മോഹിച്ച് ​വച്ച വീട് നഷ്​ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടി! കടം തിരിച്ചടക്കാൻ അവുന്നതെല്ലാംചെയ്​തു, പക്ഷേ...

2019-05-15 02:00:13am |

തിരുവനന്തപുരം: തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമംനടത്തി, പക്ഷേ... വാക്കുകൾ പൂർത്തിയാക്കും മുമ്പ്​ തൊണ്ടയിടറി. കണ്ണ്​ നിറഞ്ഞു. മകളും ഭാര്യയും തന്നെ വിട്ടുപോയതി​​െൻറ നോവ്​ഭാരത്തിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ബേൺസ് ​െഎ.സി.യുവിന്​ ​മുന്നിൽ എന്ത്​ ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ഗൃഹനാഥനായ ചന്ദ്രൻ. പുതിയ വീടുപണിത് സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ വിധി ഇങ്ങനെയായിത്തീരുമെന്ന്  പ്രതീക്ഷിച്ചില്ല -മുറിയുന്ന വാക്കുകളിൽ ഹൃദയവേദന ഉള്ളിലൊതുക്കി ചന്ദ്രൻ കൂട്ടിച്ചേർക്കുന്നു. 

എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ജോലിനഷ്​ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതംതന്നെ ബുദ്ധിമുട്ടിലായി. കാര്‍പ​െൻറര്‍ ജോലിചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നത്.  വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക്​ അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായി. അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു.

സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ ഇടപെട്ട് സ്​റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. പക്ഷേ, എല്ലാം തകിടമറിഞ്ഞുവെന്ന്​ ചന്ദ്രൻ കൂട്ടി​േച്ചർക്കുന്നു. മോഹിച്ച് ​െവച്ച വീട് നഷ്​ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈകോടതിയിൽനിന്ന്​ സ്​റ്റേ വാങ്ങാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.  

ജപ്​തിയാകാത്ത വീട്​ കണ്ണീർ വീടായി
നെയ്യാറ്റിൻകര: ജീവനോളം സ്​നേഹിച്ച് താമസിച്ച വീട് ജപ്തി ചെയ്ത് കൊണ്ടുപോകുന്നത് കാണാനാകാതെ അമ്മയും മകളും യാത്രയായി. ജപ്​തിയാകാത്ത വീട്​ കണ്ണീർവീടായി. ജീവനോളം സ്​നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗം താങ്ങാനാകാതെ ചന്ദ്രൻ വീട്ടിനുള്ളിലിരുന്ന്​ വിങ്ങിപ്പൊട്ടിയത് അയൽവാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം. വീട് ജപ്തിയിൽനിന്ന്​ ഒഴിവാക്കുന്നതിനായി അവർ പലരെയും സമീപിച്ചെങ്കിലും നിരാശമാത്രമായിരുന്നു. കിടപ്പാടം നഷ്​ടമാകുന്നതിലെ മനോവിഷമത്തിലായിരുന്നു കുടുംബം. പാറശ്ശാല എം.എൽ.എയെ സമീപിച്ച് ജപ്തിയിൽനിന്ന്​ ഒഴിവാക്കണമെന്ന് അറിയിച്ചതോടെ എം.എൽ.എയും ബാങ്കിനോട് ജപ്തിയിൽനിന്ന്​ കുടുംബത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബാങ്ക് ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.  പഠിക്കുന്നതിനും മിടുക്കിയായിരുന്നു വൈഷ്ണവി. സഹപാഠികൾക്കും നാട്ടുകാർക്കും ഇവരെക്കുറിച്ച് നല്ലത് മാത്രമേ  പറയാനുള്ളൂ. 
ഞെട്ടലോടെയാണ്​ നാടും ദുരന്തവാർത്ത കേട്ടത്​. അയൽവാസികൾ പലർക്കും വിശ്വസിക്കാൻപോലും കഴിഞ്ഞില്ല. ​​ആംബുലൻസി​​െൻറയും പൊലീസ്​ വാഹനങ്ങളുടെയുമെല്ലാം ഒച്ച കേട്ട്​ നാടൊന്നാകെ വിഭ്രാന്തിയിലായിരുന്നു.

കുടുംബത്തി​​െൻറ നിസ്സഹായാവസ്ഥ​ നാട്ടുകാരിൽ പലർക്കും അറിയുമായിരുന്നു. വീട്​ വിൽപനക്കടക്കം ചന്ദ്രൻ നാട്ടുകാരുടെ സഹായവും തേടിയിരുന്നു. സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ്​ നാടിനെ ഞെട്ടിച്ച ദാരുണസംഭവം. ജപ്തിയുടെ നാണക്കേട് ഭയന്ന് വീട് വിറ്റ് തിരിച്ചടയ്​ക്കാൻ ചന്ദ്രനും കുടുംബവും ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കിടപ്പാടം നഷ്​ടപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിച്ചതെന്നാണ്​ നാട്ടുകാർ പറയുന്നത്​. 

കണ്ടത് പുകമാത്രം, കടുംകൈ ചെയ്യുമെന്ന് കരുതിയില്ല -കൃഷ്ണമ്മ 
നെയ്യാറ്റിൻകര: വീട്ടിൽനിന്ന് ഉയർന്ന പുകമാത്രമാണ്​ കണ്ടതെന്നും കൊച്ചുമകളും മരുമകളും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ചന്ദ്ര​​െൻറ മാതാവ്​ കൃഷ്ണമ്മ. മകൻ കടം വീട്ടാനായി ഒട്ടത്തിലായിരുന്നപ്പോഴും ദയവില്ലാതെ ബാങ്ക്​ അധികൃതർ മരുമകൾ ലേഖയുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നെന്നും കൃഷ്ണമ്മ പറഞ്ഞു. ഒന്നരയോടെ പൊള്ളലേറ്റ് വീണ വൈഷ്ണവിയെയും ലേഖയെയും അഗ്​നിശമന വിഭാഗവും മാരായമുട്ടം പൊലീസും ചേർന്നാണ് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തുമ്പോൾതന്നെ  മരിച്ചിരുന്നതിനാൽ  മോർച്ചറിയിലേക്ക് വൈഷ്ണവിയുടെ മൃതദേഹം മാറ്റി . ഇതൊന്നും വിശ്വസിക്കാനാവാതെ ഞെട്ടലിലായിരുന്നു കൃഷ്​ണമ്മ.