Latest News

പൂഞ്ഞാര്‍ ആശാന്‍ അപേക്ഷിക്കുന്നു; പടച്ചവനെ ഓര്‍ത്ത് പൊറുക്കണം, വിവാഹ ചടങ്ങുകളില്‍ നിന്നും മരണവീടുകളില്‍ നിന്നും ഒഴിവാക്കാന്‍ 66 പള്ളികളില്‍ നിന്നും ആഹ്വാനം വന്നപ്പോള്‍ പൂഞ്ഞാറുകാരോട് മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്

2019-06-13 04:16:06pm |

കോട്ടയം: മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായ സാഹചര്യത്തില്‍ ഖേദപ്രകടനവുമായി പി.സി. ജോര്‍ജ്‌ എം.എല്‍.എ. തന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം പല പ്രാവശ്യമായി പറഞ്ഞ കാര്യങ്ങളാണ്‌.

അവ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. 1980 ല്‍ ജനപ്രതിനിധിയായതു മുതല്‍ എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെയാണു കാണുന്നത്‌. ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ശബ്‌ദിക്കുന്നയാളുമാണ്‌ താന്‍. എന്നാല്‍, രാഷ്‌ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനാണ്‌ ശ്രമിക്കുന്നത്‌. സ്വന്തം മണ്ഡലത്തിലെ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഉദ്‌ഘാടനങ്ങള്‍ക്കും പോലും തന്നെ ബഹിഷ്‌കരിക്കാന്‍ ചില സംഘടനകളുടെ ശ്രമഫലമായി പള്ളികളില്‍ പ്രസംഗിച്ചതു വ്യക്‌തിയെന്ന നിലയില്‍ വേദനിപ്പിച്ചെന്നും ജോര്‍ജ്‌ പറഞ്ഞു

പി.സി ജോര്‍ജിന്റെ ഖേദപ്രകടനം നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

വസ്തുത അറിയുക

1980ല്‍ ജനപ്രതിനിധിയായ അന്നുമുതല്‍ ഇന്നുവരെ എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണാനും, പ്രത്യേകിച്ച് ഞാന്‍ ജീവിക്കുന്ന ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലുപതിറ്റാണ്ട് കാലം ശബ്ദിച്ചയാളാണ് ഞാന്‍. എന്നാല്‍, ഞാനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടര്‍ത്താനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ നാട്ടില്‍ ജനപ്രതിനിധി കൂടിയായ എന്നെ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുപോലും ബഹിഷ്‌കരിക്കാനും 66 പള്ളികളില്‍ പ്രസംഗിച്ചത്, ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഈരാറ്റു പേട്ടയെ കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം ഹൃദയത്തില്‍ കൊണ്ടു നടന്ന ഒരു വ്യക്തിയെന്ന നിലയിലും എന്നെ ഏറെ വേദനിപ്പിച്ചു. എങ്കിലും ഞാന്‍ പ്രതികരിക്കാതെ അത് പടച്ചവന് സമര്‍പിക്കുകയായിരുന്നു.

uploads/news/2019/06/314405/pc.gif

എന്റേതായി പ്രചരിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തയാള്‍ എന്നെ നിരവധി തവണ വിളിക്കുകയും പലപ്രാവിശ്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയല്‍ പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തില്‍ എന്റെ സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.