Latest News

എന്തായിരുന്നു ആ പെട്ടിയില്‍ ഉണ്ടായിരുന്നത്?, പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍ എത്തിച്ച് കാറിലേക്ക് മാറ്റിയ ദുരൂഹ പെട്ടിയെ ചൊല്ലി വിവാദം കത്തുന്നു

2019-04-14 05:06:39am |

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ എത്തിയ നരേന്ദ്ര മോദിയുടെ ഹെലികോപ്ടറില്‍ എത്തിയ പെട്ടിയെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി എത്തിയതിന് പിന്നാലെയുള്ള ദൃശ്യങ്ങളാണ് വിവാദമായിരിക്കുന്നത്. ഹെലികോപ്ടറില്‍ നിന്നും ഒരു പെട്ടി ഇന്നോവ കാറിലേക്ക് നീക്കി കടത്തുന്നതാണ് വീഡിയോയിലുള്ളത്. കര്‍ണാടകയിലെ യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മാധ്യമങ്ങളും മറ്റ് നേതാക്കളും ഇതേറ്റെടുത്ത് കഴിഞ്ഞു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരു പെട്ടിയും ഇറക്കിയിരുന്നു. ഇത് പിന്നീട് വളരെ തിരക്കിട്ട് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നത് കാണാം. സെക്യൂരിറ്റി പ്രോട്ടോക്കോളിനെ മരികടന്ന് ആ പെട്ടിയില്‍ എന്തായിരുന്നു ഉണ്ടായിരുന്നത്. എന്തു കൊണ്ട് ആ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയില്ല.-ശ്രീവാസ്തവ വീഡിയോയ്ക്ക് ഒപ്പം ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനും, ജെ.ഡി.എസും ഈ ട്വീറ്റ് റീട്വിറ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.