Latest News

ഗുരുവായൂര്‍ ക്ഷേത്രം സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ പദ്ധതി ; തക്കസമയത്ത് ഐഎസ് ഭീകരന്‍ അസ്ഹറുദ്ദീനെ അറസ്റ്റ് ചെയ്തു ; ശബരിമലയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും മട്ടാഞ്ചേരി പള്ളിയും പട്ടികയില്‍

2019-06-15 03:25:21am |

തൃശൂര്‍: കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളിലും മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി(സിനഗോഗ്)യിലും സ്‌ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ മുഖ്യസൂത്രധാരന്‍ കോയമ്പത്തൂര്‍ മുക്കടം അന്‍പ്‌നഗര്‍ സ്വദേശി മുഹമ്മദ് അസ്‌റുദ്ദീ(32)നെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരന്‍ സഹറാന്‍ ഹാഷിമുമായി അടുത്ത ബന്ധമുള്ളയാളാണ്.

ഇയാളായിരുന്നു ദക്ഷിണേന്ത്യയിലെ ഇസ്ലാമിക് സ്‌റ്റേറ്റി(ഐ.എസ്.)ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ശബരിമല, ഗുരുവായൂര്‍, മധുര, പളനി, തഞ്ചാവൂര്‍, കുംഭകോണം എന്നിവിടങ്ങള്‍ക്കു പുറമേ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ആക്രമണം നടത്താനായിരുന്നു പദ്ധതി.

 

കോയമ്പത്തൂരില്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് സ്ഥാപനം നടത്തുന്ന മുഹമ്മദ് അസ്‌റുദ്ദീന്‍ സാമൂഹിക മാധ്യങ്ങള്‍, ഇന്റര്‍നെറ്റ് കോളുകള്‍ എന്നിവ വഴി സഹറാനുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഐ.എസ്. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയാസ് അബൂബക്കറുമായും ഇയാള്‍ക്ക് അടുപ്പമുണ്ട്.

ലങ്കയില്‍ ആക്രമണം നടത്തിയ സംഘത്തിനു കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഐ.എസ്. പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തലിന്റെ വെളിച്ചത്തില്‍ കോയമ്പത്തൂര്‍ മേഖലയില്‍ നടത്തിയ വ്യാപക റെയ്ഡിലാണ് അസറുദ്ദീന്‍ അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് പാതിരാത്രിവരെ നീണ്ടു. കോയമ്പത്തൂര്‍, പോത്തന്നൂര്‍, ഉക്കടം, കുനിയമുത്തൂര്‍, ഉമ്മര്‍ നഗര്‍, അന്‍പ് നഗര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐ.എസ്. ബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകള്‍ കണ്ടെത്തി.

ഏഴു ഡിെവെ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് പോലീസ് സംഘത്തിന്റെ പിന്തുണയോടെയായിരുന്നു പരിശോധന. സംഭവുമായി ബന്ധപ്പെട്ട് ഉക്കടം സ്വദേശികളായ ഷെയ്ക്ക് ഹിദായത്തുള്ള (38), ഷാഹിന്‍ഷാ (28), പോത്തന്നൂര്‍ തിരുമെറെ നഗറിലെ അക്രം സിന്ധ (26) കുനിയമുത്തൂരിലെ എം. അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുെസെന്‍ (26) എന്നിവരോടു കൊച്ചി എന്‍.ഐ.എ. ഓഫീസില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എയര്‍ഗണ്‍, 300 എയര്‍ പില്ലറ്റുകള്‍, ഇലക്ട്രിക് ബാറ്റണ്‍, കഠാര എന്നീ ആയുധങ്ങള്‍ക്ക് പുറമെ ബോംബ് നിര്‍മാണത്തിന്റെ വിവിധ മാതൃകകളും റെയ്ഡില്‍ പിടിച്ചെടുത്തു. സംഘാംഗങ്ങളില്‍നിന്നും കണ്ടെത്തിയ 14 മൊെബെല്‍ ഫോണുകള്‍, 29 സിം കാര്‍ഡുകള്‍. മൂന്നു ലാപ്‌ടോപ്പ്, 10 പെന്‍ഡ്രൈവുകള്‍, ആറു മെമ്മറി കാര്‍ഡുകള്‍, നാലു ഹാന്‍ഡ്ഡിസ്‌കുകള്‍, 12 ഡി.വി.ഡികള്‍, ഏഴു സി.ഡികള്‍ എന്നിവ വിദഗ്ധസംഘം പരിശോധിച്ചുവരികയാണ്.

തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളില്‍നിന്നും തീവ്രവാദത്തിലേക്ക് യുവാക്കളെ നയിക്കുന്ന പല വീഡിയോകളും പ്രസിദ്ധീകരണങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. കേരളത്തിലെ അനവധി പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. നേതാക്കളും പ്രവര്‍ത്തകരും എന്‍.ഐ.എ. നിരീക്ഷണത്തിലാണ്.