അമിത് ഷായ്ക്കും യോഗിയ്ക്കും പിന്നാലെ രാഹുലിനേയും തടഞ്ഞ് മമത: ബംഗാളില്‍ ഇറങ്ങാന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിനും അനുമതി നിഷേധിച്ചു

2019-04-13 02:58:31am |

കൊല്‍ക്കത്ത: അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും തടഞ്ഞ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതിയാണ് മമതയുടെ ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചത്.

സിലിഗുരിയില്‍ ഏപ്രില്‍ 14 ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന രാഹുലിന്റെ ഹെലികോപ്ടറിന്റെ ലാന്‍ഡിങ് അനുമതിയാണ് നിഷേധിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടറിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതും ഏറെ വിവാദമായിരുന്നു.

ഏപ്രില്‍ 10 ന് ബംഗാളിലെ ഒരു റാലിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി മമതയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് നടത്തിയത്. കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയും സഖ്യം ഉണ്ടാക്കില്ല, പക്ഷെ മമത ഉണ്ടാക്കും, അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. പഴയ ഇടത് ഭരണകാലത്ത് അടിച്ചമര്‍ത്തലാണ് മമത പുറത്തെടുക്കുന്നത് എന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.