Latest News

പശുവിനെ വാങ്ങാന്‍ യുപിയിലെ മഥുരയിലേക്ക് ഒരു സന്യാസി കൊണ്ടുപോയി ; ചെങ്ങന്നൂരിലെ ക്ഷീരകര്‍ഷകന്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു ; പൂട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു, മൃതദേഹത്തില്‍ കുത്തിവെയ്പ്പ് എടുത്തു

2019-06-26 01:50:26am |

ചെങ്ങന്നൂര്‍: സന്യാസിക്കൊപ്പം പശുവുമായി മഥുരയിലേക്കു പോയ ക്ഷീരകര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാണ്ഡവന്‍പാറ അര്‍ച്ചനാ ഭവനത്തില്‍ വിക്രമനാ(55)ണ് മരണമടഞ്ഞത്. പെരിങ്ങാലയിലുള്ള ആശ്രമത്തിലെ ഒരു സ്വാമി ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വൃന്ദാവന്‍ ആശ്രമത്തിലേക്കു വെച്ചൂര്‍ പശുവിനെ വാങ്ങാനാണ് വിക്രമനെയും കൂട്ടി കഴിഞ്ഞ 16 ന് പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു.

സ്വാമിക്കൊപ്പം കട്ടപ്പനയിലെത്തി വെച്ചൂര്‍ പശുവിനെ വാങ്ങി കണ്ടെയ്‌നര്‍ ലോറിയില്‍ ഡല്‍ഹിയിലേക്കു പോകുകയായിരുന്നു. വ്യാഴാഴ്ച മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ തങ്ങള്‍ മഥുരയിലുള്ള ആശ്രമത്തോട് അടുക്കാറായെന്നു പറഞ്ഞിരുന്നു. പിറ്റേദിവസം മകളെ ഫോണില്‍ വിളിച്ച വിക്രമന്‍, തന്നെ ഇവിടെ കൊണ്ടുവന്ന സമയം മുതല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. വെള്ളമോ ആഹാരമോ തരുന്നില്ലെന്നും ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിക്കില്ലെന്നും രക്തം ഛര്‍ദ്ദിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ലെന്നും മലമൂത്ര വിസര്‍ജനത്തിനുള്ള സൗകര്യംപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മകളോടു പറഞ്ഞു.

പിന്നീടും വിക്രമന്‍ വീട്ടുകാരെ ഫോണില്‍ നിരന്തരം വിളിച്ചു പീഡന വിവരങ്ങള്‍ ധരിപ്പിച്ചു. അതേത്തുടര്‍ന്നു മകന്‍ അരുണ്‍ ഞായറാഴ്ച ഡല്‍ഹിയിലേക്കു പോയി. അവിടെയെത്തിയ അരുണ്‍ ആശ്രമത്തിലെ അന്തേവാസികളുമായി ഫോണില്‍ സംസാരിച്ചു. അവര്‍ ആശ്രമത്തിലേക്ക് അരുണിനെ കൊണ്ടുപോകാതെ വിമാനത്താവളത്തിനു സമീപം താമസസൗകര്യം ഏര്‍പ്പെടുത്തി. ഞായറാഴ്ച െവെകിട്ട് അഞ്ചോടെ അരുണിനെ ഫോണില്‍ വിളിച്ച് അച്ഛന്‍ മരിച്ചെന്ന് അവര്‍ അറിയിച്ചു. എന്നാല്‍, കാണാന്‍ സമ്മതിച്ചില്ല.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വിമാനത്താവളത്തിലേക്കു വരികയാണെന്നും പറഞ്ഞു. ഞായറാഴ്ച രാത്രി വിമാനത്താവളത്തിനു സമീപമുള്ള വിജനമായ സ്ഥലത്ത് അരുണിനെ കൂട്ടിക്കൊണ്ടുപോയി, ട്രക്കില്‍ കൊണ്ടുവന്ന മൃതദേഹത്തിന്റെ മുഖംമാത്രം കാണിച്ചു. അതിനുശേഷം മൃതദേഹത്തില്‍ കുത്തിവയ്‌പ്പെടുത്തതായി അരുണ്‍ പറഞ്ഞു. ആംബുലന്‍സിലാണ് മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. വിമാനമാര്‍ഗം ഇന്നലെ പുലര്‍ച്ചെ നാട്ടിലെത്തിച്ചു.

വിക്രമന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു കാട്ടി മക്കളായ വിദ്യ, അരുണ്‍ എന്നിവര്‍ ഡിെവെ.എസ്.പിക്കു പരാതി നല്‍കി. പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഭാര്യ: രമ. മക്കള്‍: അരുണ്‍, വിദ്യ. മരുമകന്‍: പ്രസന്നകുമാര്‍.