Latest News

ആന്റണിയുടെ മക്കള്‍ ബിസിനസുകാര്‍, പിണറായിയുടെ മകന്‍ അബുദാബിയില്‍ ; യുഡിഎഫ് നേതാക്കള്‍ക്ക് മക്കള്‍ രാഷ്ട്രീയത്തിന്റെ പഴി ; ഇടതന്മാര്‍ക്ക് പൊല്ലാപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത ബന്ധുക്കളും മക്കളും

2019-06-27 02:05:38am |

മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്നവരിലേറെയും യു.ഡി.എഫ്. നേതാക്കളാണ്, പ്രത്യേകിച്ചു കോണ്‍ഗ്രസുകാര്‍. രാഷ്ട്രീയത്തിലില്ലാത്ത മക്കളും ബന്ധുക്കളുമൊക്കെ പൊല്ലാപ്പുണ്ടാക്കുന്നതാകട്ടെ ഇടതുനേതാക്കള്‍ക്കും. മകനെതിരായ പീഡനക്കേസിന്റെ പേരില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിക്കുതന്നെ സമൂഹത്തോടു വിശദീകരണം നല്‍കേണ്ടിവന്നു. കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്കോ പാര്‍ട്ടിക്കോ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

രാഷ്ട്രീയപിന്തുടര്‍ച്ചക്കാരായി വാഴിച്ചില്ലെങ്കിലും നേതാക്കളുടെ മക്കള്‍ അധികാരത്തണലില്‍ എവിടെയൊക്കെ എത്തിച്ചേര്‍ന്നു എന്നതാണിപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവചര്‍ച്ചാവിഷയം. സാധാരണക്കാരുടെ മക്കള്‍ ഒരു ജോലിക്കായി അലഞ്ഞുതിരിയുമ്പോഴാണ് പാര്‍ട്ടി സ്ഥാപനങ്ങളിലും വ്യവസായപ്രമുഖരുടെ കമ്പനികളിലും നേതാക്കളുടെ മക്കള്‍ ജീവിതം ഭദ്രമാക്കുന്നത്. രാഷ്ട്രീയവുമായി അകലം പാലിച്ചും പഠനമികവിലൂടെ ജോലി സമ്പാദിച്ചും ഒതുങ്ങിക്കഴിയുന്ന നേതൃസന്തതികളും ഏറെയാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ മക്കളില്‍ മിക്കവര്‍ക്കും ഇപ്പോള്‍ സജീവരാഷ്ട്രീയത്തോടു വലിയ താത്പര്യമില്ല. പൊതുപ്രവര്‍ത്തനത്തേക്കാള്‍, പ്രഫഷണല്‍ തൊഴില്‍ മേഖലകളിലാണ് അവരിലേറെയും. ജി. കാര്‍ത്തികേയന്റെ മരണത്തേത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെ എം.എല്‍.എയായ മകന്‍ കെ.എസ്. ശബരീനാഥനാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസില്‍നിന്നു മക്കള്‍ രാഷ്ട്രീയത്തിലെത്തിയ പ്രമുഖന്‍. ടാറ്റ കമ്പനിയിലെ മികച്ച ജോലി രാജിവച്ചാണ് അദ്ദേഹം അച്ഛന്റെ പാത പിന്തുടര്‍ന്നത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും വിവാദനായകനുമായ ബിനോയ് കോടിയേരി ദുബായില്‍ ടൂറിസം ബിസിനസ് നടത്തുന്നതിനിടെയാണു സാമ്പത്തികത്തട്ടിപ്പുകേസില്‍ ആരോപണവിധേയനായത്. അതിനു പിന്നാലെ, പീഡനക്കേസിലും കുടുങ്ങി. കോടിയേരിയുടെ ഇളയമകന്‍ ബിനീഷ്, പ്രമുഖവ്യവസായി രവി പിള്ളയുടെ സ്ഥാപനത്തില്‍ െവെസ് പ്രസിഡന്റായിരുന്നു. ചലച്ചിത്രനടന്‍ കൂടിയായ ബിനീഷ് ഇപ്പോള്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി ബിസിനസ് നടത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ സി.ഇ.ഒ. ആയിരുന്നു. വീണ ഇപ്പോള്‍ എം.ഡിയായി പ്രവര്‍ത്തിക്കുന്ന, ബംഗളുരുവിലെ എക്‌സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സമീപകാലത്ത് മികച്ച ആസ്തിയുള്ള സ്ഥാപനമായി മാറി. പിണറായിയുടെ മകന്‍ വിവേക് കിരണ്‍ ബര്‍മിങ്ങാം സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. നേടി, അബുദാബിയില്‍ എച്ച്.എസ്.ബി.സി. ബാങ്കില്‍ ജോലിചെയ്യുന്നു. പിണറായി സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കേ, മകനെ ഇംണ്ടില്‍ പഠിപ്പിക്കുന്നതിനെച്ചൊല്ലി വിവാദങ്ങളുയര്‍ന്നിരുന്നു.

മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതു സംബന്ധിച്ച വിവാദം നിയമസഭാസമിതി അന്വേഷിച്ചിരുന്നു. മതിയായ യോഗ്യതയില്ലാതെയാണു നിയമനമെന്നായിരുന്നു ആരോപണം. സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാസ്ഥാപനമായ കേരള സ്‌േറ്ററ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതു ചിറ്റപ്പന്‍കൂടിയായ ഇ.പി. ജയരാജന്റെ വ്യവസായമന്ത്രിസ്ഥാനം തെറിക്കാന്‍ ഇടയാക്കിയിരുന്നു. നിലവില്‍ ചില ബിസിനസ് സ്ഥാപനങ്ങളുടെ പാര്‍ട്ണറാണു സുധീര്‍. ഇ.പി. ജയരാജന്റെ മക്കളായ ജെയ്‌സണും ജിതിനും ഗള്‍ഫില്‍ ബിസിനസുകാരാണ്.

ജിതിന് നാട്ടില്‍ ചില റിസോര്‍ട്ട്, ടൂറിസം സംരംഭങ്ങളിലും പങ്കാളിത്തമുണ്ട്. സി.പി.എം. സംസ്ഥാനസമിതിയംഗം പി. മോഹനന്റെ മകന്‍ ജോലിചെയ്യുന്ന പരസ്യഏജന്‍സിയെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ഏല്‍പ്പിച്ചതും വിവാദമായിരുന്നു. മന്ത്രി കെ.കെ. െശെലജയുടെ മകന്‍ ലസിത് കണ്ണൂര്‍ വിമാനത്താവളത്തിലെ സാങ്കേതികവിഭാഗത്തില്‍ ഉന്നതോദ്യോഗസ്ഥനാണ്. എം.ടെക്. ബിരുദധാരിയാണ്. െശെലജയുടെ മറ്റൊരു മകന്‍ ശോഭിത് എന്‍ജിനീയറിങ് ബിരുദധാരിയാണ്. ഗള്‍ഫില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജെയ്ന്‍രാജ് ഗള്‍ഫിലെ ഫാന്‍സി ഷോപ്പില്‍ സെയില്‍സ്മാനായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്.

