Latest News

ഒളിച്ചുപോയെന്ന് അമ്മ പറഞ്ഞ മകളുടെ മൃതദേഹം കാമുകന്റെ വീടിനടുത്തുള്ള കിണറ്റില്‍; ആത്മഹത്യ ചെയ്തപ്പോള്‍ നാണക്കേടുകൊണ്ട് ഉപേക്ഷിച്ചതാണെന്ന് അമ്മ; മകളെ അന്വേഷിക്കാനെന്ന പേരില്‍ കാമുകനൊപ്പം മുങ്ങിയ അമ്മയെ പോലീസ് പൊക്കി

2019-06-30 06:22:36am |

നെടുമങ്ങാട്: തമിഴ്‌നാട്ടിലേക്ക് ഒളിച്ചുപോയ മകളെ തേടി പോവുകയാണെന്നും പറഞ്ഞ് കാമുകനൊപ്പം മുങ്ങിയ അമ്മയെ പിടികൂടിയപ്പോള്‍ പോലീസിനു കിട്ടിയത് മകള്‍ മരിച്ചുവെന്ന വിവരം. മകള്‍ ആത്മഹത്യ ചെയ്തതാണെന്നും നാണക്കേട് കാരണം നാടുവിട്ടതാണെന്നും അമ്മയുടെ വെളിപ്പെടുത്തല്‍. മരിച്ച മകളുടെ മൃതദേഹം നാലു കിലോമീറ്റര്‍ അകലെ കാമുകന്റെ വീടിനു സമീപമുള്ള കിണറ്റില്‍ തള്ളിയശേഷമാണ് അമ്മ കാമുകനൊപ്പം മുങ്ങിയത്.

നെടുമങ്ങാട് സ്വദേശിനി മീര എന്ന പതിനാറുകാരിയുടെ തിരോധാനമാണ് ഒടുവില്‍ പുറത്തുവന്നത്. ഈ മാസം 11നാണ് മീരയെ കാണാതായത്. മകളെ തേടി തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്നും പോലീസിനെ വിവരം അറിയിക്കേണ്ട എന്നും പറഞ്ഞാണ് അമ്മ പോയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും അമ്മയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ കുട്ടിയുടെ മുത്തച്ഛന്‍ ആണ് ഈ മാസം 17ന് പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് അന്വേഷണത്തില്‍ അമ്മയുടെ മൊബൈല്‍ തിരുപ്പതി ലൊക്കേഷനില്‍ ഉണ്ടെന്ന് കണ്ടെത്തി. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മകള്‍ ആയിരുന്നില്ല അമ്മയുടെ കാമുകനാണ് ഒപ്പമുണ്ടായിരുന്നത്. മകളെ കുറിച്ചുള്ള ചോദ്യത്തിന് പരസ്പര വിരുദ്ധമായി ഇരുവരും മൊഴി നല്‍കിയതോടെയാണ് പോലീസിന് സംശയം ബലപ്പെട്ടത്. കാര്യമായി ചോദ്യം ചെയ്തതോടെ മകള്‍ ആത്മഹത്യ ചെയ്തപ്പോള്‍ നാണക്കേട് കാരണം മൃതദേഹം കിണറ്റില്‍ തള്ളിയെന്നും തങ്ങള്‍ നാടുവിടുകയുമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

പോലീസ് എത്തി കിണല്‍ പരിശോധിക്കുമ്പോഴാണ് നാട്ടുകാര്‍ പോലും സംഭവം അറിയുന്നത്. ജീര്‍ണിച്ച് അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. സിമന്റ് കട്ടകള്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. 19 ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഡി.എന്‍.എ പരിശോധനയിലുടെ മാത്രമേ ആളെ തിരിച്ചറിയാന്‍ കഴിയു.

കുട്ടിയുടെ അമ്മ കാരാന്തല കുരിശടിയില്‍ മഞ്ജു (39)വിനെയും കാമുകന്‍ ഇടമല സ്വദേശി അനീഷി(32)നെയും വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍പ് നെടുമങ്ങാട് കരിപ്പൂരില്‍ താമസിച്ചിരുന്ന ഇവര്‍ കുടുംബത്തോട് അകന്ന് പറങ്ങോട് വാടകവീട്ടിലേക്ക് മാറിയിരുന്നു. ഭര്‍ത്താവുമായി പിണങ്ങി മാറിതാമസിക്കുകയായിരുന്നു മഞ്ജു.

മകള്‍ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയില്‍ അമ്മ ഉറച്ചുനില്‍ക്കുമ്പോള്‍ അമ്മയും യുവാവും തമ്മിലുള്ള ബന്ധത്തിന് മകള്‍ തടസ്സം നിന്നതിനാല്‍ കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നല്ല മഴയുള്ള ദിവസമാണ് സംഭവം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അയല്‍ക്കാര്‍ക്കും അറിയില്ല. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദംകേട്ടുവെന്ന് അയല്‍ക്കാരില്‍ ചിലര്‍ സംശയം പറയുന്നുണ്ട്.

കരിപ്പൂര്‍ സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി മികച്ചനിലയില്‍ പാസായ പെണ്‍കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. മകള്‍ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടിപോയെന്നും അവളെ തിരക്കി തിരുപ്പതിയിലേക്ക് പോവുകയാണെന്നും വീട്ടുകാരോട് പറഞ്ഞശേഷമാണ് അമ്മ പോയതെന്ന് അയല്‍ക്കാര്‍ പറയുന്നു. പോലീസില്‍ വിവരം അറിയിക്കേണ്ട എന്നും വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ വന്നതോടെയാണ് മുത്തച്ഛനും മുത്തശ്ശിയും പോലീസിനെ സമീപിച്ചത്. കുട്ടി സ്വയം കിണറ്റില്‍ ചാടിയതാണെന്ന് കരുതുന്നില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അയല്‍ക്കാര്‍ ആവശ്യപ്പെടുന്നു.