരണകളിലൂടെയും ഉരുത്തിരിഞ്ഞു വരുന്ന അധികാര രൂപങ്ങളും രൂപകങ്ങളുമാണ്. പക്ഷെ വ്യക്തി പരമായി അടുത്ത് അറിയാവുന്നവരുടെ അനുഭവ തലം ഇതിൽ നിന്ന് വ്യത്യസ്തമാണ്. അങ്ങനെ ശ്രീ കെ എം മാണിയുമായി
വ്യെക്തിപരമായി ഇടപെടുന്നവർ ബഹുമാനത്തോടെയും സ്നേഹാദരങ്ങളോടെയും സ്വാഭാവികമായി വിളിച്ചു പോകുന്ന ഒന്നാണ് മാണി സാർ എന്നത്. എന്റെ അനുഭവവും അത് തന്നെയാണ്.

മാണി സാറിൽ ഞാൻ നേരിൽ കണ്ട വ്യക്തി ഗുണങ്ങളാണ് കാരണം. ഒന്നാമത്, കാണുന്ന ആളുകളുമായി കണക്റ്റ് ചെയ്ത് അവരെ പെട്ടെന്ന് വിലയിരുത്തി ലൊക്കേറ്റ് ചെയ്യാനുള്ള കഴിവ്. രണ്ടു വളരെ ഷാർപ്പായ ഇൻസ്റ്റിൻക്ട് ഉള്ള മനുഷ്യൻ. മൂന്ന് , എപ്പോഴും മാന്യമായും സ്നേഹാദരങ്ങളോടെയും എല്ലാവരോടും ഇടപെടുന്നയാൾ. ഹോം വർക്ക് കൃത്യമായി ചെയ്ത് കാര്യങ്ങൾ പഠിച്ചു നന്നായി അവതരിപ്പിക്കുവാനുള്ള കഴിവ്. ബുദ്ധി പ്രസരിപ്പും മുഖ പ്രസാദവും ഇസ്തിരി വസ്ത്രങ്ങളും നിറഞ്ഞ ചിരിയുമായി മനസ്സിൽ ഇടം തേടാൻ പ്രാവീണ്യമുള്ളയാൾ. പ്രായ ഭേദമെന്യേ എല്ലാവരോടും ഇടപെടാൻ കഴിവുള്ളയാൾ.. എന്റെ ആയുസ്സിന്റെ നീളത്തോളം ജന പ്രതി നിധിയായ ഇത്രയും കഴിവും കാര്യാപ്രാപ്‍തിയുമുള്ളയാളെ ഞാൻ മാണി സാർ എന്ന് വിളിക്കുന്നത് നേരിട്ട് ബോധ്യപെട്ട സ്നേഹാദരങ്ങൾകൊണ്ടാണ്. പാർട്ടി ഭേദമന്യേ അദ്ദേഹത്തെ നേരിട്ട് അറിയാവുന്നവർ പലരും സ്നേഹാദരങ്ങളോടെയാണ് മാണി സാർ എന്ന് വിളിക്കുക. കാരണം അത്രമാത്രം വ്യക്‌തി വിശേഷണങ്ങളും അനുഭവ പരിചയവും ഭരണ പാടവവും , നേതൃത്വ പക്വതയുമുള്ള അധികം പേരില്ല എന്നതാണ് .