മറ്റൊരു മകന്‍ ആശിഷ് രാജ് കേരളത്തിനു പുറത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇരുവരും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ചില അക്രമക്കേസുകളില്‍ അകപ്പെട്ടതോടെയാണു ജയരാജന്‍ ഇടപെട്ട് ഇരുവരെയും നാട്ടില്‍നിന്നു മാറ്റിയത്. സി.പി.എം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ചലച്ചിത്രസംവിധായകന്‍ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ശ്യാംജിത്തും പ്രതിയായിരുന്നു. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്റെ മകന്‍ മഞ്ചേരി കോടതിയില്‍ അഭിഭാഷകനാണ്. മന്ത്രി സി. രവീന്ദ്രനാഥിന്റെ മക്കളായ ഡോ. ലക്ഷ്മിദേവിയും ജയകൃഷ്ണനും വിദേശത്തു ജോലിചെയ്യുന്നു. മന്ത്രി എ.സി. മൊയ്തീന്റെ മകള്‍ ഡോ. ഷീബ തൃശൂര്‍ ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ ഡോക്ടറാണ്. മന്ത്രി ജി. സുധാകരന്റെ മകന്‍ അബുദാബിയില്‍ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥനാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിയുടെ രണ്ടു മക്കളും ബിസിനസ് രംഗത്താണ്. മൂത്തമകന്‍ അനില്‍ ആന്റണി ഐ.ടി. മേഖലയില്‍. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി അനിലിനെ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാനാക്കിയതു പാര്‍ട്ടിയില്‍ത്തന്നെ വിവാദമായി. ആദര്‍ശധീരനായ ആന്റണിയും മക്കള്‍രാഷ്ട്രീയത്തിനു വഴിപ്പെടുന്നുവെന്നായിരുന്നു ആരോപണം. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലും തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളജിലും പഠിച്ച അനില്‍ നിരവധി ഐ.ടി. കമ്പനികളില്‍ പ്രവര്‍ത്തിച്ചശേഷമാണു കെ.പി.സി.സി. ചുമതലക്കാരനായത്. ആന്റണിയുടെ ഇളയമകന്‍ അജിത് പോള്‍ ആന്റണി ചലച്ചിത്രമേഖലയിലാണ്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പഠനകാലം മുതല്‍ രാഷ്ട്രീയരംഗത്തുണ്ട്. എന്നാല്‍, നിയമബിരുദധാരിയായ അദ്ദേഹമിപ്പോള്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു; അമിറ്റി സര്‍വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയുമാണ്. ഉമ്മന്‍ ചാണ്ടിയുടെ മൂത്തമകള്‍ മറിയം, ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഇളയമകള്‍ അച്ചു ഉമ്മന്‍ ഇപ്പോള്‍ യു.എ.ഇയില്‍ ചാര്‍ട്ടേഡ് കണ്‍സള്‍ട്ടന്റാണ്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മക്കള്‍ പഠനരംഗത്തെ മികവിലൂടെയാണു വാര്‍ത്തകളില്‍ നിറഞ്ഞത്. മൂത്തമകന്‍ ഡോ. രോഹിത് അമൃത ആശുപത്രിയില്‍ എം.ഡി. വിദ്യാര്‍ഥി. ഇളയമകന്‍ രമിത്ത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്കുകാരനാണ്. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏകമകള്‍ ഡല്‍ഹിയില്‍ നിയമവിദ്യാര്‍ഥിയാണ്. കെ.പി.സി.സി. മുന്‍അധ്യക്ഷന്‍ വി.എം. സുധീരന്റെ മകന്‍ സരിന്‍ വിദേശത്തു സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍. വിവാഹിതയായ മകള്‍ സലീല തൃശൂരില്‍ കൗണ്‍സലിങ് വിദഗ്ധയാണ്. യു.ഡി.എഫ്. കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹനാന്‍ എം.പിയുടെ മകന്‍ വേണു തോമസും സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണ്. ബെന്നി സ്ഥാനാര്‍ഥിയായ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു മകള്‍ വീണ വിവാഹിതയായത്.

കെ.പി.സി.സി. മുന്‍അധ്യക്ഷന്‍ എം.എം. ഹസന്റെ ഏകമകള്‍ തിരുവനന്തപുരത്തു പ്രീസ്‌കൂള്‍ നടത്തുന്നു. മരുമകന്‍ പ്രമുഖ കമ്പനിയുടെ ദക്ഷിണേഷ്യന്‍ മേധാവി. മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ ഒരു മകള്‍ അമൃതാ ഡെന്റല്‍ കോളജിലും മറ്റേയാള്‍ പ്ലസ്ടുവിനും പഠിക്കുന്നു. മുന്‍മന്ത്രി അടൂര്‍ പ്രകാശ് എം.പിയുടെ മകള്‍ അനന്തപുരി ആശുപത്രിയില്‍ ഡോക്ടറാണ്. കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോയുടെ രണ്ടുമക്കളും ഡോക്ടര്‍മാരാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ രണ്ടുമക്കളും എന്‍ജിനീയറിങ് ബിരുദധാരികള്‍. കെ. സുധാകരന്‍ എം.പിയുടെ മൂത്തമകന്‍ സംജോഗ്, എം.ബി.എ. കഴിഞ്ഞ്, സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്നു. രണ്ടാമത്തെ മകന്‍ സൗരഭ് പാലക്കാട് നെഹ്‌റു കോളജില്‍ പഠനം പൂര്‍ത്തിയാക്കി.

അന്തരിച്ച മുതിര്‍ന്ന യു.ഡി.എഫ്. നേതാക്കളായ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി ലോക്‌സഭാംഗവും ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് നിയമസഭാംഗവുമാണ്. പാര്‍ട്ടിയില്‍ ജോസുമായി ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. ജോസഫിന്റെ മകന്‍ അപ്പു കാര്‍ഷികമേഖലയിലാണ്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിനു ഖത്തറില്‍ സ്റ്റീല്‍ ബിസിനസാണ്. മകള്‍ ലസിത ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ നാലു പെണ്‍മക്കളും വിവാഹിതരാണ്. ആര്‍ക്കും ജോലിയില്ല. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ മൂന്ന് ആണ്‍മക്കളില്‍ രണ്ടുപേര്‍ക്ക് ബിസിനസുകാരാണ്. ഒരാള്‍ സ്വകാര്യ കമ്പനി ജീവനക്കാരന്‍. മകള്‍ക്കു ജോലിയില്ല.