Latest News

കാറില്‍ കണ്ട ചോരപ്പാടുകളും മുടിയിഴകളും ഡ്രൈവര്‍ അര്‍ജുന്റെയും ബാലഭാസ്‌കറിന്റെയും മകളുടേതും മാത്രമാണോ? അപകടസമയത്ത്‌ കാറില്‍ 40 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സൂക്ഷിച്ചത് എന്തിന്? ക്രൈംബ്രാഞ്ച്‌ തേടുന്ന ഉത്തരങ്ങള്‍

2019-06-10 01:23:22am |

തിരുവനന്തപുരം : വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ കാര്‍ അപകടപ്പെട്ട സമയത്തു വാഹനത്തിനുള്ളിലുണ്ടായിരുന്നത്‌ 40 പവനിലേറെ സ്വര്‍ണവും രണ്ടുലക്ഷം രൂപയും. താന്‍ ഉപയോഗിക്കുന്ന സ്വര്‍ണം മാത്രമാണ്‌ വണ്ടിയിലുണ്ടായിരുന്നതെന്നായിരുന്നു ബാലഭാസ്‌കറിന്റെഭാര്യ ലക്ഷ്‌മി മുമ്പു നല്‍കിയ മൊഴി. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനു പോയസമയത്ത്‌ ഇത്രയും സ്വര്‍ണം കരുതിയത്‌ എന്തിനെന്ന ചോദ്യമാണുയരുന്നത്‌.

അതിനിടെ അപകടസമയത്ത്‌ കാര്‍ ഓടിച്ചത്‌ ഡ്രൈവര്‍ അര്‍ജുനായിരിക്കാമെന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ധസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാറോടിച്ചത്‌ ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ലക്ഷ്‌മി ഇതു നിഷേധിച്ച്‌ മൊഴി നല്‍കിയിരുന്നു.

ബാലഭാസ്‌കറിന്റേത്‌ അപകടമരണം തന്നെയെന്ന നിഗമനത്തിലാണ്‌ നിലവില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘം. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട്‌ നിരവധി ദുരൂഹതകള്‍ തുടരുന്നുണ്ട്‌. ഈ കുരുക്കഴിക്കുന്ന നിര്‍ണായക വിവരങ്ങളിലേക്കുള്ള സൂചനകള്‍ ക്രൈം ബ്രാഞ്ചിന്‌ ലഭിച്ചിട്ടുണ്ട്‌. അതിനു വ്യക്‌തമായ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ്‌ അന്വേഷണസംഘം.

അപകടമസമയത്ത്‌ ഇത്രയും സ്വര്‍ണവും പണവും വണ്ടിയില്‍ സൂക്ഷിച്ചത്‌ എന്തിന്‌, കാറില്‍ കണ്ട ചോരപ്പാടുകളും മുടിയിഴകളും ഡ്രൈവര്‍ അര്‍ജുന്റെയും ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേതുമാത്രമാണോ, അര്‍ജുന്‍ ഒളിവില്‍ പോയതും മൊഴി മാറ്റിയതും എന്തിന്‌?

ഈ മൂന്നു ചോദ്യങ്ങള്‍ക്കൂടി ഉത്തരം ലഭിച്ചാല്‍ കേസില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം അവസാനഘട്ടത്തിലെത്തും. ഒരാഴ്‌ചയ്‌ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കുമെന്നാണ്‌ സൂചന. പ്രകാശ്‌തമ്പിയെ ചോദ്യം ചെയ്‌തതില്‍നിന്നും അപകടസമയത്ത്‌ കാര്‍ ഓടിച്ചത്‌ അര്‍ജുന്‍ തന്നെയാണന്ന്‌ വ്യക്‌തമായി കഴിഞ്ഞു. അപകടം ആസൂത്രിതമാണോ എന്ന സംശയം സാധൂകരിക്കുന്ന ഒരു തെളിവും പ്രകാശ്‌ തമ്പിയില്‍നിന്ന്‌ ലഭിച്ചിട്ടുമില്ല.

കൊച്ചി ലേഖകന്‍ തുടരുന്നു

ബാലഭാസ്‌കറിന്റെ കാറോടിച്ചത്‌ അര്‍ജുന്‍: പ്രകാശ്‌ തമ്പി

കൊച്ചി: അപകടസമയത്ത്‌ ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത്‌ ഡ്രൈവര്‍ അര്‍ജുനാണെന്ന്‌ സ്വര്‍ണക്കടത്ത്‌ കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശ്‌ തമ്പി ക്രൈം ബ്രാഞ്ചിന്‌ മൊഴിനല്‍കി.

അര്‍ജുന്‍ ആശുപത്രിയില്‍ കഴിയുന്ന സമയത്തു നല്‍കിയ മൊഴി പിന്നീട്‌ മാറ്റിപ്പറഞ്ഞപ്പോഴാണ്‌ കൊല്ലം പള്ളിമുക്കിലെ ജ്യൂസ്‌ കടയില്‍നിന്നു താന്‍ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്‌.എന്നാല്‍ ഒന്നും ലഭിച്ചില്ലെന്നും ഇന്നലെ കാക്കനാട്‌ ജയിലിലെത്തിയ ക്രൈംബ്രാഞ്ച്‌ സംഘത്തോടു തമ്പി പറഞ്ഞു.മൊഴിമാറ്റിയശേഷം അര്‍ജുനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. തന്റെ ഫോണ്‍ നമ്പര്‍ അര്‍ജുന്‍ ബ്ലോക്ക്‌ ചെയ്‌തു. ഇതാണ്‌ സംശയം വര്‍ധിക്കാന്‍ കാരണമായത്‌.

ബാലഭാസ്‌കറിന്റെ ട്രൂപ്പ്‌ കോ-ഓര്‍ഡിനേറ്ററായിരുന്നുവെന്നും രണ്ടുതവണ അദ്ദേഹവുമൊത്ത്‌ ദുബായില്‍ സംഗീത പരിപാടിക്ക്‌ പോയിട്ടുണ്ട്‌. തനിക്ക്‌ സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്‌കറിന്റെ ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകള്‍ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക്‌ തിരിച്ചുനല്‍കിയിരുന്നതായും മൊഴിയിലുണ്ട്‌.