പല അനുഭവങ്ങൾ ഉണ്ടെങ്കിലും ചിലത് പറഞ്ഞു നിർത്താം. തിരുവന്തപുരം മസ്‌കോട്ട് ഹോട്ടലിൽ വച്ചു ഞാനുൾപ്പെടെയുള്ളവർ കുറെ വർഷം മുമ്പ് ഒരു ദേശീയ ബജറ്റ് അകൗണ്ടബിലിറ്റി സമ്മേളനം സംഘടിപ്പിച്ചു. ഇരുപത് സംസ്ഥാനങ്ങളിൽ നിന്ന് നൂറോളം ബജറ്റ് വിദഗ്ദർ പങ്കെടുത്തു. മുഖ്യ പ്രഭാഷണം അന്ന് ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി. നല്ല പോലെ ഹോം വർക്ക് ചെയ്ത് ഒഴുക്കുള്ള നല്ല ഒന്നാന്തരമായി ഇഗ്ളീഷിൽ സംസാരിച്ചു. ആ പ്ലീനറി മോഡറേറ്റ് ചെയ്‌ത എന്റടുത്തു വന്നിരിന്നിട്ട് ചോദിച്ചു ' ജോൺ സാമുവലേ കുഴപ്പമില്ലായിരുന്നല്ലോ ' ആ പ്രോഗ്രാമിനു ശേഷം മാണി സാറും ഞാനും ഷിബു ബേബി ജോണും ഒരുമിച്ച് പ്രസംഗിക്കേണ്ടിയിരുന്ന സ്കിൽ ബിൽഡിങ് ആൻഡ് ലൈവ്‌ലിഹുഡ് ഡെവലപ്മെന്റ് എന്ന വിഷയത്തിൽ ഐ എൽ ഒ ഉൾപ്പെടെ ഉള്ളവർ സംഘടിപ്പിച്ച അന്താരാഷ്ട സമ്മേളനം. കോവളത്താണ്. മസ്ക്കറ്റിലെ മീറ്റിങ്‌ കഴിഞ്ഞപ്പോൾ മാണി സാർ എന്റെ കയ്യിൽ പിടിച്ചു ' You come with me'. ഞാൻ പറഞ്ഞു ' മാണി സാർ എനിക്ക് കാറും ഡ്രൈവറുമുണ്ട് ഞാന് പുറകെ വരാം ' No you come with me in my car and let your car follow us ' അങ്ങനെ മൂന്നാം നമ്പർ കാറിൽ കോവളത്തേക്ക് യാത്ര. അപ്പോഴാണ് മാണി സാർ കാര്യം പറഞ്ഞത് അടുത്ത മീറ്ററിംഗിൽ പറയാനുള്ളത് ഹോം വർക്ക് ചെയ്യാൻ സമയമില്ലായിരുന്നു. പാലാക്കാരൻ ആൽബർട്ട് ആണ് പ്രധാന സംഘാടകരിൽ ഒരാൾ.(ചില വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി ).അത്‌ കൊണ്ട ഒരു കാരണവശാലും ഒഴിവക്കാൻ പറ്റില്ല. അത് കൊണ്ട് ജോൺ സാമുവൽ ഒന്നു ബ്രീഫ് ചെയ്യുക. ഞാൻ ചുരുക്കത്തിൽ കാര്യങ്ങൾ പറഞ്ഞു. ഫാക്ടസ് ആൻഡ് ഫിഗേഴ്സ് ചോദിച്ചു. എല്ലാം ഒരു ചെറിയ പാഡിൽ കുറിച്ചു വരുന്നവരുടെ രാജ്യവും ബാക്ഗ്രൗണ്ടും. അപ്പൊഴെക്കും വണ്ടി കോവളത്തെത്തി അവിടെയാണ് ഞാൻ ആ മനുഷ്യന്റെ ബ്രില്ല്യയൻസ് കണ്ടത്. മുപ്പത് മിനിറ്റിൽ He delivered a brilliant key note speech adding many more dimensions. He got a standing ovation' മാണി സർ കൊണ്ഗ്രെസ്സ്
വിട്ടില്ലായിരുന്നു എങ്കിൽ മുഖ്യ മന്ത്രിയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയൊക്കെ ആകുവാനുള്ള ലീഡർഷിപ് കപ്പാസിറ്റിയുള്ള നേതാവായിരു എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ പോയി പല പ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുണ്ട് . ഞാൻ വിളിച്ച എല്ലാ ഡിന്നറിനും പരിപാടികൾക്കും വന്നിട്ടുണ്ട് ചില കാര്യങ്ങളിൽ അഭിപ്രായം ചോദിയ്ക്കാൻ വിളിക്കുമായിരുന്നു . അങ്ങനെ ഉരുത്തിരിഞ്ഞ ഒന്നാണ് കൊച്ചി യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് . ഇപ്പോഴും അദ്ദേഹത്തിന്റ ഫോൺ നമ്പർ എന്റെ ഫോണിലുണ്ട് ..എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കും .അങ്ങനെയുള്ള ഒരാളുടെ വേർപാട് വ്യക്തിപരമായി പലരേ പോലെ എന്നെയും ദുഖിപ്പിച്ചു .But towards the and of the day, he lived his life fully and fruitfully . And no leader or human being is indispensable .

പ്രിയ മാണി സാറിന് വിട

ജെ എസ് അടൂർ