Latest News

മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും സഹായിക്കുമെന്ന് വരുണ്‍ ഗാന്ധി; അമ്മയുടെ പ്രസ്താവനയ്ക്ക് മറുപടി

2019-04-14 05:05:28am |

യു.പി: മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി. താനൊരു മുസ്ലീം വിരുദ്ധനല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

എന്റെ പിതാവ് സഞ്ജയ് ഗാന്ധിക്കും അമ്മുമ്മ ഇന്ദിരാ ഗാന്ധിക്കും നിങ്ങള്‍ വോട്ട് ചെയ്തു. എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ അടുത്ത് വരണം-വരുണ്‍ ഗാന്ധി പറഞ്ഞു.

തനിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി തേടി വന്നാല്‍ അവരെ സഹായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന് വരുണ്‍ ഗാന്ധിയുടെ അമ്മയും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവരെ സഹായിക്കുമെന്ന വരുണ്‍ ഗാന്ധിയുടെ പ്രസ്താവന.

പിലിഭിത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മനേക ഗാന്ധി വവാദ പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ മുസ്ലീങ്ങള്‍ വോട്ട് ചെയ്യുമോ എന്നറിയില്ല. അത് തനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. മുസ്ലീങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ജോലി അന്വേഷിച്ച് വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. വോട്ട് ചെയ്യാത്തവര്‍ക്ക് ജോലി കൊടുക്കുന്നത് എന്തിനാണെന്നും മനേക ചോദിച്ചിരുന്നു.

മനേകയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇങ്ങോട്ട് തരുന്നില്ലെങ്കില്‍ തിരികെ തന്നുകൊണ്ടിരിക്കുമെന്ന് കരുതരുത്. നമ്മള്‍ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. പിലിഭിത്തില്‍ ഞാന്‍ എന്ത് ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം-മനേക പറഞ്ഞു.