Latest News

രാജി ഒരു വ്യക്തിക്കും അയാളെ പിന്തുണച്ച ജില്ലാക്കമ്മറ്റിക്കും എതിരേ ; ആരോപണ വിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടരാനാകില്ല ; പി ശശിക്കെതിരേ പീഡനപ്പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവ്

2019-06-18 01:52:32am |

പാലക്കാട്: ഒരു വ്യക്തിക്കും അയാളെ പിന്തുണച്ച ജില്ലാക്കമ്മറ്റിക്കും എതിരേയാണ് താന്‍ രാജി വെയ്ക്കുന്നതെന്ന് പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരേ പീഡനപ്പരാതി നല്‍കിയ ഡി.െവെ.എഫ്.ഐ വനിതാ നേതാവ്. ഡി.െവെ.എഫ്.ഐ. ജില്ലാ കമ്മിറ്റിയിലെ അഴിച്ചുപണികള്‍ക്കിടെ ഡി.െവെ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളില്‍നിന്നുമാണ് രാജിവച്ചത്. ആരോപണ വിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്ന് പോകാനാകില്ലെന്ന് യുവതി നിലപാട് എടുക്കുകയായിരുന്നു.

എലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് രാജിക്കത്ത് കൈമാറിയത്. ചുമതലകളില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒഴിവാക്കണമെന്ന് യുവതി അറിയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് രാജി. രാജി സ്വീകരിച്ചത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഡി.െവെ.എഫ്.ഐ. ജില്ലാ പഠന ക്യാമ്പിനോടനുബന്ധിച്ചാണു ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് പുനഃസംഘടന നടത്തിയത്.

പികെ ശശിക്കെതിരേ പരാതി നല്‍കിയതിനുശേഷം യുവതിക്ക് അനുകൂല നിലപാടെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയാണു പുനഃസംഘടനയില്‍ തരംതാഴ്ത്തിയത്. സംഘടനാ വേദികളിലും സമൂഹമാധ്യമങ്ങളിലും അവഹേളിക്കുകയും ശശിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്തയാള്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് യുവതി സംഘടനാ ചുമതലകളില്‍നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. സംഘടനയില്‍ തുടരുമെന്നു യുവതി പറഞ്ഞു.

പ്രായപരിധി കഴിഞ്ഞ നിലവിലെ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാറിനെ ഒഴിവാക്കി പകരം പ്രസിഡന്റായിരുന്ന ടി.എം. ശശിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി.പി. സുമോദിനെയും നിശ്ചയിച്ചു. അതോടൊപ്പം മണ്ണാര്‍ക്കാട്‌നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറിയെ ജില്ലാ െവെസ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതില്‍ പികെ ശശി അനുകൂലികളാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം.ശശിയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുമോദും.

അതേസമയം ശശിയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗം ജിനീഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. പരാതിക്കാരിയെ അവഹേളിച്ച് പോസ്റ്റിട്ട നേതാവിനെ ജില്ല വൈസ് പ്രസിഡന്റുമാക്കി. ജില്ല സെക്രട്ടേറിയറ്റില്‍ മതിയായ ഹാജര്‍നില ഇല്ലാത്തതിനാല്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കപ്പെട്ടയാളാണ് ഇയാള്‍. പി.കെ. ശശി എം.എല്‍.എക്കെതിരേ സി.പി.എം. ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്കു ഡി.െവെ.എഫ്.ഐ. വനിതാ നേതാവ് പരാതി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു.

നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുക മാത്രമാണ് ചെയ്തതെന്നും സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു സസ്‌പെന്‍ഡും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ശശി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ആറുമാസത്തേക്ക് സസ്‌പെന്‍ഷനിലായിരുന്നു. പരാതി നല്‍കിയതിനുശേഷം യുവതിക്കൊപ്പം നിലകൊണ്ടത് ചുരുക്കം അംഗങ്ങളായിരുന്നു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് ആരോടും ഒന്നും പറയാതിരുന്നതെന്ന് യുവതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കുറച്ചു കാലമായി തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളാണ്. തന്നെ സപ്പോര്‍ട്ട് ചെയ്തവരെ സംഘടനാ രംഗത്ത് നിന്ന് തന്നെ ബഹിഷ്‌ക്കരിക്കുന്ന രീതി ബ്ലോക്ക് ജില്ലാ നേതൃത്വങ്ങളില്‍ ഉണ്ടാകുന്നു. ഏഴെട്ട് മാസമായി തനിക്കെതിരേ നിന്നവരെ പ്രമോട്ട് ചെയ്യുകയും തനിക്കൊപ്പം നിന്നവരെ തരംതാഴ്ത്തുകയും ചെയ്തതില്‍ നിന്നും ജില്ലാ കമ്മറ്റി എതിരാണെന്ന് വ്യക്തമായി. ലൈംഗികാതിക്രമണം നടന്നിട്ടും ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് അതേപടി നടപ്പാക്കുകയാണ് അവര്‍ ചെയ്തതെന്നും യുവതി പറഞ്ഞു.